കോമഡി ഷോയിലൂടെ പിക്കപ്പ് ലൈനുകളുമായി ശ്രദ്ധേയനായ 'ഹെയ് കാർത്തി' എന്ന കാർത്തിക്, ഇന്ന് മലയാള സിനിമയിലെ ഒരു ബഹുമുഖ പ്രതിഭയായി മാറിയിരിക്കുന്നു. 'പ്രേമവതി', 'വാഴ 2'-ലെ 'അട ബൊമ്മാളെ' എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

താനും മാസങ്ങൾക്ക് മുൻപൊരു കോമഡി ടിവി ഷോയിൽ ഒരു പയ്യൻ വന്നു. തലയിൽ തൊപ്പിയും വച്ച് വളരെ കൂളായി സ്റ്റേജിലെത്തിയ പയ്യൻ, പിന്നീട് അങ്ങോട്ട് സോളോ പെർഫോമൻസ് കാഴ്ചവച്ച് പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്തു. ഒപ്പം പിക്കപ്പ് ലൈനുകളും. ആദ്യമെല്ലാം കുറച്ചൊന്ന് വെറുപ്പിച്ചോന്ന് തോന്നിപ്പിച്ച ആ പയ്യൻ ഇന്ന് മലയാള സിനിമയിൽ ഒരുപിടി ഹിറ്റ് ​ഗാനങ്ങൾ രചിച്ചിരിക്കുകയാണ്. മറ്റാരുമല്ല ഹെയ് കാർത്തി എന്ന കാർത്തിക്. ആദ്യം കേൾക്കുമ്പോൾ ഒരു ഞെട്ടൽ തോന്നുമെങ്കിലും സമീപകാലത്ത് പ്രേമവതി എന്ന ഹിറ്റ് ​ഗാനമടക്കം വാഴ 2ലെ ബൊമ്മാളെ എന്ന പാട്ടും എഴുതി ട്രെന്റിങ്ങിൽ നിൽക്കുകയാണ് കാർത്തിക് ഇപ്പോൾ.

തനിക്ക് പിക്കപ്പ് ലൈൻ മാത്രമല്ല പാട്ടെഴുത്തും വശമാണെന്ന് 'പ്രേമവതി' എന്ന ആദ്യ​ഗാനത്തോടെ തെളിയിച്ച കാർത്തി ഇതിനകം എഴുതിയത് നാല് പാട്ടുകളാണ്. ഇവ നാലും മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റിലും ഇടംപിടിച്ചു കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. പ്രേമവതി (അതി ഭീകര കാമുകൻ), ഡെലുലു ഡെലുലു (അതി ഭീകര കാമുകൻ ) ലോക്കൽ സിഗ്മ ബോയ്സ് (പ്രകമ്പനം) അട ബൊമ്മളെ (വാഴ 2) തുടങ്ങിയ ​ഗാനങ്ങളാണ് കാർത്തിക് ഇതിനകം എഴുതിയത്.

എന്നാൽ ഈ ​ഗാനങ്ങൾ എഴുതിയത് കാർത്തിക് ആണെന്ന് പുറംലോകം അറിയുന്നത് വാഴ 2 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ 'അട ബൊമ്മാളെ' വന്നതോടെയാണ്. കാർത്തിക് ആണ് ഈ ട്രെന്റിം​ഗ് ​ഗാനങ്ങൾ എഴുതിയതെന്ന് അറിഞ്ഞപ്പോൾ അത്ഭുതവും അതോടൊപ്പം അഭിമാനവും പങ്കുവയ്ക്കുന്നവരും ധാരാളമാണ്. 'പിക്കപ്പ് ലൈൻ പരിപാടി മാത്രം അല്ല. അതിനെക്കാൾ കഴിവ് പാട്ട് പരിപാടിക്ക് ഉണ്ട്. അടുത്ത ട്രെന്റിം​ഗ് ഐറ്റം വരാൻ വെയിറ്റിംഗ് ആണ്', എന്നാണ് മലയാളികൾ പറയുന്നത്. പാട്ടെഴുത്ത് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ കാർത്തിക് തെളിയിച്ചിട്ടുണ്ട്. ആലപ്പുഴ ജിംഖാന എന്ന സിനിമയിൽ ക്രിസ്റ്റഫർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടാൻ കാർത്തിക്കിന് സാധിച്ചിട്ടുണ്ട്. പാട്ടെഴുത്തിനൊപ്പം ലുക് മാന്റെ സുഹൃത്തായി അതിഭീകര കാമുകനിലും കാർത്തിക് എത്തിയിരുന്നു.

View post on Instagram

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming