കൊച്ചി ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ്, മരണത്തെ മുഖാമുഖം കണ്ടപ്പോൾ രക്ഷകരായി എത്തിയത് മൂന്ന് ഡോക്ടർമാർ ആയിരുന്നു.

കൊച്ചി: കൊച്ചി ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ്, മരണത്തെ മുഖാമുഖം കണ്ടപ്പോൾ രക്ഷകരായി എത്തിയത് മൂന്ന് ഡോക്ടർമാർ ആയിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയാക് ശസ്ത്രക്രിയ വിഭാഗം അസി.പ്രൊഫസർ ഡോ.ബി.മനൂപും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്ററും , ഡോ.ദിദിയ കെ.തോമസും. ബൈക്ക് അപകടത്തിൽപ്പെട്ട കൊല്ലം സ്വദേശിയായ ലിനുവിന് ശ്വാസമെടുക്കാൻ കഴിയാത്ത വിധം പരിക്കേറ്റു. 

തുടർന്ന് സ്ഥലത്തെത്തിയ ഡോക്ടർമാരായഇവർ നാട്ടുകാർ സംഘടിപ്പിച്ച് നൽകിയ ബ്ലെയിഡും സ്ട്രോയും ഉപയോഗിച്ച് കഴുത്തിൽ മുറിവുണ്ടാക്കി സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരികെ പിടിക്കുകയായിരുന്നു. തുടർന്ന് ലിനുവിനെ ആംബുലൻസിൽ ആശുപത്രിയിലും എത്തിച്ചു. റോഡരികിൽ പൊലിഞ്ഞുപോകുമായിരുന്ന ഒരു ജീവന് കാവലാകാൻ നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് അഭിന്ദനപ്രവാഹമാണ്. അതിസാഹസിക അനുഭവങ്ങൾ ഡോക്ടർമാർ ഇന്ന് നമസ്തേ കേരളത്തിൽ പങ്കുവച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ് ശ്വാസമെടുക്കാൻ കഴിയാതെ ഒരാൾ റോഡരികിൽ കിടക്കുന്നത് കണ്ടാണ് അപകട സ്ഥലത്ത് വാഹനം നിർത്തി മൂന്ന് ഡോക്ടർമാർ ഇറങ്ങിയത്. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് ശസ്ത്രക്രിയാ വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ഡോ ബി മനൂപും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപ്തരിയിലെ ഡോ തോമസ് പീറ്റവും, ഡോ ദിദിയ കെ തോമസും. 

ഗുരുതരമായി പരിക്കേറ്റ് രോഗിയെ മരണത്തിന് വിട്ടു കൊടുക്കാതെ ചേർത്തു പിടിക്കാൻ അവർ കാട്ടിയ ധൈര്യവും ക്ഷമയുമാണ് ഇപ്പോള്‍ അഭിനന്ദിക്കപ്പെടുന്നത്. പൊലീസ് നൽകിയ ബ്ലേഡും സ്ട്രോയും ഉപകരണങ്ങളായി. നാട്ടുകാർ ഒരുക്കിയ മൊബൈൽ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തി. രക്ഷകരായ ഡോക്ടർമാർക്ക് അഭിനന്ദനപ്രവാഹാണ്. ഒപ്പം നാടും നന്ദി പറയുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ലിനുവിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. ലിനു ജീവിതത്തിലേക്ക് തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ് ഈ ഡോക്ടർമാരും.

നടുറോഡിൽ ശസ്ത്രക്രിയ... ഡോക്ടർമാരുടെ സമയോചിത ഇടപെടലിൽ യുവാവിന് പുതുജീവൻ| Doctors| | Rescue Mission