വിദേശ നിക്ഷേപക സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും ഒരുപോലെ പണമൊഴുക്കുന്നതാണ് ഇന്ത്യൻ വിപണിയുടെ കുതിപ്പിന് കാരണം

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് മികച്ച തുടക്കത്തിൽ വ്യാപാരം ആരംഭിച്ചു. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും ഒരുപോലെ എത്തിയത് വിപണിക്ക കരുത്തായി. നിഫ്റ്റി 50 സൂചിക 54 പോയിന്റ് (0.21%) ഉയർന്ന് 25,873.35-ലും ബിഎസ്ഇ സെൻസെക്സ് 235.57 പോയിന്റ് (0.28%) നേട്ടത്തോടെ 83,969.82-ലുമാണ് വ്യാപാരം തുടങ്ങിയത്.

ആഗോള വിപണികളിലെ അനുകൂല സാഹചര്യങ്ങളും ആഭ്യന്തര നിക്ഷേപകരുടെ തുടർച്ചയായ വാങ്ങലുമാണ് വിപണിയെ മുന്നോട്ട് നയിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ആഗോള തലത്തിലുള്ള ചില റിസ്കുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിദേശ നിക്ഷേപക സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും ഒരുപോലെ പണമൊഴുക്കുന്നതാണ് ഇന്ത്യൻ വിപണിയുടെ കുതിപ്പിന് കാരണം. എന്നാൽ, യുഎസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ഒരു സൈനിക നടപടിക്ക് മുതിർന്നേക്കുമെന്ന ആശങ്ക അടുത്ത ദിവസങ്ങളിൽ വിപണിയെ സ്വാധീനിച്ചേക്കാം. യുഎസ് ഡോളർ ശക്തിപ്പെട്ടതോടെ ഏഷ്യൻ കറൻസികളുടെ മൂല്യം ഇന്ന് ഇടിഞ്ഞിട്ടുണ്ട്. ഇറാനെതിരെ യുഎസ് വൈസ് പ്രസിഡന്റ് വാൻസിന്റെ പരാമർശങ്ങൾ പശ്ചിമേഷ്യയിൽ ഉടൻ ഒരു യുഎസ് നടപടിയുണ്ടാകുമെന്ന സൂചന നൽകിയതോടെ ബുധനാഴ്ച എണ്ണവില കുതിച്ചുയർന്നിട്ടുമുണ്ട്.

കമ്മോഡിറ്റി വിപണിയിലും ഉണർവുണ്ട്. ബുധനാഴ്ചയുണ്ടായ വലിയ ഇടിവിന് ശേഷം സ്വർണവില വീണ്ടും ഉയർന്നു. 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,55,687 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വെള്ളിവിലയും ബുധനാഴ്ചത്തെ ഇടിവിൽ നിന്ന് കരകയറി. കിലോയ്ക്ക് 2,65,000 രൂപയാണ് പുതിയ വില.

എൻഎസ്ഇയിലെ മറ്റ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 100 സൂചിക 0.10 ശതമാനവും നിഫ്റ്റി സ്മോൾക്യാപ് 100 സൂചിക 0.24 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.13 ശതമാനവും ഉയർന്നു. മേഖലാ സൂചികകൾ പരിശോധിച്ചാൽ, നിഫ്റ്റി ഓട്ടോ (0.27%), നിഫ്റ്റി ഐടി (1.22%), നിഫ്റ്റി മെറ്റൽ (0.65%), നിഫ്റ്റി ഫാർമ (0.08%), നിഫ്റ്റി പിഎസ്‌യു ബാങ്ക് (0.35%) എന്നിവയെല്ലാം നേട്ടത്തിലാണ്. എന്നാൽ നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മീഡിയ, നിഫ്റ്റി റിയൽറ്റി എന്നിവ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

ബുധനാഴ്ചത്തെ കണക്കുകൾ നോക്കിയാൽ, ആഭ്യന്തര നിക്ഷേപകർ 440 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയപ്പോൾ വിദേശ നിക്ഷേപകർ 1154 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി.

ആഗോള വിപണികളിൽ, യുഎസ് മാർക്കറ്റുകൾ ബുധനാഴ്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ഏഷ്യൻ വിപണികളും ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. ലൂണാർ പുതുവർഷ അവധി കാരണം ചൈന, ഹോങ്കോംഗ്, തായ്‌വാൻ എന്നിവിടങ്ങളിലെ വിപണികൾ അടഞ്ഞുകിടക്കുകയാണ്. ജപ്പാന്റെ നിക്കി 225 സൂചിക 0.89 ശതമാനം ഉയർന്ന് 57644 എന്ന നിലയിലെത്തി. സിംഗപ്പൂരിലെ സ്ട്രെയിറ്റ്സ് ടൈംസ് സൂചിക ഒരു ശതമാനത്തിലധികം ഉയർന്ന് 4990-ലും ദക്ഷിണ കൊറിയയുടെ കോസ്പി 2.5 ശതമാനം ഉയർന്ന് 56644-ലും എത്തി. യുഎസ് ഫെഡറൽ റിസർവിന്റെ ഏറ്റവും പുതിയ എഫ്ഒഎംസി യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നത് വിപണിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പണപ്പെരുപ്പം ഉയർന്നാൽ പലിശനിരക്ക് വർധിപ്പിക്കാൻ പോലും തയ്യാറാണെന്ന സൂചനയാണ് അംഗങ്ങൾ നൽകുന്നത്. പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ കുറഞ്ഞതോടെ യുഎസ് ബോണ്ട് യീൽഡ് ഉയർന്നിട്ടുണ്ട്.