സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. വൈകുന്നേരത്തെ വൈദ്യുതി  ആവശ്യകതയും റെക്കോർഡിൽ എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തി. വൈകീട്ടത്തെ ആവശ്യകത 6013 മെഗാവാട്ടിലെത്തി. ആവശ്യം 300 യൂണിറ്റ് കൂടി കടന്നാൽ പതിനഞ്ച് മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് കെഎസ്ഇബി വിലയിരുത്തൽ.

.കുറവില്ലാതെ കൊടുംചൂട്. കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം. സംസ്ഥാന ചരിത്രത്തിൽ ഏറ്റവുമുയർന്ന പ്രതിദിന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 116.11 ദശലക്ഷം യൂണിറ്റ്. 2024 മെയ് മൂന്നിലെ 116.95 ദശലക്ഷം യൂണിറ്റായിരുന്നു ഇതുവരെ ഉയർന്ന കണക്ക്. വൈകീട്ടത്തെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലെത്തി. 6013 മെഗാവാട്ടാണ് ഇന്നലെ ആവശ്യം വന്നത്.

ഡാമുകളിൽ സംഭരണശേഷിയുടെ 37 ശതമാനത്തിൽ താഴെ അളവിലാണ് വെളളമുളളത്. നീരൊഴുക്കും കുറവാണ്.പുറത്തുനിന്ന് 88 ദശലക്ഷം യൂണിറ്റ് വൈദ്യുതി കെഎസ്ഇബി വാങ്ങുന്നു. ഉപഭോഗം കുതിച്ചുയർന്നാൽ നിയന്ത്രണങ്ങളിലേക്ക് കടക്കും.രാത്രി സമയത്തെ ആവശ്യം 300 മെഗാവാട്ട് കൂടി കടന്നാൽ പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ലോഡ് ഷെഡിങ് വേണ്ടിവരുമെന്നാണ് കെഎസ്ഇബി വിലയിരുത്തൽ.6300 മെഗാവാട്ട് പ്രസരണശൃംഖലയുടെ പരമാവധി ശേഷിയാണ്.ഫീഡറുകൾ നിശ്ചിത സമയത്തേക്ക് ഓഫാക്കി ലോഡ് കുറച്ചാവും നിയന്ത്രണം.നിലവിൽ ലോഡ് കൂടുമ്പോൾ സബ് സ്റ്റേഷനുകളിൽ പലയിടത്തും വൈദ്യുതി നിയന്ത്രണമുണ്ട്.