ദുബായിൽ സർക്കാർ ജീവനക്കാരുടെ സമൂഹ വിവാഹം സംഘടിപ്പിച്ചു. ജിഡിആർഎഫ്എയും ദുബായ് കസ്റ്റംസും ചേർന്ന് നടത്തിയ ചടങ്ങിൽ 127 പേർ വിവാഹിതരായി. കുടുംബജീവിതത്തിലേക്ക് കടക്കുന്ന യുവാക്കൾക്ക് സാമ്പത്തികവും സാമൂഹികവുമായ പിന്തുണ നൽകുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

ദുബായ്: കുടുംബ ബന്ധത്തിന്റെ പ്രാധാന്യം വിളിച്ചോതി ദുബായിൽ സർക്കാർ ജീവനക്കാരുടെ സമൂഹ വിവാഹം. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ദുബായ് കസ്റ്റംസും ചേർന്നാണ് സമൂഹ വിവാഹം ഒരുക്കിയത്. മുഖ്യാതിഥിയായി ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു. 127 പേരാണ് വിവാഹിതരായത്. എല്ലാവരും സർക്കാർ ജീവനക്കാർ. ജിഡിആർഎഫ്എ–ദുബായിൽ നിന്ന് 87 പേരും, ദുബായ് കസ്റ്റംസിൽ നിന്ന് 34 പേരും, പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷനിൽ നിന്ന് 6 ജീവനക്കാരും. പന്ത്രണ്ടാം തവണയാണ് ഈ സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്

കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ശിലയാണെന്നും യുവജനങ്ങൾക്ക് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും കുടുംബജീവിതത്തിലേക്ക് കടക്കാൻ ഇത്തരത്തിലുള്ള കൂട്ടവിവാഹങ്ങൾ ശക്തമായ പിന്തുണയാണെന്നും ഷെയ്ഖ് മൻസൂർ അഭിപ്രായപ്പെട്ടു. യുവാക്കളെ സാമ്പത്തികവും സാമൂഹികവുമായ ഭാരങ്ങളിൽ നിന്ന് മോചിപ്പിച്ച് ഒരു സന്തുലിത കുടുംബജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് യുഎഇയുടെ ദർശനമെന്ന് ലഫ്. ജനറൽ മുഹമ്മദ് അൽ മർറി വ്യക്തമാക്കി. ചടങ്ങിൽ സഈദ് ബിൻ അഹ്‌മദ്‌ ഖലീഫ അൽ മക്തൂം, ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മ ർറി, ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ബുസെനാട് എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.