ഏക്താ സ്ഥൽ ജനങ്ങൾക്കായി തുറന്നു നൽകി കരസേന
ദില്ലി: ജമ്മുവിലെ പൂഞ്ചിൽ പാക് അതിർത്തിക്ക് സമീപം 105 അടി ഉയരത്തിൽ ദേശീയപാതാക സ്ഥാപിച്ചിരിക്കുയാണ് ഇന്ത്യൻ കരസേന. ഓപ്പറേഷൻ സിന്ദൂരിൽ പാക് പ്രകോപനത്തിന് സാക്ഷിയായ അതിർത്തിപ്രദേശങ്ങളിലേക്ക് വീണ്ടും വിനോദസഞ്ചാരം തിരികെ കൊണ്ടുവരിക എന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത് മലയാളി സൈനിക ഉദ്യോഗസ്ഥനായ കേണൽ ജേക്കബ് പണിക്കരാണ്
ഓപ്പേറഷൻ സിന്ദൂറിനിടെ പാക് പ്രകോപനം പൂഞ്ചിലെ ബാന്ദി ചെചിയ ഗ്രാമത്തിലെ മനുഷ്യരെയും ബാധിച്ചു. എന്നാൽ നമ്മുടെ സേന നൽകിയ തിരിച്ചടിയിൽ പാക്കിസ്ഥാൻ മുട്ടുമടക്കി. പാക്കിസ്ഥാന്റെ കണ്ണിന് മുന്നിൽ ഇന്ത്യയുടെ ദേശീയപാതക 105 അടി ഉയരത്തിൽ സ്ഥാപിച്ചത്. ബൻവട്ടിലെ ഏക്താ സ്ഥലിലാണ് കൂറ്റൻ ദേശീയ പതാക നിൽക്കുന്നത്. നിയന്ത്രണരേഖയിൽ നിന്ന് വെറും രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള ഇവിടം ശത്രുവിന്റെ നിരീക്ഷണ പരിധിയിലുള്ള സ്ഥലമാണ്. മത സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി “ഏക്താ സ്ഥൽ” വിവിധ മതങ്ങളുടെ ചിഹ്നങ്ങളെ ഒന്നിച്ച് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി മനോഹരമായ പാർക്കും,ഏക്താ മണ്ഡപവും ഇവിടെ സജ്ജീകരിച്ചു.അതിർത്തി ടൂറിസത്തിന്റെ പുതിയ സാധ്യതകളിലേക്ക് ഈ പദ്ധതി വഴിത്തുറക്കുകയാണ്
വിനോദ സഞ്ചാര മേഖലയുടെ വികസനം കൂടി കണക്കിലെടുത്താണ് കരസേന ഈ പദ്ധതി വിഭാവനം ചെയ്തതത്.ലയാളിക്ക് അഭിമാനമായി ഈ പദ്ധതി നടപ്പിലാക്കുന്ന ബറ്റാലിയനെ നയിക്കുന്നത് കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ കേണൽ ജേക്കബ് പണിക്കർ ആണ്. കേണൽ ജേക്കബിന്റെയും സഹസൈനികരുടെയും കഠിനാധ്വാനമാണ് 45 ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കാരണം.


