ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനിന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നു. അതിര്‍ത്തിയില്‍ വീണ്ടും സമാധാനം. പക്ഷേ, ഗ്രാമങ്ങളിലെ തക‍ർന്ന വീടുകളേക്ക് പോകാനിരിക്കുന്ന കുട്ടികൾ.... കശ്മീര്‍ താഴ്വാരയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട‍ർ  ധനേഷ് രവീന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. വായിക്കാം. 


തിർത്തി ശാന്തമാണ്. പക്ഷേ, അതിർത്തി പ്രദേശങ്ങളിൽ മറ്റൊരു പ്രതിസന്ധിയുയരുന്നു. പൊട്ടാതെ കിടക്കുന്ന പാക് ഷെല്ലുകൾ. ഒന്നും രണ്ടുമല്ല, 20 ഓളം ഗ്രാമങ്ങളിലാണ് പാക് ഷെല്ലുകൾ പൊട്ടാതെ കിടക്കുന്നത്. ഇത് ഓരോന്നും കണ്ടെത്തി നിർവീര്യമാക്കുകയാണ് സുരക്ഷാ സേന. അതിന് ശേഷം മാത്രമേ ജനങ്ങൾക്ക് ഗ്രാമങ്ങളിലേക്ക് മടങ്ങാനാകൂ. അല്ലാത്ത പക്ഷം, ഗ്രാമങ്ങളില്‍ നിശബ്ജമായ കൊലയാളിയായി പാക് ഷെല്ലുകൾ കിടക്കും. 

ബാരാമുള്ള, കുപ്‍വാര ജില്ലകളിലെ അതിർത്തി ഗ്രാമങ്ങളിലാണ് സുരക്ഷാ സേന നടപടികൾ ഊർജ്ജിതമാക്കിയത്. ഉറിയിലെ ആറ് ഗ്രാമങ്ങളിലെ സ്ഫോടക വസ്തുക്കൾ സേവ നിർവീര്യമാക്കിക്കഴിഞ്ഞു. ഈ ഗ്രാമങ്ങളിലേക്ക് ജനങ്ങളോട് തിരികെ പോകാന്‍ സേന നിർദ്ദേശം നല്‍കി. കുപ്‍വാരയിൽ കർണ്ണാ സെക്ടറുകളിൽ പരിശോധനകൾ തുടരുകയാണ്. വൈകാതെ ഈ ഗ്രാമങ്ങളിലെ ജനങ്ങൾക്കും വീടുകളിലേക്ക്... അറിയില്ല, അത് ഇപ്പോൾ എങ്ങനെയായിരിക്കുമെന്ന്. തിരിച്ച് പോകാമെന്ന സേനയുടെ അറിയിപ്പ് കിട്ടുമ്പോൾ മുതല്‍ അടുത്ത ആശങ്ക തുടങ്ങും. ഇന്നലെ വരെ അന്തിയുറങ്ങിയ വീടിന് എന്തു പറ്റിയിട്ടുണ്ടാകും. അതവിടെ അതുപോലെയുണ്ടോ? അതോ... ഒരു പിടി ചാരമായോ? 

വീടുകൾ നിന്നിടത്തേക്ക്...

കുപ്‍വാരയുടെ അതിർത്തി പ്രദേശമായ തങ്കാറിലെ ജനങ്ങൾ സുരക്ഷാ സേനയുടെ നിർദ്ദേശമനുസരിച്ച് ഗ്രാമങ്ങളിലേക്ക് മടങ്ങി. കുപ്‍വാരയിലെ സുരക്ഷാ കേന്ദ്രത്തില്‍ നിന്നും 25 ഓളം ബസുകളിലായാണ് ഗ്രാമവാസികൾ മടങ്ങിയത്. ഗ്രാമങ്ങിലേക്ക് തിരിച്ച് പോകുന്നവര്‍ക്കാവശ്യമായ എല്ലാ സൌകര്യങ്ങളും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി. പലര്‍ക്കും ഇട്ടിരുന്ന വസ്ത്രം മാത്രമാണ് സ്വന്തമായി ഉണ്ടായിരുന്നത്. പതിറ്റാണ്ടുകളായി അന്തിയുറങ്ങിയ വീടുകള്‍ നിലംപൊത്തി. 

വീടുകൾ നഷ്ടപ്പെട്ടവര്‍ക്ക്. അവരുടെ വീടുകളുടെ സമീപത്തായി താത്കാലിക ഷെഡ്ഡുകൾ സുരക്ഷാ സേന തയ്യാറാക്കി നല്‍കിയിട്ടുണ്ട്. അവിടേക്കാകും കുടുംബങ്ങൾ താമസിക്കാനെത്തുക. അധികം വൈകാതെ സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ വീടുകളുടെ പണി പുനരാരംഭിക്കുമെന്നാണ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. 

(ക്യാമ്പുകളില്‍ കഴിയുന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള കുട്ടികൾ)

ഉറക്കം കെടുത്തുന്ന ഭീതി 

ഷെല്ലാക്രമണം രൂക്ഷമായപ്പോൾ പ്രാണരക്ഷാര്‍ത്ഥം ബങ്കറുകളിലേക്ക് മാറി. അവിടെ വച്ച് സ്വന്തം വീട് കത്തിയമരുന്ന ശബ്ദം കേട്ടെന്ന് തങ്കറില്‍ നിന്നുള്ള ഗ്രാമവാസികൾ വേദനയോടെ ഞങ്ങളോട് പങ്കുവച്ചു. കർണാ സെക്ടറിലെ ജനങ്ങൾക്ക് ഗ്രാമങ്ങളിലേക്ക് മടങ്ങാനാകില്ല. അവിടെ സ്ഥിതിഗതികൾ പൂർണ്ണമായും സൈന്യത്തിന്‍റെ നിയന്ത്രണത്തിലായതിന് ശേഷം മാത്രമേ, ഗ്രാമീണരെ കടത്തിവിടുകയൊള്ളൂവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

