ദേശീയ ദിനത്തിന് മുന്നോടിയായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്ന് സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തി. ആഘോഷങ്ങൾക്കിടയിൽ പൊതുശല്യം തടയുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും നടപടികൾ സ്വീകരിക്കും. വാട്ടർ ഗൺ ഉപയോഗത്തിന് കർശന നിരോധനം ഏർപ്പെടുത്തി. 

കുവൈത്ത് സിറ്റി: 2026-ലെ ദേശീയ ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി കുവൈത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിന് ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അഹമ്മദ് അൽ വുഹൈബ് തിങ്കളാഴ്ച നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നേരിട്ടുണ്ടാവണമെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ പ്രത്യേക നിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

ആഘോഷങ്ങൾക്കിടയിൽ പൊതുശല്യം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവൃത്തികൾക്കെതിരെ കർശന നടപടിയുണ്ടാകും. വാട്ടർ ഗൺ കർശനമായി നിരോധിച്ചു. റോഡുകളിൽ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ആഘോഷങ്ങൾ അനുവദിക്കില്ല. കാഴ്ച തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങളിൽ വലിയ കൊടികൾ സ്ഥാപിക്കുന്നത് ഒഴിവാക്കണം. സുരക്ഷാ പരിശോധനകൾക്കിടയിലും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ആവശ്യമായ സഹായങ്ങൾ നൽകാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. കുവൈത്തിന്‍റെ സാംസ്കാരിക പ്രതിച്ഛായ നിലനിർത്തുന്ന രീതിയിൽ വിവിധ സുരക്ഷാ വിഭാഗങ്ങൾ പരസ്പര ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മേജർ ജനറൽ അൽ വുഹൈബ് ആവശ്യപ്പെട്ടു.