മോഹൻലാൽ ഇരട്ടവേഷത്തിലെത്തുന്ന 'വൃഷഭ' ഒരു ഫാന്‍റസി ആക്ഷൻ ഡ്രാമയാണ്. രണ്ട് കാലഘട്ടങ്ങളെയും കഥാപാത്രങ്ങളെയും സംവിധായകൻ നന്ദ കിഷോർ സമർത്ഥമായി ബന്ധിപ്പിക്കുന്നു.
മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ബഹുഭാഷാ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് വൃഷഭ. കന്നഡ സിനിമയില്‍ നിന്നുള്ള സംവിധായകനായ നന്ദ കിഷോര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരേസമയം തെലുങ്കിലും മലയാളത്തിലുമായി നിര്‍മ്മിക്കപ്പെട്ട ഒന്നാണ്. പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്ന ചിത്രത്തിന്‍റെ കാഴ്ചാനുഭവം എങ്ങനെയുണ്ടെന്ന് നോക്കാം. ചിത്രത്തിന്‍റെ ട്രെയ്ലറിലും മറ്റും കണ്ടിരിക്കുന്നതുപോലെ ഡബിള്‍ റോളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. അതിലൊന്ന് വജ്രവ്യാപാരിയായ ആദി ദേവ വര്‍മ്മയും മറ്റൊന്ന് പഴയ വൃഷഭ സാമ്രാജ്യത്തിലെ രാജാവായിരുന്ന വിജയേന്ദ്ര വൃഷഭയുമാണ്.
ബിസിനസ് രംഗത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് ആദി ദേവ വര്‍മ്മയുടേത്. യുവാവായ മകനുമൊത്ത് ആഹ്ലാദകരമായ ജീവിതമാണ് അയാള്‍ നയിക്കുന്നത്. എന്നാല്‍ പൊടുന്നനെ ഒരു രാത്രിയിലെ ഉറക്കത്തിനിടെ കാണുന്ന ദുസ്വപ്നം അയാളെ അസ്വസ്ഥനാക്കുന്നു. സ്വപ്നത്തില്‍ കാണുന്നത് തനിക്ക് ഒരിക്കലും സഹിക്കാനാവാത്ത ഒന്നായതിനാലും അത് തുടര്‍ രാത്രികളിലും ആവര്‍ത്തിക്കുന്നതിനാലും ആദി ദേവ വര്‍മ്മയുടെ സ്വൈര്യജീവിതത്തെ തന്നെ അത് ബാധിക്കുകയാണ്. അച്ഛന്‍റെ പ്രശ്നത്തിന് പരിഹാരം തേടി മകനും കൂടി ഇറങ്ങുന്നതോടെ ചിത്രം പല അപ്രതീക്ഷിത തിരിവുകളിലൂടെയും മുന്നോട്ട് പോവുകയാണ്.
വൃഷഭ സാമ്രാജ്യത്തിന്‍റെ കഥ പറഞ്ഞുകൊണ്ടാണ് നന്ദ കിഷോര്‍ ചിത്രം ആരംഭിക്കുന്നത്. ഒരിക്കല്‍ വനത്തിലൂടെ കുതിരപ്പുറത്ത് ഒരു ശത്രുവിന് പിന്നാലെ പായുമ്പോള്‍ അബദ്ധത്തില്‍ ഒരു ശിശുഹത്യയ്ക്ക് അയാള്‍ കാരണക്കാരനാവുന്നു. ദു:ഖപാരവശ്യത്താല്‍ കുഞ്ഞിന്‍റെ അമ്മ മനസ് നൊന്ത് രാജാവിനെ ശപിക്കുന്നു. പിന്നാലെ വിജയേന്ദ്ര വൃഷഭയ്ക്ക് അനന്തരാവകാശിയായി ഒരു മകന്‍ പിറക്കുന്നു. എന്നാല്‍ ആ അമ്മയുടെ ശാപം അയാളുടെ മനസില്‍ ഒടുങ്ങാത്ത ഒരു കനല്‍ പോലെ മനപ്രയാസമുണ്ടാക്കുന്നു. പിന്നാലെ ഒരു അത്യാഹിതവും സംഭവിക്കുന്നു. ഈ രണ്ട് ലോകങ്ങളിലെ, തികച്ചും വ്യത്യസ്തരായ രണ്ട് മനുഷ്യരുടെ കഥകളെ വേറിട്ട രീതിയില്‍ കൂട്ടിക്കെട്ടിയിരിക്കുകയാണ് സംവിധായകന്‍ നന്ദ കിഷോര്‍. അതില്‍ ഫാന്‍റസിയും പുരാവൃത്തവും ആക്ഷനും പ്രണയവും ഒക്കെയുണ്ട്.
