താൻ നിര്‍ദ്ദേശിച്ചയാളെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാത്തതിലും തൃശ്ശൂര്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനെ ഭാരവാഹിയാക്കിയതിലും കെ.മുരളീധരന് അതൃപ്തിയുണ്ട്

കോട്ടയം: കെപിസിസി ഭാരവാഹിയാക്കത്തതിൽ പ്രതിഷേധിച്ച് കെപിസിസി മേഖലാ ജാഥയിൽ നിന്ന് വിട്ടു നിന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. താൻ നിര്‍ദ്ദേശിച്ചയാളെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാത്തതിലും തൃശ്ശൂര്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനെ ഭാരവാഹിയാക്കിയതിലും കെ. മുരളീധരന് അതൃപ്തിയുണ്ട്. കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാത്തതിൽ വിഷമം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാര്യമായ അതൃപ്തി ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം.

കെപിസിസി വൈസ് പ്രസിഡന്‍റ് അല്ലെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനം ചാണ്ടി ഉമ്മൻ പ്രതീക്ഷിച്ചു. എന്നാൽ യൂത്ത് കോണ്‍ഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയര്‍മാൻ സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കിയെന്ന് തുറന്നടിച്ചതിന് പിന്നാലെ വന്ന കെപിസിസി ഭാരവാഹി പട്ടികയിൽ ചാണ്ടിയില്ല. നിര്‍ദ്ദേശിച്ച പേരുകളും പരിഗണിച്ചില്ല . പരസ്യമായി പ്രതികരിച്ചില്ലെങ്കിലും കെപിസിസി മേഖലാ ജാഥയുടെ സ്വീകരണ പരിപാടിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധം പ്രകടമാക്കി. 

റാന്നിയിലെ പരിപാടി ചാണ്ടിയാണ് ഉത്ഘാടനം ചെയ്യേണ്ടിയിരുന്നത്. പ്രധാന നേതാക്കള്‍ അടക്കം തനിക്കെതിരെ നീങ്ങുന്നുവെന്നാണ് ചാണ്ടി ഉമ്മൻ കരുതുന്നത്. നിര്‍ദ്ദേശിച്ച കെഎം ഹാരിസിനെ ഭാരാവാഹിയാക്കിയില്ല. അനുയായി ആയ മര്യാപുരം ശ്രീകുമാറിനെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി. തൃശ്ശൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റ രാജിവച്ച ജോസ് വള്ളൂരിനെ ഭാരവാഹിയാക്കി. ഇതാണ് കെ.മുരളീധരന്‍റെ കടുത്ത അതൃപ്തിക്ക് കാരണം. അനുനയ ചര്‍ച്ച നേതൃത്വം തുടങ്ങിയതോടെ അദ്ദേഹം പരസ്യ പ്രതികരണത്തിന് മുതിര്‍ന്നില്ല.

കെപിസിസി സെക്രട്ടറിമാരുടെയും 8 ഡിസിസികളിൽ പുതിയ പ്രസിഡന്‍റുമാരെയും പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികള്‍ അടക്കം നീണ്ട നിര സെക്രട്ടറി പദം പ്രതീക്ഷിക്കുമ്പോഴാണ് പട്ടിക വരാത്തതിൽ വിഷമമുണ്ടെന്ന വിഡി സതീശന്‍റെ പ്രതികരണം. ഈ മാസം 30നകം പുതിയ ഡിസിസി പ്രസിഡന്‍റുമാരെയും തീരുമാനിക്കാമെന്നാണ് നേതൃതലത്തിൽ ഇപ്പോഴത്തെ ധാരണ.

നേതൃപദവിയില്‍ നിന്നും തഴഞ്ഞു; KPCC മേഖല ജാഥ ബഹിഷ്കരിച്ച് ചാണ്ടി ഉമ്മന്റെ പ്രതിഷേധം |Chandy oommen