600 കോടി രൂപയുടെ വരുമാന നേട്ടമാണ് ഇന്ത്യൻ റെയിൽവേ ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, റെയിൽവേ സബർബൻ, പ്രതിമാസ സീസൺ ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല.

ദില്ലി: ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ. ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് ഘടന ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേ 600 കോടി രൂപയുടെ വരുമാന നേട്ടമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈയിലെ നിരക്ക് വർദ്ധനവിലൂടെ ഇതുവരെ 700 കോടി രൂപയുടെ വരുമാനം നേടിയാതായാണ് റെയിൽവേ മന്ത്രാലയത്തിന്റെ കണക്ക്.

പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് ഘടന പ്രകാരം, ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിനപ്പുറമുള്ള യാത്രകളിൽ യാത്രക്കാർക്ക് കിലോമീറ്ററിന് 1 പൈസ അധികമായി നൽകണം. മെയിൽ/എക്സ്പ്രസ് നോൺ-എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് 2 പൈസ അധികമായി നൽകണം. 215 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വർധനയില്ല. അതേസമയം, 500 കിലോമീറ്റർ നോൺ-എസി യാത്രയിലുള്ള യാത്രക്കാർക്ക് അവരുടെ യാത്രയ്ക്ക് 10 രൂപ അധികമായി നൽകണം

അതേസമയം, താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വില നിലനിർത്താൻ, റെയിൽവേ സബർബൻ, പ്രതിമാസ സീസൺ ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല.

പ്രത്യേക ട്രൈയിനുകൾ

ക്രിസ്മസ്, പുതുവത്സര കാലയളവിൽ എട്ട് സോണുകളിലായി 244 സർവ്വീസുകൾ കൂടി ഉൾപ്പെടുത്തി പ്രത്യേക ട്രെയിൻ സർവീസ് നടത്താൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിട്ടിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്, വരും ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകളെക്കുറിച്ച് വരും ദിവസങ്ങളിൽ റെയിൽവേ മന്ത്രാലയം അറിയിക്കും. ദില്ലി, ഹൗറ, ലഖ്‌നൗ തുടങ്ങി തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയേക്കും