നെതര്‍ലന്‍ഡ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ലോകത്തിലെ രണ്ടാമത്തെ വലിയ മദ്യനിര്‍മ്മാണ കമ്പനിയാണ് ഹൈനെക്കന്‍

ലോകപ്രശസ്ത ബിയര്‍ നിര്‍മ്മാതാക്കളായ ഹൈനെക്കന്‍ ആറായിരത്തോളം പേരെ പിരിച്ചുവിടുന്നു. ലോകവ്യാപകമായി ബിയറിന്റെ ആവശ്യകതയിലുണ്ടായ ഇടിവും കുറഞ്ഞ ലാഭവിഹിതവുമാണ് കമ്പനിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ലോകത്തിലെ രണ്ടാമത്തെ വലിയ മദ്യനിര്‍മ്മാണ കമ്പനിയാണ് ഹൈനെക്കന്‍. ടൈഗര്‍, ആംസ്റ്റല്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളും ഇവരുടേതാണ്.

പിരിച്ചുവിടല്‍ എന്തുകൊണ്ട്? 

കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ (87,000 പേര്‍) ഏകദേശം 7 ശതമാനത്തോളം കുറവാണ് ഇതിലൂടെ സംഭവിക്കുക. പ്രധാനമായും യൂറോപ്പിലെയും മറ്റ് മുന്‍ഗണന കുറഞ്ഞ വിപണികളിലെയും ജീവനക്കാരെയാണ് ഈ നീക്കം ബാധിക്കുക. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായിട്ടായിരിക്കും പിരിച്ചുവിടല്‍ നടപ്പിലാക്കുക . വില്‍പ്പന കുറഞ്ഞ പശ്ചാത്തലത്തില്‍ ചെലവ് കുറയ്ക്കാനും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, പല രാജ്യങ്ങളിലെയും മോശം കാലാവസ്ഥ എന്നിവ ബിയര്‍ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

വെല്ലുവിളികള്‍ പലവിധം

ആരോഗ്യ ജാഗ്രത: ആരോഗ്യ കാര്യങ്ങളില്‍ ആളുകള്‍ കൂടുതല്‍ ബോധവാന്മാരാകുന്നത് മദ്യപാനം കുറയാന്‍ കാരണമാകുന്നു.

മറ്റ് പാനീയങ്ങള്‍: ബിയറിന് പകരമായി മറ്റ് പാനീയങ്ങളിലേക്ക് ആളുകള്‍ മാറുന്നു.

മരുന്നുകളുടെ സ്വാധീനം: ഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ മദ്യത്തോടുള്ള താല്പര്യം കുറയുന്നതും വിപണിയെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

മറ്റൊരു പ്രമുഖ ബിയര്‍ ബ്രാന്‍ഡായ കാള്‍സ്ബര്‍ഗും സമാനമായ രീതിയില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

സിഇഒയുടെ രാജി

ജനുവരിയില്‍ കമ്പനി സിഇഒ ഡോള്‍ഫ് വാന്‍ ഡെന്‍ ബ്രിങ്ക് അപ്രതീക്ഷിതമായി രാജിവച്ചിരുന്നു. മെയ് മാസത്തില്‍ അദ്ദേഹം സ്ഥാനം ഒഴിയും. പുതിയ സിഇഒയ്ക്കായുള്ള തിരച്ചില്‍ കമ്പനി ഊര്‍ജിതമാക്കിയിട്ടുണ്ട്. പുതിയ മേധാവി എത്തുന്നതോടെ കമ്പനിയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടായേക്കും.

ലാഭത്തില്‍ കുറവ്

2026-ല്‍ ലാഭത്തില്‍ 2 മുതല്‍ 6 ശതമാനം വരെ വളര്‍ച്ചയാണ് ഹൈനെക്കന്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ ഇത് 4 മുതല്‍ 8 ശതമാനം വരെയായിരുന്നു. അതേസമയം, 2025-ല്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 4.4 ശതമാനം വര്‍ദ്ധിച്ചത് വിപണി വിദഗ്ധരുടെ പ്രതീക്ഷയേക്കാള്‍ മികച്ചതായിരുന്നു. പിരിച്ചുവിടല്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയില്‍ 4 ശതമാനം വര്‍ദ്ധനവുണ്ടായി.