എയർ ഇന്ത്യ എക്സ്പ്രസ് ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് പുതിയ നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ചു. മാർച്ച് 29 മുതൽ ആരംഭിക്കുന്ന ഈ സർവീസ്, യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും സന്തോഷ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതായി എയർലൈൻ പ്രഖ്യാപിച്ചു. മാർച്ച് 29 മുതലാണ് പുതിയ നോൺ-സ്റ്റോപ്പ് വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നത്. എയർ ഇന്ത്യയുടെ പുനസംഘടനയുടെ ഭാഗമായി മിഡിൽ ഈസ്റ്റ് റൂട്ടുകളിലെ ഭൂരിഭാഗം സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന് കീഴിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഭക്ഷണവും കുറഞ്ഞ നിരക്കും
യാത്രക്കാർക്ക് 500 രൂപ മുതൽ ആരംഭിക്കുന്ന 'ഗോർമയർ' ചൂടുള്ള ഭക്ഷണങ്ങൾ വിമാനത്തിനുള്ളിൽ ഓർഡർ ചെയ്യാം. നിലവിൽ ഹൈദരാബാദിൽ നിന്ന് അബുദാബി, ബഹ്‌റൈൻ, ദമാം, ദോഹ, ജിദ്ദ, കുവൈത്ത് സിറ്റി, മസ്‌കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിജയകരമായി സർവീസ് നടത്തുന്നുണ്ട്.
എക്സ്പ്രസ് മോർ സെയിൽ
ഈ മാസമാദ്യം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾക്ക് 20 ശതമാനം വരെ ഇളവ് നൽകുന്ന പ്രത്യേക സെയിൽ എയർലൈൻ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ അഞ്ച് ദശലക്ഷം സീറ്റുകളാണ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിരുന്നത്. ഫെബ്രുവരി 11 മുതൽ ഡിസംബർ 31 വരെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായിട്ടായിരുന്നു ഈ ഓഫർ. ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് കൂടുതൽ സർവീസുകൾ വരുന്നത് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വലിയ ലാഭമുണ്ടാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.


