യുപിഐ വഴി അബദ്ധത്തില്‍ പണം മറ്റൊരാള്‍ക്ക് അയച്ചാല്‍ പരിഭ്രാന്തരാകേണ്ടതില്ല. പണം തിരികെ ലഭിക്കാനായി ബാങ്കിനെ അറിയിക്കുന്നതുള്‍പ്പെടെ പല മാര്‍ഗ്ഗങ്ങളുണ്ട്. പണം അയക്കുന്നതിന് മുന്‍പ് അക്കൗണ്ട് വിവരങ്ങള്‍ ഉറപ്പുവരുത്തുന്നത് പോലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കാം.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആര്‍ക്കും പണമയക്കാം എന്നതാണ് യുപിഐ നല്‍കുന്ന സൗകര്യം. എന്നാല്‍ ഇതേ വേഗത തന്നെയാണ് പലപ്പോഴും വിനയാകുന്നതും. ഒരു അക്കമോ അക്ഷരമോ മാറിപ്പോയാല്‍ പണം പോകുന്നത് മറ്റാരുടെയോ അക്കൗണ്ടിലേക്കാകും. പണം പോയിക്കഴിഞ്ഞ് സങ്കടപ്പെട്ടിരുന്നിട്ട് കാര്യമില്ല. യുപിഐയില്‍ 'undo' ബട്ടണ്‍ ഇല്ലെന്നത് തന്നെ ഇതിന് കാരണം. എന്നാല്‍ അബദ്ധം പറ്റിയാല്‍ പണം തിരികെ ലഭിക്കാന്‍ ചില വഴികളുണ്ട്.

ആദ്യം ചെയ്യേണ്ടത് എന്ത്?

പണം മാറിപ്പോയെന്ന് അറിഞ്ഞാല്‍ ഉടന്‍ തന്നെ ആ നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിക്കുക എന്നതാണ് ഏറ്റവും എളുപ്പ വഴി. അബദ്ധത്തില്‍ പണം വന്നതാണെന്ന് ബോധ്യപ്പെട്ടാല്‍ പലരും അത് തിരികെ അയച്ചുതരാറുണ്ട്. എന്നാല്‍ മറുപടി ലഭിക്കാതിരിക്കുകയോ അവര്‍ പണം നല്‍കാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ അടുത്ത ഘട്ടങ്ങളിലേക്ക് നീങ്ങണം.

ബാങ്കിനെ ഉടന്‍ അറിയിക്കുക

പണം മാറിയെന്ന് തിരിച്ചറിഞ്ഞാലുടന്‍ നിങ്ങളുടെ ബാങ്കിനെ വിവരം അറിയിക്കുക. ഒട്ടും വൈകിക്കരുത്. നിങ്ങള്‍ ഉപയോഗിക്കുന്ന യുപിഐ ആപ്പിലെ റിപ്പോര്‍ട്ട് ഇഷ്യു എന്ന ഓപ്ഷന്‍ വഴി പരാതി നല്‍കാം. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യുക. ഇത് ഇടപാടിന്റെ കൃത്യമായ രേഖയുണ്ടാക്കാന്‍ സഹായിക്കും. ഇതിനുപുറമെ എന്‍പിസിഐ പോര്‍ട്ടല്‍ വഴിയോ ഭീം ആപ്പ് വഴിയോ പരാതി സമര്‍പ്പിക്കാവുന്നതാണ്.

പരാതി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ എന്ത് ചെയ്യും?

ബാങ്കില്‍ നിന്ന് കൃത്യമായ മറുപടി ലഭിക്കുന്നില്ലെങ്കില്‍ ബാങ്കിന്റെ തന്നെ ഗ്രീവന്‍സ് റിഡ്രസ്സല്‍ വിഭാഗത്തെയോ നോഡല്‍ ഓഫീസറെയോ സമീപിക്കാം. എന്നിട്ടും ഫലമില്ലെങ്കില്‍ അവസാന മാര്‍ഗ്ഗമായി ആര്‍ബിഐ ഓംബുഡ്‌സ്മാനെ സമീപിക്കാവുന്നതാണ്. ആര്‍ബിഐയുടെ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റം വഴി ഓണ്‍ലൈനായി പരാതി നല്‍കാം.

ഓര്‍ക്കുക: പണം ലഭിച്ച ആള്‍ അത് തിരികെ നല്‍കാന്‍ തയ്യാറാകാതിരിക്കുകയും ബാങ്ക് തലത്തില്‍ പരിഹാരം ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ ഇത് ഒരു നിയമപ്രശ്‌നമായി മാറും. അങ്ങനെയെങ്കില്‍ പോലീസിനെയോ കോടതിയെയോ സമീപിക്കേണ്ടി വരും.

അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ 3 ടിപ്സ്

തിരിച്ചുപിടിക്കുന്നതിനേക്കാള്‍ എളുപ്പം അബദ്ധങ്ങള്‍ ഒഴിവാക്കുന്നതാണ്. പണം അയയ്ക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:

പേരും ഐഡിയും ഉറപ്പുവരുത്തുക: പണം അയയ്ക്കുന്നതിന് മുന്‍പ് സ്‌ക്രീനില്‍ തെളിയുന്ന ആളിന്റെ പേരും യുപിഐ ഐഡിയും ശരിയാണെന്ന് ഒന്നുകൂടി പരിശോധിക്കുക.

ഒരു രൂപ അയച്ചു നോക്കുക: വലിയ തുകകള്‍ അയയ്ക്കുമ്പോള്‍ ആദ്യം ഒരു രൂപ മാത്രം അയച്ച് ഉറപ്പുവരുത്തുക. പണം ശരിയായ ആള്‍ക്ക് ലഭിച്ചെന്ന് ഉറപ്പാക്കിയ ശേഷം ബാക്കി തുക അയയ്ക്കാം.

കോണ്‍ടാക്ട് ലിസ്റ്റ് ശ്രദ്ധിക്കുക: കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്ന് നമ്പര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരേ പേരിലുള്ള മറ്റാരെങ്കിലുമുണ്ടോ എന്നും ശ്രദ്ധിക്കുക.

യുപിഐ ഇടപാടുകള്‍ ചെയ്യുന്നത് ഇന്നത്തെക്കാലത്ത് വളരെ എളുപ്പമാണ്. പക്ഷേ അല്പം ജാഗ്രത കുറഞ്ഞാല്‍ അത് വലിയ തലവേദനയാകും. പണമയയ്ക്കുന്നതിന് മുന്‍പുള്ള ആ രണ്ടോ മൂന്നോ സെക്കന്‍ഡിലെ ശ്രദ്ധ പിന്നീട് ഉണ്ടാകാനിടയുള്ള വലിയ നഷ്ടങ്ങള്‍ ഒഴിവാക്കും.