ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റത്തിൽ പ്രിയങ്ക ഗാന്ധി എംപി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. 

മാനന്തവാടി: ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. ആദ്യഘട്ടത്തിലെ 178 വീടുകളുടെ കൈമാറ്റം ബുധനാഴ്ചയായിരുന്നു തീരുമാനിച്ചിരുന്നത്. ടൗണ്‍ഷിപ്പിലെ അടിസ്ഥാന സൗകര്യ നിർമാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീയ്യതി മാറ്റിയത്. അതേസമയം കൈമാറ്റം നടന്നാലും വീടുകളില്‍ ഉടനെ താമസിക്കാൻ കഴിയുമോയെന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്. 

ഒരു വീടിന് വേണ്ടി ദുരന്തബാധിതർ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു വർഷവും ഏഴ് മാസവും ആവുകയാണ്. ആ കാത്തിരിപ്പാണ് മാര്‍ച്ചിലേക്ക് നീളുന്നത്. നിയമസഭ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി പരമാവധി വീടുകള്‍ പണി കഴിപ്പിച്ച് ദുരന്തബാധിതർക്ക് കൈമാറണമെന്നതായിരുന്നു സർക്കാര്‍ തീരുമാനം. അങ്ങനെയാണ് 410 വീടുകളില്‍ 178 എണ്ണം കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയായത്. വീടുകളുടെ പണി പൂര്‍ത്തിയായെങ്കിലും ടൗണ്‍ഷിപ്പിലെ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, ഒന്പതരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്ക്, ഡ്രൈനേജ് എന്നിവയും 11.42 കിലോമീറ്റർ റോഡ് എന്നിവയും പൂര്‍ത്തികരിക്കേണ്ടതുണ്ട് . 

ഇക്കാര്യങ്ങള്‍ ഒരുക്കുന്നതില്‍ കാലതാമസം വന്നതോടെയാണ് തീയ്യതി മാറ്റാൻ സർക്കാർ നിര്‍ബന്ധിതമായത്. എന്നാല്‍ മാര്‍ച്ച് ഒന്നിന് വീടുകള്‍ കൈമാറുന്പോഴും ഇതില്‍ ‌ ഏതൊക്കെ സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവർ‍ത്തിക്കുമെന്നതില്‍ വ്യക്തത വന്നിട്ടില്ല. നിരവധി യന്ത്രങ്ങൾ പ്രവർത്തിക്കുന്നതും തുടർച്ചായായി വാഹനങ്ങൾ കടന്നുപോകുന്നതുമാണ് ടൗണ്‍ഷിപ്പിന്‍റെ നിര്‍മാണ സ്ഥലം. 

232 വീടുകളുടെ നിര്‍മാണം കൂടി തുടരുന്ന ഇവിടെ കനത്ത പൊടിയും മറ്റും ഉയരുന്പോള്‍ ഇപ്പോള്‍ കൈമാറുന്ന വീടുകളില്‍ എങ്ങനെ താമസം സാധ്യമാകുമെന്ന ആശങ്കയും ദുരന്തബാധിതർക്കുണ്ട്. 178 വീടുകള്‍ക്കുള്ള അടിസ്ഥാന സൗക്യരം പരമാവധി പൂര്‍ത്തിയാകാതെ നല്‍കിയാല്‍ വിമർശനം ഉയരുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ കൂടിയാണ് തീയ്യതി നീട്ടാൻ സർക്കാരിന് സമ്മർദ്ദമാകുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming