കെ-പോപ്പ് വേൾഡിലെ പുതിയ സെൻസേഷൻ ആയി മാറിയിരിക്കുകയാണ് കീക്കീ..ഇന്റർനെറ്റിലെ '404 എറർ' കോഡിനെ ഒരു വമ്പൻ മ്യൂസിക് ഹിറ്റാക്കി മാറ്റിയ ഈ ഗേൾ ഗ്രൂപ്പ് ഇപ്പോൾ ചാർട്ടുകളിൽ തരംഗം സൃഷ്ടിക്കുകയാണ്…

കെ-പോപ്പ് സംഗീത ലോകത്ത് പുതിയ ചരിത്രം കുറിച്ച് സ്റ്റാർഷിപ്പ് എന്റർടൈൻമെന്റിന്റെ ഗേൾ ഗ്രൂപ്പായ 'കീക്കീ' (KiiiKiii). ഇവരുടെ ഏറ്റവും പുതിയ ഹിറ്റ് ഗാനമായ '404 (ന്യൂ ഇറ)' കൊറിയൻ മ്യൂസിക് ചാർട്ടുകളിൽ വൻ മുന്നേറ്റമാണ് നേടിയിരിക്കുന്നത്. ജനുവരി 26-ന് പുറത്തിറങ്ങിയ ഇവരുടെ രണ്ടാമത്തെ ഇപി-യായ 'ഡെലൂലു പാക്കിലെ പ്രധാന ഗാനമാണ് '404'. റിലീസ് ചെയ്ത് കൃത്യം രണ്ടാഴ്ച പിന്നിടുമ്പോൾ കൊറിയയിലെ പ്രമുഖ മ്യൂസിക് ചാർട്ടായ മെലണിൽ രണ്ടാം സ്ഥാനത്തേക്ക് ഈ ഗാനം ഉയർന്നു. യൂട്യൂബ് മ്യൂസിക് വീക്കിലി ചാർട്ടിൽ ഒന്നാം സ്ഥാനവും ഈ ഗാനം സ്വന്തമാക്കിയിട്ടുണ്ട്.

വിജയത്തിന് പിന്നിൽ

പ്രശസ്ത ആൾട്ടർനേറ്റീവ് കെ-പോപ്പ് ഗ്രൂപ്പായ ബാൽമിംഗ് ടൈഗറിലെ ഒമേഗ സാപ്പിയൻ ആണ് ഈ പാട്ടിന്റെ വരികൾ എഴുതിയത്. യുവാക്കൾക്കിടയിൽ തരംഗമായ ഹൗസ് ആൻഡ് ഗാരേജ് മ്യൂസിക് സ്റ്റൈലിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. '404 എറർ' എന്ന കമ്പ്യൂട്ടർ കോഡിനെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അവതരിപ്പിച്ചതാണ് പാട്ടിന്റെ പ്രധാന ആകർഷണം.

മ്യൂസിക് ചാർട്ടുകളിലെ നേട്ടത്തിന് പുറമെ, പ്രമുഖ ടെലിവിഷൻ പ്രോഗ്രാമായ 'ഷോ! മ്യൂസിക് കോർ'-ൽ കീക്കീ തങ്ങളുടെ കരിയറിലെ ആദ്യത്തെ 'വിൻ' സ്വന്തമാക്കി. സോഷ്യൽ മീഡിയയിലെ ഷോർട്ട് ഫോം ചലഞ്ചുകളും 'Y2K' ഫാഷൻ സ്റ്റൈലുമാണ് പാട്ടിനെ ഇത്രയധികം ജനപ്രിയമാക്കിയത്. കരിയറിൽ വലിയൊരു ബ്രേക്ക്ത്രൂ ലഭിച്ച സന്തോഷത്തിലാണ് ഗ്രൂപ്പിലെ അഞ്ച് മെമ്പർമാരും.