കിഫ്ബിയുടെ സാമ്പത്തിക പിന്തുണയിലാണ് ഇന്ത്യയിലെ ആദ്യത്തെ അവയവം മാറ്റിവെക്കലിനായുള്ള പ്രത്യേക കേന്ദ്രം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റിന് തുടക്കമാകുന്നത്.
അവയവം മാറ്റിവെക്കലിന് പൂർണ്ണമായും ശ്രദ്ധ കൊടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യസ്ഥാപനത്തിന് കേരളത്തിൽ തുടക്കം. കിഫ്ബി സാമ്പത്തിക പിന്തുണയോടെ ആരംഭിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റിന് (കെ.ഐ.ഒ.ടി.ടി) കോഴിക്കോട് തറക്കല്ലിടുന്നു. ഫെബ്രുവരി ഏഴിന് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ചേവായൂരിൽ പദ്ധതിക്ക് തറക്കല്ലിടും. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അദ്ധ്യക്ഷയാകും.
ഇന്ത്യയിലെ ആരോഗ്യമേഖലയിൽതന്നെ നിർണായകമായ ചുവടുവെപ്പാണ് പദ്ധതി. അവയവം മാറ്റിവെക്കലിൽ ദേശീയതലത്തിൽ നിലനിൽക്കുന്ന വിടവ് നികത്താൻ സ്ഥാപനം സഹായിക്കും.
സർക്കാർ ഡെർമറ്റോളജി ആശുപത്രിക്കുള്ളിലെ 20 ഏക്കറിലാണ് പദ്ധതി വരുന്നത്. സ്വതന്ത്രഭരണാധികാരമുള്ള ഇൻസ്റ്റിറ്റ്യൂട്ട് അവയവംമാറ്റിവെക്കൽ ചെലവ് 70 ശതമാനംവരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ആരോഗ്യസേവനങ്ങളിലും ഗവേഷണത്തിലും പുതിയ ദിശ
വിവിധ അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള ഒറ്റ സ്ഥാപനം എന്നതാകും കെ.ഐ.ഒ.ടി.ടിയുടെ സവിശേഷത. അഞ്ച് വർഷത്തിനുള്ളിൽ 1,100 കോർണിയ, 599 വൃക്ക, 320 കരൾ, 50 ഹൃദയം, 40 ശ്വാസകോശം, 120 ബോൺമാരോ, 300 സോഫ്റ്റ് ടിഷ്യൂ, 15 പാൻക്രിയാസ്, 15 കുടൽ ശസ്ത്രക്രിയകൾ വർഷംതോറും കൈകാര്യം ചെയ്യാനുള്ള ശേഷിയിലേക്ക് സ്ഥാപനം ഉയരും. കൂടാതെ സങ്കീർണമായ ഹൃദയശസ്ത്രക്രിയകൾ ഉൾപ്പെടെ കൈകാര്യം ചെയ്യാനുമാകും.
സർജറികൾക്ക് പുറമെ ഈ മേഖലയിലെ ഗവേഷണങ്ങൾക്കും കെ.ഐ.ഒ.ടി.ടി പിന്തുണ നൽകും. പുതിയ 31 അക്കാദമിക് കോഴ്സുകൾ തുടങ്ങാനാണ് നിലവിലെ പദ്ധതി. ഇതിൽ സൂപ്പർ സ്പെഷ്യാലിറ്റി ഡി.എം, ട്രാൻസ്പ്ലാന്റ് അനസ്തേഷ്യോളജിയിലും ഹെപ്പറ്റോളജിയിലും MCh പ്രോഗ്രാമുകളും ഉൾപ്പെടുന്നു. സ്റ്റെം സെൽ തെറാപ്പി, റീജെനറേറ്റീവ് മെഡിസിൻ, ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി എന്നിവയിലും ഗവേഷണങ്ങൾ നടക്കും.
