വരും മാസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പറന്നുയരും. ഡിസംബര്‍ ആദ്യവാരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയിലുണ്ടായ കനത്ത പ്രതിസന്ധിയെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ സുപ്രധാന നീക്കം.

രാജ്യത്തെ വിമാനയാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്ത. വിമാനയാത്രാ രംഗത്തെ കുത്തക അവസാനിപ്പിക്കാനും യാത്രക്കാര്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമാക്കാനുമായി രണ്ട് പുതിയ വിമാനക്കമ്പനികള്‍ക്ക് കൂടി കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നല്‍കി. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ യാത്രാ ഗ്രൂപ്പായ അല്‍ ഹിന്ദിന്റെ 'അല്‍ ഹിന്ദ് എയര്‍' , 'ഫ്‌ലൈ എക്‌സ്പ്രസ്' എന്നീ കമ്പനികള്‍ക്കാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം എന്‍.ഒ.സി നല്‍കിയത്. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'ശംഖ് എയര്‍' എന്ന കമ്പനിക്ക് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. ഇതോടെ വരും മാസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പറന്നുയരും. ഡിസംബര്‍ ആദ്യവാരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയിലുണ്ടായ കനത്ത പ്രതിസന്ധിയെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ സുപ്രധാന നീക്കം.

ഇന്‍ഡിഗോ പ്രതിസന്ധി പാഠമായി

കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയാണ് സര്‍ക്കാരിനെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിലെ പാളിച്ച മൂലം പത്ത് ദിവസത്തിനുള്ളില്‍ 4,500-ഓളം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഡിസംബര്‍ 5-ന് മാത്രം 1,600 വിമാനങ്ങള്‍ റദ്ദാക്കി. ഇത് ഏകദേശം 11 ലക്ഷത്തോളം യാത്രക്കാരെയാണ് പെരുവഴിയിലാക്കിയത്. ഒരു കമ്പനി മാത്രം വിപണി ഭരിക്കുന്ന സാഹചര്യം ഒഴിവാക്കിയാല്‍ മാത്രമേ ഇത്തരം പ്രതിസന്ധികള്‍ മറികടക്കാനാകൂ എന്ന് മന്ത്രാലയം വിലയിരുത്തുന്നു.

വെല്ലുവിളിയായി ഉയര്‍ന്ന നികുതിയും ഇന്ധനവിലയും

പുതിയ കമ്പനികള്‍ വരുന്നത് ശുഭസൂചനയാണെങ്കിലും ഇന്ത്യയിലെ ഉയര്‍ന്ന വിമാന ഇന്ധന വിലയും നികുതിയും വ്യവസായത്തിന് വലിയ വെല്ലുവിളിയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പല വിമാനക്കമ്പനികളും നഷ്ടത്തില്‍ ഓടുമ്പോള്‍ മറ്റ് അനുബന്ധ മേഖലകള്‍ മാത്രമാണ് ലാഭമുണ്ടാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഉഡാന്‍ പോലുള്ള പദ്ധതികളിലൂടെ പ്രാദേശിക വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ എയര്‍, ഫ്‌ലൈ91 തുടങ്ങിയ ചെറിയ കമ്പനികള്‍ ഇപ്പോള്‍ തന്നെ ഈ രംഗത്ത് സജീവമാണ്. പുതിയ കമ്പനികള്‍ കൂടി എത്തുന്നതോടെ ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകുമെന്നും യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നുമാണ് പ്രതീക്ഷ.