ക്രിപ്റ്റോകറന്‍സി വിപണിയില്‍ വന്‍ തകര്‍ച്ച. ബിറ്റ്കോയിന്‍, എഥീരിയം ഉള്‍പ്പെടെയുള്ള മിക്ക പ്രധാന ക്രിപ്റ്റോ നാണയങ്ങളുടെയും വില കുത്തനെ ഇടിഞ്ഞു. ബിറ്റ്കോയിന്റെ വില 7.60% ഇടിഞ്ഞു

ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വീണ്ടും വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ക്രിപ്റ്റോകറന്‍സി വിപണിയില്‍ വന്‍ തകര്‍ച്ച. ബിറ്റ്കോയിന്‍, എഥീരിയം ഉള്‍പ്പെടെയുള്ള മിക്ക പ്രധാന ക്രിപ്റ്റോ നാണയങ്ങളുടെയും വില കുത്തനെ ഇടിഞ്ഞു. ചൈനയില്‍ നിന്നുള്ള ഏതൊരു സോഫ്റ്റ്വെയര്‍ ഇറക്കുമതിക്കും നിലവിലുള്ള തീരുവയ്ക്ക് പുറമെ 100 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. നിര്‍മ്മാണ-സാങ്കേതിക വ്യവസായങ്ങള്‍ക്ക് അത്യാവശ്യമായ അപൂര്‍വ്വ എര്‍ത്ത് മിനറല്‍സ് കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നിര്‍ണ്ണായക നീക്കം.

ക്രിപ്റ്റോ വിപണിയില്‍ സംഭവിച്ചത്

കണക്കുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്റെ വില 7.60% ഇടിഞ്ഞ് 1,12,592.31 ഡോളറിലെത്തി.

  • എഥീരിയം ഇതിലും വലിയ നഷ്ടം നേരിട്ടു, 12.24% ഇടിഞ്ഞ് 3,845.92 ഡോളറിലേക്ക് കൂപ്പുകുത്തി.
  • മറ്റു പ്രധാന ക്രിപ്റ്റോ ടോക്കണുകളുടെയും വിലയില്‍ ഗണ്യമായ കുറവുണ്ടായി
  • ബിറ്റ്കോയിന്‍: 8.40% ഇടിഞ്ഞ് 1,11,841.14 ഡോളറായി.
  • എഥീരിയം: 15.62% ഇടിഞ്ഞ് 3,792.31 ഡോളറായി.
  • എക്‌സ്ആര്‍പി : 22.85% ഇടിഞ്ഞ് 2.33 ഡോളറായി.

2025 നവംബര്‍ 1 മുതല്‍ ഈ പുതിയ 100% അധിക തീരുവയും സോഫ്റ്റ്വെയറുകളിലുള്ള കയറ്റുമതി നിയന്ത്രണവും നിലവില്‍ വരുമെന്നാണ് ട്രംപ് അറിയിച്ചിട്ടുള്ളത്. വലിയ അപകടസാധ്യതയുള്ള ആസ്തിയായി കണക്കാക്കപ്പെടുന്ന ബിറ്റ്കോയിനും മറ്റ് ക്രിപ്‌റ്റോ നാണയങ്ങളും, വ്യാപാരയുദ്ധവും ആഗോള അനിശ്ചിതത്വവും കാരണം നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റഴിച്ചതോടെയാണ് വിലയിടിഞ്ഞത്. ഇതേ തുടര്‍ന്നുള്ള നിക്ഷേപകരുടെ പരിഭ്രാന്തിയാണ് വിപണിയില്‍ പ്രതിഫലിച്ചത്.