സാധാരണക്കാർക്ക് ഗുണമുള്ള ചികിത്സ
ആഗോള ഗുണമേന്മയിൽ മികവിന്റെ കേന്ദ്രമായി പ്രവർത്തിക്കാൻ വിഭാവനം ചെയ്ത ഈ സ്ഥാപനം ഒരേ സമയം സാമുഹിക നീതി ഉറപ്പാക്കുന്നതിലും നിർണായകമാകും. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം നിലവിൽ സ്വകാര്യമേഖലയിൽ ചെയ്യുന്ന അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ മൂന്നിലൊന്ന് കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാൻ സഹായിക്കും.
നിലവിൽ ഇന്ത്യയിലെ 90 ശതമാനം അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകളും സ്വകാര്യമേഖലയിലാണ് നടക്കുന്നത്. കരൾ, ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് 25 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയാണ് ചെലവ്. വൃക്ക മാറ്റിവെക്കലിന് 5 മുതൽ 8 ലക്ഷം രൂപവരെയും ചെലവുണ്ട്. സ്വകാര്യമേഖലയിലെ നിരക്കുകളുടെ 25-35 ശതമാനംവരെ കുറഞ്ഞ നിരക്കിൽ ഇവിടെ ശസ്ത്രക്രിയകൾ സാധ്യമാകും.
ഭാവിക്ക് കരുതലാകുന്ന സുസ്ഥിര ക്യാംപസ്
മൊത്തം ആറ് നിലകളിലാണ് ക്യാംപസ്. മൊത്തം 49,541.03 ചതുരശ്രമീറ്റർ ആണ് വിസ്തീർണം. ഇതോടൊപ്പം 1000 ചതുരശ്രമീറ്റർ അവശ്യസേവനങ്ങൾക്കുള്ള യൂട്ടിലിറ്റി, സർവീസ് ബ്ലോക്കും ഉണ്ട്. ഗൃഹ 3-സ്റ്റാർ റേറ്റിങ്ങോടെയുള്ള നിർമ്മാണം കൈകാര്യം ചെയ്യുന്നത് എച്ച്.എൽ.എൽ. ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡ് ആണ്.
വികസനം തുടരും
മൊത്തം പദ്ധതിക്ക് പ്രതീക്ഷിക്കുന്നത് 602.12 കോടി രൂപയാണ്. രണ്ട് ഘട്ടമായാണ് ഇത് പൂർത്തിയാകുക. ആദ്യ ഘട്ടത്തിൽ 340 കോടി രൂപയാണ് കിഫ്ബി ലഭ്യമാക്കുക. ക്ലിനിക്കൽ കപ്പാസിറ്റി വർദ്ധിപ്പിക്കാനാണ് ഈ ഘട്ടത്തിലെ ശ്രമം. 350 കിടക്കകളുള്ള കേന്ദ്രമാണ് നിർമ്മിക്കുക. ഇതിൽ 10 അത്യാധുനിക ഓപ്പറേഷൻ തീയേറ്ററുകൾ, ഒരു ഐ.സി.യു, 36 കിടക്കകളുള്ള ഒരു ഡയാലിസിസ് സെന്റർ, 14 സ്പെഷ്യാലിറ്റി വകുപ്പുകൾ എന്നിവ ഉൾപ്പെടുന്നു. അധുനിക മെഡിക്കൽ ഉപകരണങ്ങൾക്ക് മാത്രമായി 99 കോടിരൂപ മാറ്റിവച്ചിട്ടുണ്ട്.
രണ്ടാംഘട്ടത്തിൽ 185 കോടി രൂപയാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. 180 കിടക്കകൾ, 6 ഓപ്പറേഷൻ റൂമുകൾ എന്നിവ ഈ ഘട്ടത്തിൽ ചേരും. അതോടെ മൊത്തം 16 ഓപ്പറേഷൻ റൂമുകളും 489 കിടക്കകളും ഉറപ്പാനാകും.
ദക്ഷിണേന്ത്യയിലെ 8 കോടി ജനങ്ങൾക്ക് നേരിട്ട് ഈ പദ്ധതി ഉപകാരപ്പെടും. തറക്കല്ലിട്ട് 24 മാസത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.
