ഓട്ടോപേ തുടങ്ങാനുള്ള നടപടികള്‍ ലളിതമാണ്. വ്യാപാരിയുടെ വെബ്സൈറ്റിലോ ആപ്പിലോ നേരിട്ടോ അല്ലെങ്കില്‍ നിങ്ങളുടെ ബാങ്കിന്റെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ 'സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍' രജിസ്റ്റര്‍ ചെയ്യാം

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളില്‍ ഓട്ടോപേ സംവിധാനം ഉപയോഗിക്കാറുണ്ടോ? എങ്കില്‍ അതിന്റെ ഏറ്റവും പുതിയ നിയമങ്ങളെക്കുറിച്ചും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും അറിഞ്ഞിരിക്കണം. പ്രതിമാസമുള്ള ബില്ലുകളും മറ്റും അടയ്ക്കേണ്ട തീയതി മറക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ സൗകര്യം. ഓട്ടോമാറ്റിക് പേയ്മെന്റ് സംവിധാനമായ ഇ-മാന്‍ഡേറ്റ് അഥവാ ബാങ്കിന്റെ ഭാഷയില്‍ സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍ റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ നിയമങ്ങളില്‍ കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. ഉദാഹരണത്തിന്, ക്രെഡിറ്റ് കാര്‍ഡ് ബില്‍ 1 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ ഓട്ടോപേ സംവിധാനം പ്രവര്‍ത്തിക്കില്ല.

എങ്ങനെ ഓട്ടോപേ തുടങ്ങാം? എന്തൊക്കെയാണ് പ്രധാന സവിശേഷതകള്‍?

ഓട്ടോപേ തുടങ്ങാനുള്ള നടപടികള്‍ ലളിതമാണ്. വ്യാപാരിയുടെ വെബ്സൈറ്റിലോ ആപ്പിലോ നേരിട്ടോ അല്ലെങ്കില്‍ നിങ്ങളുടെ ബാങ്കിന്റെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ 'സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍' രജിസ്റ്റര്‍ ചെയ്യാം. ടെലികോം സേവനദാതാക്കള്‍, ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, വൈദ്യുതി, ഗ്യാസ്, വെള്ളം തുടങ്ങിയ യൂട്ടിലിറ്റി സേവന ദാതാക്കള്‍ എന്നിവര്‍ക്കെല്ലാം ഓട്ടോപേ സൗകര്യം സജ്ജമാക്കാം. ഓട്ടോപേയില്‍ ഫിക്‌സഡ് മാന്‍ഡേറ്റും വാരിയബിള്‍ മാന്‍ഡേറ്റും ഉണ്ട്.

ഫിക്‌സഡ് മാന്‍ഡേറ്റ്: ബില്ലിന്റെ തുക എപ്പോഴും നിശ്ചിതമായിരിക്കും (ഉദാഹരണത്തിന്: ഒ.ടി.ടി. പ്ലാറ്റ്ഫോമിന്റെ പ്ലാന്‍).

വാരിയബിള്‍ മാന്‍ഡേറ്റ്: ഇടപാട് സ്ഥിരമായിരിക്കും, എന്നാല്‍ ബില്‍ തുക മാറും (ഉദാഹരണത്തിന്: വൈദ്യുതി ബില്ലുകള്‍).

ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അക്കൗണ്ടില്‍ മതിയായ പണമുണ്ടെന്ന് ഉറപ്പാക്കണം. പണമില്ലാതെ ഓട്ടോപേ പരാജയപ്പെട്ടാല്‍, ബാങ്കുകള്‍ ഈടാക്കുന്ന പിഴ സാധാരണയായി അടയ്ക്കേണ്ട തുകയുടെ 2% അല്ലെങ്കില്‍ കുറഞ്ഞത് 500 രൂപ ആണ്. ഇത് ഓരോ ബാങ്കിനും വ്യത്യാസപ്പെടാം. രജിസ്റ്റര്‍ ചെയ്ത ശേഷം 7 ദിവസത്തിനകം ഓട്ടോപേ സംവിധാനം സജീവമാകും.

ഓട്ടോപേ സംബന്ധിച്ച് ആര്‍.ബി.ഐ. പുറത്തിറക്കിയ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ആദ്യം 'ഇ-മാന്‍ഡേറ്റ്' രജിസ്റ്റര്‍ ചെയ്യണം.

15,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഒ.ടി.പി.യുടെ ആവശ്യമില്ലാതെ പണം ഈടാക്കാം.

തുക 15,000 രൂപയില്‍ കൂടുതലാണെങ്കില്‍, പണം എടുക്കുന്നതിന് മുന്‍പ് ഒ.ടി.പി. മുഖേനയുള്ള വെരിഫിക്കേഷന്‍ ആവശ്യമാണ്.

ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയുടെ കാര്യത്തില്‍ ഒ.ടി.പി. വെരിഫിക്കേഷന്‍ വേണ്ട തുകയുടെ പരിധി 1 ലക്ഷം രൂപ ആണ്.

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പരിധി: ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നതിനുള്ള ഓട്ടോപേ സൗകര്യം 1 ലക്ഷം വരെയുള്ള തുകയ്ക്ക് മാത്രമേ പ്രവര്‍ത്തിക്കൂ. അതില്‍ കൂടുതലാണെങ്കില്‍ ഒ.ടി.പി. നല്‍കിയ ശേഷം മാത്രമേ ബില്‍ അടയ്ക്കാന്‍ സാധിക്കൂ.