ഓരോ പ്രശ്നങ്ങൾക്ക് ശേഷവും നായകന് അനുകൂലമായി എല്ലാം സംഭവിക്കുന്നു എന്ന് തോന്നുന്നിടത്തെല്ലാം മറ്റൊരു പ്രശ്നത്തെക്കൂടി ശൃഷ്ടിക്കുകയാണ് എഴുത്തുകാർ. എഴുത്തിലെയും സംവിധാനത്തിലെയും മികവിനൊപ്പം ആ സീനുകളെ മികച്ചതാക്കുന്നത് അഭിനേതാക്കളുടെ പ്രകടനങ്ങളാണ്.

കോമഡി ട്രാക്കിൽ കുടുംബ കഥ പറയുകയാണ് നവാഗതനായ വിഷ്ണു അരവിന്ദിൻ്റെ സംവിധാനത്തിൽ ഷറഫുദ്ദീൻ, കല്യാണി പണിക്കർ, ജഗദീഷ്, അസീസ് നെടുമങ്ങാട് തുടങ്ങിയവർ പ്രധാന കഥപാത്രങ്ങളായി തിയേറ്ററുകളിൽ എത്തിയ മധുവിധു. മധുരമുള്ള പ്രണയനിമിഷങ്ങൾക്കൊപ്പം വൈകാരികമായ കുടുംബ ബന്ധങ്ങളുടെ കൂടി കഥ പറഞ്ഞ ചിത്രം നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസ് ആണ്. അഭിനേതാക്കളുടെ പ്രകടനങ്ങളും ഫീൽഗുഡ് നിമിഷങ്ങളുമാണ് മധുവിധുവിൻ്റെ കരുത്ത്. റൊമാൻഡിക് ട്രാക്കിൽ ഷറഫുദ്ദീൻ്റെ സ്ട്രോങ് ഏരിയയായ കോമഡി കൂടിയായപ്പോൾ ചാമിങ് ആയ പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കരുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് മധുവിധു. ഷറഫുദ്ദീനൊപ്പമുള്ള കെമിസ്ട്രി വർക്കൗട്ട് ആയി എന്നു മാത്രമല്ല വൈകാരിക നിമിഷങ്ങളെ തുടക്കക്കാരിയുടെ പരിഭ്രമങ്ങൾ ഒന്നുമില്ലാത്തെ കൈയ്യടക്കത്തോടെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ടവർ.

ആഞ്ഞിലിമൂട്ടിൽ തറവാട്ടിലാണ് കഥ നടക്കുന്നത്. ആ വീട്ടിൽ സ്ത്രീകൾ വാഴില്ല എന്ന് നാട്ടുകാർ പറയുന്നിടത്ത് നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ജഗദീഷും അസീസ് നെടുമങ്ങാടും അവതരിപ്പിക്കുന്ന രാജ്കുമാറും അംബരീഷും സഹോദരന്മാരാണ്. രാജ്കുമാറിന്റെ ഭാര്യ വളരെകാലംമുമ്പ് മരിച്ചു, അദ്ദേഹത്തിന് രണ്ട് ആൺമക്കളുണ്ട്, അമ്മു എന്ന് വിളിക്കുന്ന അമൃത് രാജും(ഷറഫുദ്ദീൻ), വിമൽ രാജും. അംബരീഷ് അവിവാഹിതനാണ്. അമ്മുവിനായി വധുവിനെ തിരയുന്നുണ്ടെങ്കിലും തുടർച്ചയായി പരാജയപ്പെടുകയാണ്. ഒരു ഘട്ടത്തിൽ സ്നേഹ മാർക്കോസ് എന്ന കല്യാണിയുടെ കഥാപാത്രത്തെ അമ്മു കണ്ടുമുട്ടുകയും അവർ പ്രണയിച്ച് വിവാഹിതരാകാൻ തീരുമാനിക്കുകയുമാണ്. എന്നാൽ നടത്താൻ തീരുമാനിച്ച വിവാഹത്തിനു പകരം തുടർച്ചയായി മൂന്ന് വിവാഹങ്ങൾ ആഞ്ഞിലിമൂട്ടിൽ നടക്കുകയാണ്. അതിലേയ്ക്ക് നയിച്ച സംഭവ വികാസങ്ങളാണ് മധുവിധു എന്ന് പറയാം.

