വ്യാജ ട്രേഡിംഗ് ആപ്പുകളിൽ നിന്നുള്ള അപകടം ഒഴിവാക്കാൻ, അംഗീകൃത ബ്രോക്കർമാരുടെ മൊബൈൽ ആപ്പുകളുടെ ഒരു 'വൈറ്റ്-ലിസ്റ്റ്' തയ്യാറാക്കാൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ദില്ലി: നിക്ഷേപകരുടെ സുരക്ഷയുടെയും വിപണിയുടെ സുതാര്യതയുടെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. പുതിയ സാങ്കേതികവിദ്യകളെയും വിപണിയുടെ വളർച്ചയെയും പ്രോത്സാഹിപ്പിക്കുമെങ്കിലും ഈക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ വ്യക്തമാക്കി. ഡിജിറ്റൽ സൗകര്യങ്ങൾ കൂടുന്നതിനനുസരിച്ച് സൈബർ തട്ടിപ്പുകളും വർധിക്കാൻ സാധ്യതയുണ്ടെന്നും, മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള നിക്ഷേപകർ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഡിജിറ്റൽ വഴികൾ സജീവമാകുമ്പോൾ സൈബർ തട്ടിപ്പുകൾ ഇനിയും കൂടും. സാങ്കേതികവിദ്യ ഉപയോഗിച്ചും നിയമങ്ങൾ കർശനമാക്കിയും ബോധവൽക്കരണം നടത്തിയും ഇത്തരം തട്ടിപ്പുകൾക്കെതിരെ പോരാട്ടം തുടരുമെന്ന് തുഹിൻ കാന്ത പാണ്ഡെ വ്യക്തമാക്കി. തിവേഗം വളരുന്ന ഇന്ത്യൻ ഓഹരി വിപണിയുടെ അടിസ്ഥാനം വിശ്വാസമാണെന്ന് അദ്ദേഹം അടിവരയിട്ടു. റീട്ടെയിൽ നിക്ഷേപകരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ, അവരുടെ സുരക്ഷ ഉറപ്പാക്കാനും സുതാര്യത വർധിപ്പിക്കാനും സാമ്പത്തിക വിദ്യാഭ്യാസം നൽകാനും കൂടുതൽ ശക്തമായ സംവിധാനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പത്ത് വർധിപ്പിക്കുക, പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷണം നേടുക, വിരമിക്കലിന് ശേഷം സ്ഥിരവരുമാനം ഉറപ്പാക്കുക എന്നിവ ഉൾപ്പെടുന്ന ഒരു ദീർഘകാല യാത്രയാണ് സാമ്പത്തിക സുരക്ഷയെന്ന് പാണ്ഡെ പറഞ്ഞു.

വ്യാജ ട്രേഡിംഗ് ആപ്പുകളിൽ നിന്നുള്ള അപകടം ഒഴിവാക്കാൻ, അംഗീകൃത ബ്രോക്കർമാരുടെ മൊബൈൽ ആപ്പുകളുടെ ഒരു 'വൈറ്റ്-ലിസ്റ്റ്' തയ്യാറാക്കാൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ലിസ്റ്റ് എക്സ്ചേഞ്ചുകളുടെ വെബ്സൈറ്റുകളിലും സെബിയുടെ ഇൻവെസ്റ്റർ പോർട്ടലിലും ലഭ്യമാകും. ഈ ലിങ്കുകൾ വഴി മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇപ്പോൾ നിക്ഷേപകർ വാങ്ങുന്ന ഓഹരികൾ നേരിട്ട് അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്കാണ് ക്രെഡിറ്റ് ചെയ്യുന്നത്. പണം ക്ലിയറിംഗ് കോർപ്പറേഷനുകളുടെ കൈവശം സൂക്ഷിക്കുന്നതിനാൽ സുരക്ഷ വർധിച്ചു. എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ നിക്ഷേപകർക്ക് അവരുടെ ട്രേഡിംഗ് അക്കൗണ്ടുകൾ തൽക്ഷണം മരവിപ്പിക്കാനും സാധിക്കും.