രാത്രിയിലും പകലും പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം ശക്തമാക്കുകയാണ്. പ്രദേശവാസികളും ഇതര സംസ്ഥാന തൊഴിലാളികളും പ്രദേശത്തിനും ഒഴിഞ്ഞ് പോയി. അതിർത്തി ഗ്രാമങ്ങളിലും നഗരങ്ങളും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ബാരാമുള്ളിയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍റെ ഗ്രൌണ്ട് റിപ്പോര്‍ട്ട് വായിക്കാം. 

നിയന്ത്രണ രേഖയില്‍ പാക് ഷെല്ലാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തികൾ ഭേദിച്ച് പാക് ഡ്രോണുകളുമെത്തി. ഇതോടെ കശ്മീര്‍ താഴ്വാര വീണ്ടും സങ്കീർണ്ണമാക്കി. രാജ്യത്തിന്‍റെ വടക്ക് - പടിഞ്ഞാറ് അതിര്‍ത്തികൾ കേന്ദ്രീകരിച്ച് വിപുലമായ ഡ്രോണ്‍ ആക്രമണത്തിനുള്ള പദ്ധതിയാണ് കഴിഞ്ഞ രണ്ട് ദിവസമായി പാകിസ്ഥാന്‍ തടത്തിവരുന്നത്. കശ്മീരിലെ ബാരാമുള്ള മുതല്‍ ഗുജറാത്തിലെ കച്ച് വരെയുള്ള ഇന്ത്യന്‍ മേഖലകളില്‍ അക്രമണം അഴിച്ച് വിടാനുള്ള പാക് ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം നിലം തൊടും മുമ്പ് തന്നെ തകര്‍ത്തെറിഞ്ഞു. രാജ്യത്തിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് അതിര്‍ത്തി കടന്നെത്തിയ ഓരോ ഡ്രോണിനെയും നിർവീര്യമാക്കി. 

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജമ്മുകശ്മീരില്‍ പല ഇടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബദ്ഗാം ഉൾപ്പെടെയുള്ള സ്ഥലങ്ങളില്‍ കടകളടക്കം എല്ലാം അടഞ്ഞ് കിടക്കുകയാണ്. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നും വീണ്ടും ഡ്രോണ്‍ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. അതിര്‍ത്തി ഗ്രാമങ്ങളിലും ശ്രീനഗർ അടക്കമുള്ള നഗരങ്ങളിലും അതീവ സുരക്ഷ ഏര്‍പ്പെടുത്തി. ശ്രീനഗർ എയര്‍പോർട്ടിന് സമീപം ഇന്ന് പകല്‍ മൂന്ന് തവണ ഉഗ്രസ്ഫോടന ശബ്ദം കേട്ടു. പാക് ഡ്രോണിനെ തകര്‍ത്ത ശബ്ദാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ഔദ്ധ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഡാല്‍ തടാകത്തിൽ ഉഗ്രസ്ഫോടനത്തോടെ ഒരു വസ്തു വീണു. പിന്നീട് ഇത് സൈനീകര്‍ പുറത്തെടുത്തു. ഒരു പാക് ഡ്രോണിന്‍റെ അവശിഷ്ടമായിരുന്നു അത്. 

ഇന്നലെ രാത്രി എട്ടരയോടെയാണ് ബാരാമുള്ള ഉൾപ്പെടെയുള്ള പ്രദേശങ്ങളില്‍ വലിയ രീതിയിലുള്ള ശബ്ദവും ഒപ്പം സൈറണും മുഴങ്ങിയത്. ആദ്യ ഘട്ടത്തില്‍ സ്ഫോടന ശബ്ദം കേട്ടപ്പോൾ അത് അതിര്‍ത്തിക്ക് സമീപത്തുള്ള പാക് വെടിവെപ്പാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍, പിന്നീടാണ് അത് പാക് ഡ്രോണുകൾ ഇന്ത്യന്‍ സേവ തകർക്കുന്നതിന്‍റെ ശബ്ദമാണെന്ന് ബാരാമുള്ളക്കാര്‍ തിരിച്ചറിഞ്ഞത്. ഏതാണ്ട് 10 ല്‍ അധികം പാക് ഡ്രോണുകൾ ബാരാമുള്ളയ്ക്ക് സമീപം എത്തിയെന്നാണ് ആദ്യം ലഭിക്കുന്ന സൂചനകൾ. എന്നാല്‍ അതിര്‍ത്തി കടന്ന് എത്ര ഡ്രോണികളെത്തിയെന്നതിന് ഇതുവരെ ഔദ്ധ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നാല്‍, ഇന്നലെ രാത്രി മുഴുവനും ബാരാമുള്ളയ്ക്ക് ചുറ്റുപാട് നിന്നും നിരവധി തവണ സ്ഫോടന ശബ്ദം ഉയർന്നു. ഇന്നലെ രാത്രിയില്‍ തുടങ്ങി ഏതാണ്ട് പുലര്‍ച്ചവരെ ഇത് തന്നെയായിരുന്നു ബാരാമുള്ളയിലെ അവസ്ഥ. 

ഇതിനിടെ ബദ്ഗാം ഉൾപ്പെടെ ശ്രീനഗർ വിമാനത്താവള മേഖലയിൽ ഇന്ന് മൂന്ന് തവണ വലിയ സ്ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാത്രി മുതൽ തന്നെ പ്രദേശത്ത് സ്ഥിതിഗതികൾ സങ്കീർണമാണ്. പാക്കിസ്ഥാൻ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ച സാഹചര്യത്തിൽ ഇവിടെ അതീവ ജാഗ്രത പ്രഖ്യാപിച്ചു കഴിഞ്ഞു. കടകളടക്കം നഗരത്തിലെ കെട്ടിടങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. പ്രദേശത്ത് നിന്നും സാധാരണക്കാര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. മിക്കവരും ബന്ധുമിത്രാദികളുടെ വീടുകളിലേക്കാണ് പോയത്.

കാശ്മീർ താഴ്വരയിലെ അതിർത്തി ഗ്രാമങ്ങളിൽ സാഹചര്യങ്ങൾ സങ്കീർണമായതോടെ ഇവിടേക്ക് ജോലിക്കായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികളും മടങ്ങുകയാണ്. ഉറി, കുപ്വാര മേഖലകളിൽ ജോലിക്ക് എത്തിയ ബീഹാർ, യുപി സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കൂട്ടത്തോടെ നാടുകളിലേക്ക് തിരികെ പോകുന്നത്. പാക്ക് ഷെല്ലിംഗ് ശക്തമായതോടെ സുരക്ഷാ ഭീഷണിയുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതിന് ശേഷം തിരികെ എത്താമെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്. ബാരാമുള്ള റെയില്‍വേ സ്റ്റേഷനില്‍ തൊഴിലാളികൾ സ്വന്തം നാടുകളിലേക്കുള്ള വണ്ടിയും കാത്തിരിക്കുന്നു.