അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി.
ഇടുക്കി: ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. ഇന്നലെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും എംഎം മണി വിമര്‍ശനമുന്നയിച്ചു. വിഡി സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്നായിരുന്നു എംഎം മണിയുടെ അഭിപ്രായം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎം മണി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എംഎം മണി നടത്തിയ പരാമര്‍ശം വൻവിവാദമായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി തിരിച്ചടി നേരിടുന്നതിനിടെ വോട്ടര്‍മാരെ അപമാനിക്കുന്ന വിവാദ പരാമര്‍ശവുമായിട്ടാണ് സിപിഎം നേതാവ് എംഎം മണി രംഗത്തെത്തിയത്. സര്‍ക്കാര്‍ നല്‍കിയ പെന്‍ഷന്‍ വാങ്ങി ശാപ്പാട് കഴിച്ച ആളുകള്‍ മറിച്ച് വോട്ടു ചെയ്ചുവെന്നായിരുന്നു മണിയുടെ വാക്കുകള്‍. സിപിഎമ്മിന്‍റേയും മുഖ്യമന്ത്രിയുടേയും മനസ്സിലിരുപ്പാണ് മണിയിലൂടെ പുറത്തു വന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ മണിയുടെ സാധാരണ ശൈലിയിലുള്ള പരാമര്‍ശമായി കണ്ടാല്‍ മതിയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം.
തെരഞ്ഞെടുപ്പ് ഫലം നല്‍കിയ ആഘാതത്തില്‍ തകര്‍ന്നു പോയ ഇടതു മുന്നണിയെ വീണ്ടും പ്രതിസന്ധിയിലാക്കുന്നതായിരുന്നു എംഎം മണിയുടെ വാക്കുകള്‍. വോട്ടര്‍മാരെ അപമാനിക്കുന്ന മണിയുടെ പരാമര്‍ശത്തിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ പഠിക്കുമെന്ന് സിപിഎം വ്യക്തമാക്കുമ്പോഴാണ് മറുവശത്ത് എംഎംമണി വോട്ടര്‍മാരെ അപമാനിച്ചത്. മണിയുടേത് പതിവു ശൈലിയിലുള്ള പ്രതികരണമായി കണ്ടാല്‍ മതിയെന്ന് വിശദീകരിച്ച് വിവാദത്തില്‍ നിന്നും തലയൂരാനായിരുന്നു സിപിഎം ശ്രമം.