ജഗദീഷിൻ്റെ അച്ഛൻ കഥാപാത്രത്തിന് കഥാഗതിയിൽ വലിയ പ്രാധാന്യമാണുള്ളത്. രസകരമായ നിമിഷങ്ങൾ ഏറെയുള്ള കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട് അദ്ദേഹം. അംബരീഷായി അസീസ് നെടുമങ്ങാടും മികച്ച പ്രകടനം കാഴ്ചവച്ചു. ഷറഫുദ്ദീനും ജഗദീഷും അസീസും സഞ്ജു മധുവുമൊക്കെ ചേരുമ്പോഴുള്ള രംഗങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കും. നായികയുടെ അച്ഛനായി ഒരല്പം ഗൗരവമുള്ള കഥാപാത്രമാണ് സായി കുമാറിൻ്റേത്. ശ്രീജയ, വിനീത് തട്ടിൽ, വിജിത, അമൽ ജോസ് തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. 

ആദ്യ പകുതിയിലേയ്ക്ക് അടുക്കുന്നതോടെ തുടർച്ചയായ സംഘർഷങ്ങളാണ് കഥയിലുണ്ടാകുന്നത്. അതൊക്കെയും നർമ്മം ചേർത്ത് പ്രേക്ഷകർക്ക് ബോധ്യപ്പെടുംവിധത്തിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഓരോ പ്രശ്നങ്ങൾക്ക് ശേഷവും നായകന് അനുകൂലമായി എല്ലാം സംഭവിക്കുന്നു എന്ന് തോന്നുന്നിടത്തെല്ലാം മറ്റൊരു പ്രശ്നത്തെക്കൂടി സൃഷ്ടിക്കുകയാണ് എഴുത്തുകാർ. എഴുത്തിലെയും സംവിധാനത്തിലെയും മിടുക്കിനൊപ്പം ആ സീനുകളെ മികച്ചതാക്കുന്നത് അഭിനേതാക്കളുടെ പ്രകടനങ്ങളാണ്. വൈകാരികമായ നിമിഷങ്ങളിൽ നർമ്മം ഫലിപ്പിച്ചെടുക്കുക എന്ന ശ്രമകരമായ ജോലി പൂർണ്ണാർഥത്തിൽ നിർവ്വഹിക്കാൻ ബിബിൻ മോഹന്റെയും ജയ് വിഷ്ണുവിന്റെയും എഴുത്തിനും വിഷ്ണു അരവിന്ദിൻ്റെ സംവിധാനത്തിനും ആയിട്ടുണ്ട്.

ഹിഷാം അബ്ദുൾ വഹാബിന്റെ ട്രാക്കുകളും പശ്ചാത്തല സംഗീതവും മധുവിധുവിൻ്റെ ജീവനാണ്. പ്രണയത്തിൻ്റെ മധുരവും കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ വൈകാരിക നിമിഷങ്ങളും അതിൻ്റെ സത്ത ചോരാതെ പ്രേക്ഷകരിൽ എത്തിക്കുന്നതിനൊപ്പം ഉടനീളം പുതുമ തോന്നിക്കുന്നതും ഈ ഈണങ്ങൾ കൊണ്ടാണ്. ഒരു ഫാമിലി- റൊമാൻസ് ചിത്രം അർഹിക്കുന്ന നിറങ്ങളുള്ള ഫ്രെയിമുകൾ ആണ് വിശ്വജിത്ത് കാണികൾക്ക് നൽകുന്നത്. ക്രിസ്റ്റി സെബസ്റ്റ്യൻ്റെ കട്ടുകൾ കഥയുടെ ഒഴുക്കിനൊപ്പവും. ദിവ്യ ജോർജ് ആണ് മധുവിധുവിൻ്റെ കോസ്റ്റിയൂം ഡിസൈനർ. ഔസേപ്പ് ജോൺ കലാസംവിധാനവും ജിതേഷ് പൊയ്യ ചമയവും നിർവ്വഹിച്ചിരിക്കുന്നു. സിറ്റുവേഷ്ണൽ കോമഡികളും രസകരമായ പ്ലോട്ട് ട്വിസ്റ്റുകളും രസമുള്ള പ്രണയ മുഹൂർത്തങ്ങളുമായി മധുവിധുവിനായി തിയേറ്ററിൽ ചെലവിടുന്ന രണ്ടുമണിക്കൂർ പാഴാകില്ല. മടുപ്പേതുമില്ലാതെ കണ്ടു മടങ്ങാൻ ചിരിപ്പിക്കുന്ന- രസിപ്പിക്കുന്ന അനുഭവമാണ് മധുവിധു.