മരണം വരെ കോൺഗ്രസ്‌ ആയിരിക്കുമെന്ന് വ്യക്തമാക്കിയ ഷാനിമോൾ സിപിഎം പ്രചരണം നടത്തുന്നത് അവരുടെ ഗതികേടാണെന്നും വിമർശിച്ചു.

തിരുവനന്തപുരം: കോൺ​ഗ്രസ് വിടുമെന്ന പ്രചാരണത്തിന് പിന്നിൽ സിപിഎമ്മാണെന്നും പ്രചാരണം ദുരുദ്ദേശ്യപരമെന്നും ഷാനിമോൾ ഉസ്മാൻ. കമ്യൂണിസ്റ്റ് കേരളം അഡ്മിനെതിരെ ഡിജിപിക്ക് പരാതി നൽകിയതായും ഷാനിമോൾ ഉസ്മാൻ അറിയിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടിൽ ആയിരുന്നുവെന്നും കമ്മ്യൂണിസ്റ്റ്‌ കേരള എന്ന പേജിലാണ് പോസ്റ്റ്‌ കണ്ടതെന്നും ഷാനിമോൾ പറയുന്നു. അപമാനകരമായ പോസ്റ്റാണതെന്നും ഒരടിസ്ഥാനവുമില്ലെന്നും ഷാനിമോള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. മരണം വരെ കോൺഗ്രസ്‌ ആയിരിക്കുമെന്ന് വ്യക്തമാക്കിയ ഷാനിമോൾ സിപിഎം പ്രചരണം നടത്തുന്നത് അവരുടെ ഗതികേടാണെന്നും വിമർശിച്ചു.

കഴിഞ്ഞ ദിവസമാണ് ഷാനിമോൾ ഉസ്മാനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടന്നത്. ഷാനിമോൾ ഉസ്മാൻ കോൺഗ്രസ്‌ വിട്ടു സിപിഎമ്മിൽ ചേരുന്നു എന്നായിരുന്നു പ്രചരണം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിഷേധിച്ച് ഷാനിമോൾ കോൺഗ്രസ്‌ വിടുന്നു എന്നാണ് പ്രചരിപ്പിക്കുന്നത്. ഇടത് അനുകൂല ഫേസ് ബുക്ക്‌ പേജുകളിൽ ഉൾപ്പടെയാണ് ഷാനിമോൾ കോൺഗ്രസ്‌ വിടുന്നു എന്ന കുറിപ്പുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. എന്നാൽ പ്രചാരണം തള്ളി ഷാനിമോൾ ഉസ്മാൻ രംഗത്ത് എത്തിയിരുന്നു. നടക്കുന്നത് വ്യാജ പ്രചരണമെന്നും വാർത്ത സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും ഷാനിമോൾ അറിയിച്ചിരുന്നു.