ഒരു അമര്‍ചിത്ര കഥ പോലെ കൗതുകത്തോടെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ് മോഹന്‍ലാല്‍ രാജാവായി എത്തുന്ന ഭാഗവും അതിന്‍റെ കഥയും. ഇപ്പുറത്ത് ആദി ദേവ വര്‍മ്മ നിലവില്‍ നേരിടുന്ന പ്രതിസന്ധികളിലൂടെ സംവിധായകന്‍ പ്രേക്ഷകരില്‍ ടെന്‍ഷനും സൃഷ്ടിക്കുന്നു. ഈ രണ്ട് കാലങ്ങള്‍, കഥാപാത്രങ്ങള്‍, സാഹചര്യങ്ങള്‍ ചിത്രം പുരോഗമിക്കവെ ഒറ്റ ആഖ്യാനത്തിലേക്ക് എത്തുകയാണ്. അതാണ് അതിന്‍റെ കൗതുകവും. എന്തുകൊണ്ട് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ എന്നതിന്‍റെ ഉത്തരം രണ്ട് കഥാപാത്രങ്ങളായുമുള്ള അദ്ദേഹത്തിന്‍റെ പ്രകടനത്തിലുണ്ട്. വിശേഷിച്ചും വിജയേന്ദ്ര വൃഷഭയായുള്ള പ്രകടനത്തില്‍. പുറമേയ്ക്ക് കരുത്തരെന്ന് തോന്നിപ്പിക്കുന്നവരാണ് വിജയേന്ദ്ര വൃഷഭയും ആദി ദേവ വര്‍മ്മയും. എന്നാല്‍ വൈകാരികമായ ദൗര്‍ബല്യത്തിന്‍റെ സ്വകാര്യമായൊരിടം ഇരുവരും ഉള്ളില്‍ സൂക്ഷിക്കുന്നുമുണ്ട്. വിജയേന്ദ്ര വൃഷഭ ഭയമുള്ള ആളാണെങ്കില്‍ ആദി ദേവ വര്‍മ്മ മാനസികമായി മുറിവേറ്റ ആളാണ്. ആക്ഷന്‍ രംഗങ്ങളിലും വൈകാരിക ഭാരമുള്ള രംഗങ്ങളിലും ഒരേപോലെ ശോഭിക്കാന്‍ സാധിക്കുന്ന മികച്ച അഭിനേതാവിന് മാത്രം അവതരിപ്പിക്കാനാവുന്ന കഥാപാത്രമാണ് ഇവ. അതിനാല്‍ത്തന്നെയാണ് ഈ ചിത്രം മോഹന്‍ലാലിലേക്ക് എത്തിയതും.
ആദി ദേവ വര്‍മ്മയുടെ മകനായി എത്തിയിരിക്കുന്നത് സമര്‍ജിത് ലങ്കേഷ് ആണ്. ഇഴയടുപ്പമുള്ള അച്ഛനും മകനുമായി ഇരുവരുടേതും മികച്ച കോമ്പിനേഷനും കെമിസ്ട്രിയുമാണ്. നയന്‍ സരികയാണ് സമര്‍ജിതിന്‍റെ നായികയായി ചിത്രത്തില്‍ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാഗിണി ദ്വിവേദിയാണ് ചിത്രത്തില്‍ ആദ്യാവസാനമുള്ള മറ്റൊരു ശ്രദ്ധേയ കഥാപാത്രം. നേഹ സക്സേന, രാമചന്ദ്ര രാജു, കിഷോര്‍ എന്നിങ്ങനെ നീളുന്ന താരനിരയും ചിത്രത്തിലുണ്ട്. ആന്‍റണി സാസണിന്‍റേതാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സാം സിഎസിന്‍റേതാണ് സംഗീതം. ഫാന്‍റസി ആക്ഷന്‍ ഡ്രാമ ഗണത്തിലെ വേറിട്ട ശ്രമമാണ് വൃഷഭ. ഇത്തരത്തില്‍ ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ ഇതുവരെ എത്തിയിട്ടില്ല എന്നതാണ് മലയാളികളെ സംബന്ധിച്ച് ഈ ചിത്രത്തിലുള്ള കൗതുകം.



