എല്ലാ ജോലികളും കരാറും ഉപകരാറുകളും നല്‍കും. ആദ്യമൊക്കെ പണം നല്‍കി. പിന്നീട് സേവനം കൈപറ്റിയെങ്കിലും ഗുണമേന്മയില്ലെന്ന് പറഞ്ഞ് പണം തടഞ്ഞുവച്ചു. ഇതോടെ പാപ്പരായത് ചെറുകിട കമ്പനികൾ. വായിക്കാം ലോകജാലകം

ക്ഷം കോടികളുടെ ആസ്തിയുള്ള വ്യവസായ സാമ്രാജ്യമാണ് ഇലൺ മസ്കിന്‍റെ ടെസ്ല. പക്ഷേ, അത് പണിതുയർത്തിരിക്കുന്നത് ചെറുകിട വ്യവസായങ്ങളുടെ രക്തമൊഴുക്കിക്കൊണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാവും. കരാർ നൽകും, ഓരോ ജോലികൾക്ക്. കൂലി നൽകില്ല. നൂറുകണക്കിന് ചെറുകിട സ്ഥാപനങ്ങൾ കടക്കെണിയിൽ മുങ്ങിത്താഴുകയാണിപ്പോൾ. ചിലർക്ക് മസ്കിനെതിരായി നീങ്ങാൻ ഭയം. ചിലർ പാപ്പർ ഹർജി ഫയൽ ചെയ്തു. മറ്റു ചിലർ കോടതിയിൽ പോയി. അവരെയും പക്ഷേ, കോടീശ്വരനായ മസ്ക് പറ്റിക്കുകയാണ്. വിശദമായ കണക്കുകളും പറ്റിക്കപ്പെട്ടവരേയും കുറിച്ച് ഇപ്പോൾ സിഎന്‍എന്‍ അടക്കം എഴുതിത്തുടങ്ങിയിരിക്കുന്നു.

എല്ലാം കരാര്‍

ടെക്സസിലെ ഓസ്റ്റിനിലാണ് ടെസ്ല ഗിഗാ ഫാക്ടറി. 10 മില്യൻ ചതുരശ്രഅടി വിസ്തീർണമുള്ള ഫാക്ടറി. അത് നിർമ്മിക്കാൻ ടെസ്ല കരാറുകാരെയാണ് ഏൽപ്പിച്ചത്. പൈപ്പ് വെൽഡിംഗ് പോലുള്ള ജോലികൾ ചെറുകിട വ്യവസായ സ്ഥാപനങ്ങൾ ഏറ്റെടുത്തു. പ്ലംബിഗ്, പെയിന്‍റിംഗ്, ചെറിയ റോബോട്ടുകൾ, ഇതിനെല്ലാം കരാറുകാരെ കണ്ടെത്തി. ടെക്സസിൽ തന്നെ സ്റ്റാർലിങ്കിന്‍റെ പ്രോജക്ട് ഇക്കോയ്ക്ക് വേണ്ടി സ്പേസ് എക്സും തൊഴിലാളികളെ എടുത്തു, എല്ലാം കരാറിൽ. മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോഴും സ്വകാര്യ ജെറ്റ് വിമാനങ്ങൾ മുതൽ ശുചീകരണത്തൊഴിലാളികളെ വരെ ഏൽപ്പിച്ചു, അതും കരാറിൽ. ചെറുകിട സ്ഥാപനങ്ങൾ ടെസ്ലയുമായി കരാറിലേർപ്പെട്ടത് സ്വപ്ന പദ്ധതിയായി കണക്കാക്കിയാണ്. ലക്ഷക്കണക്കിന് വായ്പയെടുത്തു, കൂടുതൽ ജോലിക്കാരെ നിയമിച്ചു, തുടക്കത്തിൽ അവരുടെ ബിസിനസും വളർന്നു. അതിനതിന് ചെലവും കൂടി.

പണം തടഞ്ഞ് വയ്ക്കുന്നു

ടെസ്ല ഒരു സുപ്രഭാതത്തിൽ പണം കൊടുക്കുന്നത് നിർത്തിവച്ചു. അതോടെ ചെറുകിടക്കാർ അമ്പരന്നു. അവരുടെ തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാനാവാത്ത അവസ്ഥയായി പല‍ർക്കും. രണ്ട് സ്ഥാപനങ്ങളെങ്കിലും പൂട്ടി എന്നാണ് ചില സൈറ്റുകളിലെ റിപ്പോർട്ട്. ചിലർ കോടതിയിലെത്തി. ലിയൻസ് (Liens) ഫയൽ ചെയ്തു, കടം തിരിച്ചുകിട്ടിയില്ലെങ്കിൽ ആസ്തി പിടിച്ചെടുക്കാനുള്ള നടപടി. പക്ഷേ, ടെസ്ലയോടാണ് ഏറ്റുമുട്ടിയത്. ചിലർക്ക് ചെറിയ തുകകൾ തിരിച്ചുകൊടുത്തു. അത്, ചെയ്ത ജോലിക്ക് അല്ലെങ്കിൽ സപ്ലൈ ചെയ്ത ഉൽപ്പന്നങ്ങൾക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടെസ്ല വാദിച്ച് ജയിച്ചത്. അതുകൊണ്ട് തിരിച്ചുകൊടുക്കേണ്ടിവന്നത് നിസ്സാര തുക. അവർ വായ്പയെടുത്തതിന്‍റെ ചെറിയൊരു ശതമാനം. കേസുകൾ പരസ്യമായപ്പോഴാണ് ഒത്തുതീർപ്പിന് ടെസ്ല തയ്യാറായത്. ഇങ്ങേയറ്റം ടെസ്ല ഫാക്ടറിയിൽ ഇന്ധനം എത്തിച്ചതിന്‍റെ പണം പോലും കൊടുത്തില്ല. എന്തുകൊണ്ട്? എന്നതിന് ഒരടുക്ക് കാരണങ്ങളും പറഞ്ഞു മസ്കിന്‍റെ കമ്പനി. ഇതാണത്രെ ഇലൺ മസ്കിന്‍റെ രീതി.

