വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണൽ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നൽകാൻ എന്നും പറഞ്ഞു. സഹപാഠികൾക്കിടയിൽ വച്ച് നിരന്തരം അപമാനിച്ചെന്നും നിതിൻ രാജ് വെളിപ്പെടുത്തുന്നുണ്ട്.

കണ്ണൂർ: ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന ശബ്ദ സന്ദേശം പുറത്ത്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ സ്റ്റാഫ് റൂം തന്നെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കയ്യും കാലും വെട്ടും എന്നും പറയുന്നതാണ് ശബ്ദ സന്ദേശം. ഇതിനിടെ പോലീസ്, ആരോപണ വിധേയരായ അധ്യാപകരുടെയും സഹപാഠികളുടെയും മൊഴിയെടുക്കാനുള്ള നീക്കം തുടങ്ങി. സ്വന്തം അധ്യാപകരിൽ നിന്ന് നേരിട്ട ദുരനുഭവം നിതിൻ സുഹൃത്തിനോട് പറഞ്ഞത് രണ്ടു ദിവസം മുൻപാണ്. കണ്ണൂർ ഡെന്റൽ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരം വേട്ടയാടി. മാർക്ക്‌ കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയും പരാമർശങ്ങൾ.

നിതിൻ രാജിന്റെ സമാന അനുഭവമുള്ള മറ്റു വിദ്യാർത്ഥികളുമുണ്ട് ഡെന്റൽ കോളേജിൽ. തുറന്നുപറഞ്ഞാൽ നടപടി നേരിടുമെന്നാണ് ആശങ്ക. കഴിഞ്ഞവർഷം വിദ്യാർത്ഥികളുടെ പരാതിയിൽ ഡോക്ടർ എം കെ റാം സസ്പെൻഷനിലായിരുന്നു. ആരോപണ വിധേയരായ ഡോക്ടർ എം കെ റാമിന്റെയും ഡോക്ടർ സംഗീതയുടെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇരുവർക്കും നോട്ടീസ് നൽകി വിളിച്ചുവരുത്തും. സഹപാഠികളുടെയും മൊഴിയെടുക്കും. ആത്മഹത്യാപ്രേരണ കുറ്റം ചുമത്താൻ ആകുമോ എന്നതും പോലീസ് പരിശോധിക്കും.