കാണുന്ന പ്രേക്ഷകന് റിലേറ്റ് ചെയ്യാൻ പറ്റുന്ന ചെറിയ നോട്ടങ്ങളിലൂടെയും സ്വഭാവികമായ തമാശകളിലൂടെയും വലിയ ചിരിയുണ്ടാക്കുന്ന പഴയ നിവിൻ പോളിയെ ഫ്രഷായി അവതരിപ്പിക്കുകയാണ് സർവ്വം മായയിലൂടെ അഖിൽ സത്യൻ.

 പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് സർവ്വം മായ. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമ ആദ്യം അഖിൽ ആലോചിച്ചത് നിവിൻ പോളിക്ക് വേണ്ടിയായിരുന്നു. അഖിലിന്റെ കഥാപരിസരങ്ങൾക്ക് ചേരുംപടി ചേരുന്ന നടനാണ് നിവിൻ പോളി. സിനിമയുടെ ഏറ്റവും വലിയ സവിശേഷതയും ആരാധകർ കാണാൻ ആഗ്രഹിക്കുന്ന സുഭാവിക നർമ്മം കൈകാര്യം ചെയ്യുന്ന പഴയ നിവിനായി നിവിൻ പോളിയെ കാണാനായി എന്നതാണ്. നിവിൻ പോളി അവതരിപ്പിക്കുന്ന പ്രഭേന്ദു നമ്പൂതിരിയെന്ന നിരീശ്വരവാദിയായ ഗിറ്റാറിസ്റ്റിന് നേരിടേണ്ടി വരുന്ന ഫാന്റസി നിറഞ്ഞ ചില സംഭവങ്ങളിലൂടെയാണ് സർവ്വം മായ എന്ന സിനിമയുടെ കഥ വികസിക്കുന്നത്.

നിവിൻ പോളി അവതരിപ്പിക്കുന്ന പ്രഭേന്ദു എന്ന കഥാപാത്രത്തിന്റെ പേരിൽ നിന്ന് തുടങ്ങുന്ന ഒരുപാട് രസകരമായ തമാശകൾ സിനിമകളിലുണ്ട്. ഒരു നിരീശ്വരവാദിയായ ചെറുപ്പക്കാരന് സാഹചര്യങ്ങളുടെ സമ്മർദം കൊണ്ട് പൂജകർമ്മങ്ങൾ ചെയ്യേണ്ടിവരുമ്പോഴുണ്ടാവുന്ന നിസ്സഹായത വളരെ സ്വഭാവികമായാണ് നിവിൻ അവതിരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ വരുന്ന ഫ്ലക്സ്സിന്റെ ഡിസൈൻനിന്റെ പ്രത്യേകത പോലും പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്.

സിനിമയുടെ ആദ്യ പകുതി നിവിൻ പോളി - അജു വർഗീസ് ഹ്യൂമർ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. പല രംഗങ്ങളിലും അജു വർഗീസ് തന്റെ സ്ഥിരം കോമഡി മാനറിസങ്ങൾ മാറ്റി വച്ച് കഥാപാത്രത്തിന്റെ പരിധിക്കൾക്കുള്ളിൽ നിന്ന് കൊണ്ട് നടത്തിയ പ്രകടനം എടുത്ത് പറയേണ്ടതാണ്. നമ്പൂതിരി ഭാഷ ശൈലിയെ അടിസ്ഥാനപ്പെടുത്തിയുള്ള അജു വർഗീസ് നിവിൻ പോളി ടീമിന്റെ ഹ്യൂമർ രംഗം തിയറ്ററിൽ നിറഞ്ഞ കൈയടിയുണ്ടാക്കി. സ്വയം ഒരുപാട് സ്‌നേഹിക്കുന്ന സെൽഫ് ലൗവുള്ള ജനാർദ്ദനൻ അവതരിപ്പിക്കുന്ന കഥാപാത്രം, വിദേശ രാജ്യങ്ങളിലെ പൂജയ്ക്ക് പോവാനുള്ള സൗകര്യത്തിന് എയർ പോർട്ടിനടുത്ത് വീട് വച്ച മധു വാര്യരുടെ കഥാപാത്രം, കൊറിയൻ സംഗീത പ്രേമിയായായ ഷിബു അവതരിപ്പിക്കുന്ന ഫാന്റസി എലമെന്റ്‍സുസുള്ള കഥാപാത്രം അങ്ങനെ കഥാപാത്ര നിർമ്മിതി കൊണ്ട് തന്നെ അടിമുടി ഫ്രഷാണ് സർവ്വംമായ.