കേസ്

ട്വിറ്റർ എക്സാക്കിയപ്പോഴത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഏൽപ്പിച്ച കമ്പനികളിൽ ഏഴെണ്ണമാണ് ലിയൻസ് ഫയൽ ചെയ്തിരിക്കുന്നത്. ജോലി ഏൽക്കും മുമ്പ് അഭിഭാഷകരെ നിയമിക്കണമായിരുന്നു എന്നിപ്പോൾ ചിലർക്ക്, കുറ്റബോധം തോന്നുന്നു. ചിലർ കേസ് മതിയാക്കി. ധാരണയായെന്നാണ് നിഗമനം. കേബിളിംഗ് ജോലി ചെയ്ത ഫുൾ സർക്കിൾ (Full Circle) എന്ന കcdhനിയുടെ ഉപകരാറുകാരിൽ ഒന്ന് ലിയൻസ് കൊടുത്തു. ടെസ്ല തിരിച്ച് കേസുകൊടുത്തു. അത് തങ്ങള്‍ ഉപയോഗിച്ചില്ല എന്നവകാശപ്പെട്ട്. ഒടുവിൽ ഒത്തുതീർപ്പായി. ഫുൾ സർക്കിൾ പാപർ ഹർജി ഫയൽ ചെയ്തു. അതിൽ ടെസ്ല അവകാശമുന്നയിച്ചു. കരാർ ലംഘിച്ചതിന് തങ്ങൾക്ക് പണം തരണമെന്ന് ആവശ്യപ്പെട്ട്. ഒടുവിൽ ഒത്തൂതീർപ്പ്. ടെസ്ല ഒരു പൈസ പോലും നൽകാതെ കേസിൽ നിന്നൂരി.

(ജെന്നിഫർ മൈസ്‌നര്‍)

ഒത്തുതീർപ്പ്

പൈപ്പ് വെൽഡിംഗ് കമ്പനിയായ പ്രൊഫഷണൽ പ്രോസെസ് പൈപ്പിംഗ് (Professional process piping) ഉടമ ജെന്നിഫർ മെയ്സ്നറമായി (Jennifer Meissner) സംസാരിച്ചു സിഎന്‍എന്‍ പ്രതിനിധി. ടെസ്ല കരാറേറ്റെടുത്ത ജെന്നിഫറിന് കിട്ടാതെ ബാക്കിയായത് 10 ലക്ഷത്തിലേറെ ഡോളറാണ്. കേസ് കൊടുക്കാൻ പോലും പണമില്ലാതെയായി. പാപ്പർ ഹർജി ഫയൽ ചെയ്ത ശേഷം സമ്പാദ്യം മുഴുവനെടുത്ത്, ഭൂമിയും വിറ്റ്, മകളുടെ ന‍ൃത്തപഠനം വരെ നിർത്തിയിട്ടാണ് കേസ് നടത്തിയത്. ഒടുവിൽ ടെസ്ലയുമായി ധാരണയിലെത്തി. ബിൽ കൂട്ടിയിട്ടെന്നും നിലവാരം കുറഞ്ഞ സേവനം നൽകിയെന്നും സമ്മതിക്കേണ്ടി വന്നു. അങ്ങനെ പ്രൊഫഷണൽ പ്രോസെസ് പൈപ്പിംഗിന്‍റെ ഉപകരാറുകാർക്ക് ടെസ്ല ആറര ലക്ഷം ഡോള‌ നൽകി. പക്ഷേ, മെസ്നറുടെ കടമെല്ലാം ബാക്കിയാണ്. ഇപ്പോൾ രണ്ട് ജോലികൾ ചെയ്യുന്നു, കടം വീട്ടാൻ പാടുപെടുന്നു. അതുപോലെ പലരുണ്ട്, ടെസ്ലയുടെയും എക്സിന്‍റെയും സ്റ്റാർലിങ്കിന്‍റെയും വഴികളിൽ ചോരപ്പാടുകളായി. മസ്കിന്‍റെ ബിസിനസ് രീതി അതാണെന്ന് പറയുന്നു കേസുകൾ നടത്തുന്ന അഭിഭാഷകരും.