ഭയം നിറഞ്ഞ കുട്ടികൾ

ഉറിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണം ഒരു ജീവിതക്കാലം മറക്കാത്ത ഭീതിയാണ് അതിർത്തി ഗ്രാമങ്ങളിലെ കുട്ടികൾക്ക് നൽകിയത്. ഉയർന്നും കേട്ട പാക് ഷെല്ലിങിംഗില്‍ ഉറക്കം നഷ്ടപ്പെട്ട രാത്രികൾ, പകലുകൾ... ബന്ധുവീടുകളില്‍, സുരക്ഷാ കേന്ദ്രങ്ങളില്‍ ഭയത്തോടെ കഴിഞ്ഞ ദിവസങ്ങൾ... 

കഴിഞ്ഞ ദിവസം വരെ സ്കൂൾ വിട്ട് ഓടിയെത്തിയിരുന്ന വീട് നഷ്ടമായി. കളിപ്പാട്ടങ്ങളും പാഠപുസ്തകവും കത്തിയമർന്നു. തൽക്കാലിക ക്യാമ്പിൻ്റെ സുരക്ഷിതത്വത്തിൽ കഴിയുമ്പോഴും എപ്പോൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാനാകുമെന്ന് ഈ കുരുന്നുകൾക്കറിയില്ല. 

(ഫൈസാനും സഹോദരിയും)

ഫൈസാൻ

മിടുക്കനാണ് ഫൈസാൻ. ഉറിയില സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി. നന്നായി പാട്ടുപാടും. സ്കൂളിലും ഒന്നാമൻ. ബാരാമുള്ളയിലെ ഡിഗ്രി കോളേജിലെ താൽക്കാലിക ക്യാമ്പിൽ എത്തിയപ്പോഴാണ് കൊച്ചു മിടുക്കനെ ആദ്യം കണ്ടത്. ക്യാമ്പിലെ അനവധി കുട്ടികൾക്ക് നേതാവായി എല്ലാത്തിനും ഒപ്പമുണ്ടാകും. ഉറിയിലെ പാക് ഷെല്ലാക്രമണത്തിൽ ഫൈസാൻ്റെ വീടിനും കേടുപാടുകൾ പറ്റി. വെടിയൊച്ച കേട്ട്, പേടിച്ച് , അമ്മയെ കെട്ടിപ്പിടിച്ച് ഫൈസാനും ഒളിച്ച് നിന്നു. ഉള്ളിൽ നിറഞ്ഞ പേടിയിൽ നിന്ന് മോചിതനാകുന്നതേയുള്ളൂ. എന്താണ് ഞങ്ങൾ ചെയ്ത് തെറ്റെന്ന് ആ 12 -കാരൻ ചോദിക്കുമ്പോൾ. ഉത്തരമില്ലാതെയാകുന്നു. അതിർത്തിയിലെ മനുഷ്യർക്ക് സമാധാനമാണ് വേണ്ടതെന്ന് ആ കുരുന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്നു.

YouTube video player

ഉറിയിലും സമീപ പ്രദേശങ്ങളിലുമായി സ്ത്രീകളും കുട്ടികളുമായി ആയിരത്തിലധികം പേരാണ് നിലവിൽ ബാരമുള്ളയിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. നിർത്താതെയുള്ള വെടിവെപ്പും ഷെൽ ആക്രമണത്തിനുമിടെ ഉയരുന്ന നിലവിളികളും മാത്രമാണ് ആ രാത്രിയിൽ അവരെല്ലാവരും കേട്ടത്. കുട്ടികളെ ചേർത്തിരുത്തി ബങ്കറുകളിൽ ഒരു രാത്രി ഉറങ്ങാതെ കഴിയേണ്ടിവന്നു. പ്രിയപ്പെട്ട എല്ലാ ഉപേക്ഷിച്ച് കൈയിൽ കിട്ടിയതെല്ലാം വാരിയെടുത്ത് സഹോദരിമാരെ ചേർത്തു പിടിച്ച് ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ടുവന്നത് പതിനൊന്നാം ക്ലാസുകാരി നസ്രീൻ ഭയത്തോടെയാണ് വിവരിച്ചത്.

എന്നാണ് ഇനി മടക്കമെന്ന് ചോദിച്ചാൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഉത്തരമില്ല. എല്ലാം നഷ്ടമായിടത്തേക്ക് വെറും കൈയുമായി തിരികെ പോകുമ്പോൾ ബാക്കിയുള്ളത് ഒരു പിടി ചാരം മാത്രമാണ്. വീണ്ടും ഒന്നിൽ നിന്നും ജീവിതം തുടങ്ങാന്‍ വിധിക്കപ്പെട്ടവര്‍. ഇനി ഗ്രാമത്തിലെത്തിയാല്‍ ഓരോ ഇഞ്ചും ശ്രദ്ധിച്ച് വേണം ചുവട് വയ്ക്കാന്‍, കുറച്ച് കാലത്തേക്കെങ്കിലും.രാത്രികളില്‍ നിർത്താതെയുള്ള പാക് ഷെല്ലാക്രമണം അവശേഷിപ്പിച്ച ആയുധങ്ങളുടെ അവശിഷ്ടങ്ങൾ ഒരു നിശബ്ദകെണിയായി കിടപ്പുണ്ടാകും. സുരക്ഷ സേന ഓരോ ഗ്രാമവും അരിച്ച് പെറുക്കുന്നുണ്ടെന്നതാണ് ഏക ആശ്വാസം.