ഗൗതം അദാനി മുകേഷ് അംബാനിയെ മറികടന്ന് വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം, അദാനി ഗ്രൂപ്പ് ഓഹരികളിലെ മുന്നേറ്റം അദ്ദേഹത്തിന്റെ ആസ്തി 8.61 ലക്ഷം കോടി രൂപയായി ഉയർത്തിയപ്പോൾ, റിലയൻസ് ഓഹരികളിലെ ഇടിവ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി. 

ന്ത്യന്‍ വ്യവസായ ലോകത്തെ കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തില്‍ മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയിലെ പുതിയ കണക്കുകള്‍ പ്രകാരം, അദാനിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 8.61 ലക്ഷം കോടി രൂപയാണ് (92.6 ബില്യണ്‍ ഡോളര്‍) അദാനിയുടെ ആസ്തി. ഇതോടെ അദ്ദേഹം ഏഷ്യയില്‍ ഒന്നാമതും ലോക സമ്പന്നരുടെ പട്ടികയില്‍ 19-ാം സ്ഥാനത്തും എത്തി. ദീര്‍ഘകാലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനി 8.44 ലക്ഷം കോടി രൂപയുടെ (90.8 ബില്യണ്‍ ഡോളര്‍) ആസ്തിയുമായി ഏഷ്യയില്‍ രണ്ടാം സ്ഥാനത്തായി. ലോകപട്ടികയില്‍ അദ്ദേഹം 20-ാമതാണ്.

ഈ വര്‍ഷത്തെ ഓഹരി വിപണിയിലെ പ്രകടനമാണ് അദാനിക്ക് നേട്ടമായത്. ഈ വര്‍ഷം മാത്രം അദാനിയുടെ സമ്പാദ്യത്തില്‍ 75,330 കോടി രൂപയുടെ (8.1 ബില്യണ്‍ ഡോളര്‍) വര്‍ധനവുണ്ടായി. അദാനി ഗ്രൂപ്പ് ഓഹരികളുടെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കരുത്തായത്. ഇതേ കാലയളവില്‍ മുകേഷ് അംബാനിയുടെ ആസ്തിയില്‍ 1.57 ലക്ഷം കോടി രൂപയുടെ (16.9 ബില്യണ്‍ ഡോളര്‍) കുറവുണ്ടായി. റിലയന്‍സ് ഓഹരികളിലെ ഏറ്റക്കുറച്ചിലുകളാണ് ഇതിന് കാരണം. കഴിഞ്ഞ വ്യാഴാഴ്ച മാത്രം അദാനിയുടെ സമ്പാദ്യം 33,108 കോടി രൂപ (3.56 ബില്യണ്‍ ഡോളര്) വര്‍ധിച്ചു. ഇതേസമയം അംബാനിയുടെ ആസ്തിയില്‍ 713 കോടി രൂപയുടെ നേരിയ മാറ്റം മാത്രമാണുണ്ടായത്.

2026-ല്‍ ലോകത്തെ വമ്പന്‍ ധനികരില്‍ പലര്‍ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രമുഖ വ്യവസായി ബെര്‍ണാഡ് അര്‍നോള്‍ട്ടിന് മാത്രം 4.09 ലക്ഷം കോടി രൂപയാണ് ഈ വര്‍ഷം നഷ്ടപ്പെട്ടത്. ബില്‍ ഗേറ്റ്‌സ്, വാരന്‍ ബഫറ്റ് എന്നിവരും നഷ്ടം നേരിട്ടവരുടെ പട്ടികയിലുണ്ട്. അതേസമയം, ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി ടെസ്ല തലവന്‍ ഇലോണ്‍ മസ്‌ക് നിലനിര്‍ത്തി. 65,600 കോടി ഡോളറാണ് മസ്കിന്റെ ആസ്തി. ലാറി പേജിന്റെ 28,600 കോടി ഡോളറായി. ജെഫ് ബെസോസ്, സെര്‍ജി ബ്രിന്‍, മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. അദാനിയും അംബാനിയും തമ്മിലുള്ള ആസ്തി വ്യത്യാസം നിലവില്‍ കുറവായതിനാല്‍, വരും ദിവസങ്ങളിലെ ഓഹരി വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് റാങ്കിംഗില്‍ ഇനിയും മാറ്റങ്ങള്‍ വരാം.