സിനിമയുടെ രണ്ടാം പകുതിയുടെ പ്രധാന ഹൈലൈറ്റ് ഇമോഷണൽ രംഗങ്ങളിൽ റിയാ ഷിബു കൊണ്ടുവന്ന കൈയടക്കവും പ്രീതി മുകുന്ദന്റെ സ്‌ക്രീൻ പ്രസൻസുമാണ്. ഹോറർ കോമഡി ജോണറിൽ എത്തുന്ന സിനിമയിലെ ഫീൽ ഗുഡ് നിമിഷങ്ങൾ തീർത്തും പുതുമയുള്ളതാണ്.

സിനിമയിൽ പ്രധാനമായും മൂന്ന് ഇമോഷണൽ ട്രാക്ക് ആണുള്ളത്. ആദ്യത്തേത് നായകനും സ്വന്തം അച്ഛനും തമ്മിലുള്ള കോൺഫ്ലിക്റ്റ് ആണ്. ഒരു റിലേഷൻ ബ്രേക്ക്‌ ആയ ശേഷമുള്ള സാധ്യ എന്ന ക്യാരക്ടർ നായകനുമായി അടുക്കുമ്പോൾ ഉണ്ടാകുന്ന ഇമോഷൻ ആണ് അടുത്തത്. സിനിമയുടെ മെയിൻ ഇമോഷണൽ ആർക് ആണ് ഡെലുലു എന്ന കഥാപാത്രത്തിന്റേത്. ഒന്ന് പാളിയാൽ തീർത്തും ക്രിഞ്ചായി പോവുമായിരുന്ന ആ ട്രാക്ക് നിവിന്റെയും റിയാ ഷിബുവിന്റെയും പ്രകടനം കൊണ്ടും പ്രേത സിനിമകളിലെ ക്ലീഷെകൾ ട്രോളികൊണ്ട് എഴുതിയ സീനുകൾകൊണ്ടുമാണ് വിജയിച്ചത്.

കഥയിലെ കോൺഫ്ലിക്റ്റ് മാറ്റി നിർത്തിയാൽ നിവിൻ-അജു-ജനാർദ്ദനൻ സീനുകളിൽ ഫീൽ ഗുഡ് കോമഡി പടം മൊത്തത്തിൽ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ആദ്യപകുതിയിൽ അതിന്റെ ഗുണം നല്ലപോലെ ഫീൽ ചെയ്യും. ശരൺ വേലായുധന്റെ ക്യാമറ ഒരു ഫീൽ ഗുഡ് പടത്തിന്റെ മൂഡ് സെറ്റ് ചെയ്യുന്നുണ്ട് . ജസ്റ്റിൻ പ്രഭാകരന്റെ മ്യൂസിക് സിനിമയുടെ ബ്ലൻഡ് ആയി പോകുന്നുണ്ട്. അഖിൽ സത്യൻ തന്നെ നിർവ്വഹിച്ച എഡിറ്റിങ് സിനിമയ്ക്ക് സ്വഭാവികമായ ഒരു ഒഴുക്ക് നൽകുന്നുണ്ട്

ഒരുപാട് നാളുകൾക്ക് ശേഷം കുടുംബസമേതം കൈയടിച്ച് ചിരിച്ചാസ്വദിച്ച് കാണാനാവുന്ന നിവിൻ പോളിയെ അദ്ദേഹത്തിന്റെ സേഫ് സോണിൽ തിരികെ കാണാൻ സാധിക്കുന്ന സിനിമയാണ് സർവ്വം മായ.