ഇന്നലെ വൈകിട്ട് ബിച്ച് കാണാനെത്തിയ വിദ്യാര്‍ഥികളുമായി ഷജീര്‍ സാഹസിക അഭ്യാസം നടത്തുന്നതിനിടെയാണ് വാഹനം മറിഞ്ഞ് കുട്ടി മരിച്ചത്.
തൃശ്ശൂർ: തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചിൽ വാഹന അഭ്യാസത്തിനിടെ പതിനാലുകാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. നരഹത്യ വകുപ്പു ചുമത്തിയാണ് കയ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ബിച്ച് കാണാനെത്തിയ വിദ്യാര്‍ഥികളുമായി ഷജീര്‍ സാഹസിക അഭ്യാസം നടത്തുന്നതിനിടെയാണ് വാഹനം മറിഞ്ഞ് കുട്ടി മരിച്ചത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചിൽ ഡ്രിഫ്റ്റിങ് നടത്തുന്നതിനിടെ ജിപ്സി മറിഞ്ഞ് ചാമക്കാല സ്വദേശി ഫൈസലിന്‍റെ മകന്‍ സിനാന്‍ മരിച്ച സംഭവത്തിലാണ് ഡ്രൈവറെ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി സദ്ദാം എന്നറിയപ്പെടുന്ന ഷജീർ ആണ് അറസ്റ്റിലായത്. ബീച്ച് കാണാനെത്തിയതായിരുന്നു സിനാനും മൂന്നു സുഹൃത്തുക്കളും. ഈ സമയം ഷജീര്‍ ജിപ്സിയുമായി ബീച്ചില്‍ സാഹസിക അഭ്യാസ പ്രകടനം നടത്തിയിരുന്നു. വിദ്യാര്‍ഥികള്‍ ചോദിച്ചതോടെ അവരെ കയറ്റി ഇരുത്തിയായി അഭ്യാസ പ്രകടനം.
അതിനിടെയാണ് പെട്ടെന്ന് നിയന്ത്രണം വിട്ട് ജിപ്സി മറിഞ്ഞത്. തെറിച്ചു വീണ സിനാൻ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനാന് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. കുട്ടിയുടെ ബന്ധുവായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി മുഹമ്മദ് സലീമിന്‍റെ പരാതിയിലാണ് കുറ്റകരമായ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തത്.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വാഹനവും കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷജീർ. അപകടകരമായി വാഹനമോടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ കേസും ഇയാള്‍ക്കെതിരെ നേരത്തെയുണ്ട്. കയ്പമംഗലം, മതിലകം, അന്തിക്കാട്, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, തട്ടിപ്പ്, പീഡനം, ഉള്‍പ്പടെ പതിനൊന്ന് കേസുകളില്‍ പ്രതിയാണ് ഷജീര്‍.

