അരുൺലാൽ രാമചന്ദ്രൻ സംവിധാനം ചെയ്ത 'സുഖമാണോ സുഖമാണ്' ഡാർക്ക് ഹ്യൂമറും ഫീൽ ഗുഡ് ഇമോഷണൽ ഡ്രാമയും സമന്വയിപ്പിക്കുന്ന ഒരു ഫാമിലി എന്‍റര്‍ടെയ്‍നര്‍ ആണ്

ബിഗ് സ്ക്രീനില്‍ എഫക്റ്റീവ് ആയി കൊണ്ടുവരാന്‍ പ്രയാസമുള്ള ഒന്നാണ് ഡാര്‍ക്ക് ഹ്യൂമര്‍. അതിനൊപ്പം ഫീല്‍ ഗുഡ് ഇമോഷണല്‍ ഡ്രാമ കൂടി ആയാലോ? സാധാരണ എളുപ്പത്തില്‍ ചേരാത്ത പല ജോണറുകള്‍ ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന ഫാമിലി എന്‍റര്‍ടെയ്നര്‍ ആണ് സുഖമാണോ സുഖമാണ്. പേരിലെ ലാളിത്യം ഉള്ളപ്പോള്‍ തന്നെ വൈകാരികതയുടെ സുഖമുള്ള നോവ് ഉടനീളം പേറുന്ന ചിത്രമാണ് ഇത്. അരുണ്‍ലാല്‍ രാമചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ നായകന്‍ മാത്യു തോമസ് ആണ്. ദേവിക സഞ്ജയ് ആണ് നായിക. ജഗദീഷ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ അവരവരുടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവരാണ്. അത്തരത്തിലുള്ള മനുഷ്യരുടെ കൂടിച്ചേരലില്‍ അവര്‍ അനുഭവിക്കുന്ന ആനന്ദമാണ് സിനിമയുടെ കാതല്‍. സ്നേഹത്തിന്‍റെ തണലിലല്ലാതെ വളരേണ്ടിവന്ന ആളാണ് ചിത്രത്തിലെ നായകനായ തിയോ. അപ്പൂപ്പന്‍റെ കൂടി മരണശേഷം വീട്ടില്‍ ഒറ്റയ്ക്കായിപ്പോയ തിയോയ്ക്ക് മറ്റ് ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ ഒന്നുമില്ല. നാട്ടിലെ സമപ്രായക്കാരില്‍ നിന്നൊക്കെ അകന്നുകഴിയുന്ന, മാനസികമായ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന തിയോയെ മെന്‍റല്‍ എന്നാണ് നാട്ടിലെ മറ്റ് കുട്ടികള്‍ കളിയാക്കി വിളിക്കുന്നത്. ഒരു സമ്പന്നന്‍റെ ഡ്രൈവര്‍ ആയി ജോലി നോക്കിവന്ന തിയോയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ ആ ജോലി നഷ്ടപ്പെടുന്നു. ജോലി അന്വേഷിച്ച് നടന്ന അയാള്‍ക്ക് ഒരു ആംബുലന്‍സ് ഡ്രൈവറുടെ വേഷം യാദൃശ്ചികമായി ലഭിക്കുകയാണ്. വൈദ്യുതി ശ്മശാനം ജീവനക്കാരനായ ഐപ്പ് വഴിയാണ് അയാള്‍ക്ക് ആ ജോലി ലഭിക്കുന്നത്. ആംബുലന്‍സ് ഡ്രൈവറുടെ ജോലി ലഭിച്ചതിന് ശേഷം തിയോയുടെ ചലനങ്ങളിലാതിരുന്ന ജീവിതം മാറിമറിയുകയാണ്. അസാധാരണ വഴികളിലൂടെയുള്ള തിയോയുടെ പിന്നീടുള്ള ദൈനംദിന ജീവിതത്തെയാണ് ചിത്രം പിന്തുടരുന്നത്. തിയോയെ മാത്യു തോമസും ഐപ്പിനെ ജഗദീഷും അവതരിപ്പിക്കുന്നു.

ഡാര്‍ക്ക് ഹ്യൂമറും ഇമോഷണല്‍ ഡ്രാമയും ചേര്‍ത്തുള്ള മിശ്രണം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ചിരിക്ക് ചിരിയും വൈകാരികതയ്ക്ക് അതുമുണ്ട് 1.47 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഉടനീളം. അതില്‍ രസകരമായ കാസ്റ്റിംഗ് കൂടി ചേരുമ്പോള്‍ മുല്ലപ്പൂവിന് സുഗന്ധമെന്ന പോലെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു ചിത്രം. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കോമ്പിനേഷനുകളുണ്ട് കാസ്റ്റിംഗില്‍. മാത്യുവിനും ദേവികയ്ക്കും ജഗദീഷിനുമൊര്രം സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, അബിന്‍ ബിനോ എന്നിങ്ങനെ പോകുന്നു ചിത്രത്തിന്‍റെ താരനിര. ചിത്രത്തിന്‍റെ കോമഡി ട്രാക്ക് സംവിധായകന്‍ വര്‍ക്ക് ചെയ്തിരിക്കുന്നത് ഇവരിലൂടെയാണ്. സീരിയസ് മോഡില്‍ തുടങ്ങി, കോമഡി ട്രാക്കിലൂടെ കൊണ്ടുപോയി, വീണ്ടും ഇമോഷണല്‍ ആക്കുന്ന എന്‍ഡിംഗിലൂടെയാണ് അരുണ്‍ലാല്‍ രാമചന്ദ്രന്‍ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ദേവിക സഞ്ജയ്‍യെ സംബന്ധിച്ച് കരിയര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്‍റെ തുടക്കമായും ഈ ചിത്രത്തിലെ കഥാപാത്രത്തെ കാണാം.

ജോണര്‍ മിക്സിംഗ് ഉള്ളതിനാല്‍ത്തന്നെ ട്രിക്കി ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം. ആ ചലഞ്ച് മനോഹരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട് ടോബിന്‍ തോമസ്. ഒട്ടും ലൗഡ് ആവാതെ സംവിധായകന്‍റെ വിഷന്‍ യാഥാര്‍ഥ്യമാക്കി എന്നതില്‍ ടോബിന് അഭിമാനിക്കാം. നിപിന്‍ ബെസെന്‍റ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ചിത്രത്തിന്‍റെ പ്ലെസന്‍റ് മൂഡ് നിലനിര്‍ത്തുന്നതില്‍ ഛായാഗ്രാഹകനൊപ്പം നിപിന്‍റെ സംഗീതവും പങ്ക് വഹിച്ചിട്ടുണ്ട്. ഒരു ഫീല്‍ ഗുഡ് റിലാക്സ്ഡ് വാച്ചിന് പ്രേക്ഷകരെ ക്ഷണിക്കുന്ന ചിത്രമാണ് സുഖമാണോ സുഖമാണ്. പറയുന്ന കാര്യത്തിന്‍റെ ജെനുവിനിറ്റിയും ലാളിത്യവും ഈ ഫാമിലി എന്‍റര്‍ടെയ്നറിനെ വേറിട്ട് നിര്‍ത്തുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming