പശ്ചിമേഷ്യയിലെ യുദ്ധഭീതിയെ തുടർന്ന് ആഗോള എണ്ണവില കുതിച്ചുയർന്നത് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ചയ്ക്ക് വഴിവെച്ചു. സെൻസെക്സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞതോടെ നിക്ഷേപകർക്ക് 8 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. എണ്ണവില വർധനയും രൂപയുടെ മൂല്യത്തകർച്ചയും ബാങ്കിങ്, റിയൽറ്റി ഉൾപ്പെടെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചു.

പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആഗോള എണ്ണവില കുതിച്ചുയര്‍ന്നതാണ് വിപണിയെ പിടിച്ചുലച്ചത്. വ്യാപാരം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് 8 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.

വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സ് 1,569.80 പോയിന്റ് (2.02%) ഇടിഞ്ഞ് 75,980.45 എന്ന നിലയിലെത്തി. നിഫ്റ്റി 463.70 പോയിന്റ് (1.93%) താഴ്ന്ന് 23,586.90-ലുമാണ് വ്യാപാരം ആരംഭിച്ചത്. വിപണിയിലെ 2,246 ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ 617 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ മൂല്യം 451 ലക്ഷം കോടിയില്‍ നിന്ന് 443 ലക്ഷം കോടിയായി കുത്തനെ ഇടിഞ്ഞു.

എണ്ണവില 100 ഡോളര്‍ കടന്നു; രൂപയ്ക്ക് തിരിച്ചടി

ഇറാനിയന്‍ തുറമുഖങ്ങള്‍ ഉപരോധിക്കാനുള്ള അമേരിക്കയുടെ നീക്കമാണ് എണ്ണവില ഉയരാന്‍ കാരണം.

ബ്രെന്റ് ക്രൂഡ്: 7 ശതമാനം ഉയര്‍ന്ന് 102.29 ഡോളറിലെത്തി.

യുഎസ് ക്രൂഡ്: 8 ശതമാനം വര്‍ധിച്ച് 104.24 ഡോളറായി.

ഇതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 55 പൈസ ഇടിഞ്ഞ് 93.28 എന്ന നിരക്കിലെത്തി. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിക്കുന്നതും വിപണിയിലെ അനിശ്ചിതത്വവും രൂപയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

എല്ലാ മേഖലകളിലും തകര്‍ച്ച

ബാങ്കിങ്, റിയല്‍റ്റി മേഖലകളാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.

പൊതുമേഖലാ ബാങ്കുകള്‍, റിയല്‍റ്റി: 3 ശതമാനത്തിലേറെ ഇടിവ്.

ഐടി മേഖല: വന്‍തോതിലുള്ള വിറ്റഴിക്കലിനെത്തുടര്‍ന്ന് ടിസിഎസ് , ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക് എന്നീ മുന്‍നിര ഓഹരികള്‍ ഒരു ശതമാനത്തിലധികം താഴ്ന്നു.

എണ്ണക്കമ്പനികള്‍: എണ്ണവില വര്‍ധനയെത്തുടര്‍ന്ന് എച്ച്പിസിഎല്‍ (5.4%), ബിപിസിഎല്‍ (5%), ഐഒസിഎല്‍ (3.7%) എന്നീ ഓഹരികള്‍ കനത്ത നഷ്ടം രേഖപ്പെടുത്തി.

സ്വര്‍ണവിലയില്‍ ഇടിവ്

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ 2.2 ശതമാനത്തിന്റെ കുറവുണ്ടായി. യുഎസ്-ഇസ്രായേല്‍ സംഘര്‍ഷം ആരംഭിച്ച ഫെബ്രുവരി മുതല്‍ സ്വര്‍ണവിലയില്‍ 11 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.