കുവൈത്തിൽ ഇ-ലേണിങ്ങ് പഠനരീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇ-ലേണിംഗ് (ഓൺലൈൻ പഠനം) തന്നെ തുടരുമെന്ന് മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരുത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ഏപ്രിൽ 22 ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

നേരിട്ടുള്ള അധ്യയനത്തിലേക്ക് മാറുന്നതിനെക്കുറിച്ചോ നിലവിലെ ക്രമീകരണങ്ങളിൽ എന്തെങ്കിലും പരിഷ്കാരം വരുത്തുന്നതിനെക്കുറിച്ചോ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച വാർത്തകൾ ഔദ്യോഗിക സ്രോതസ്സുകളിലൂടെ മാത്രം സ്ഥിരീകരിക്കണമെന്നും അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തെറ്റായ വിവരങ്ങൾ പടരുന്നത് തടയുന്നതിനും സുതാര്യമായ ആശയവിനിമയം ഉറപ്പാക്കുന്നതിനുമായി ഗവൺമെന്‍റ് കമ്മ്യൂണിക്കേഷൻ സെന്റർ വഴിയും ഈ വിശദീകരണം പുറപ്പെടുവിച്ചിട്ടുണ്ട്. അധ്യയന വർഷം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് മന്ത്രാലയം നിലവിൽ മുൻഗണന നൽകുന്നത്. ഇതോടെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്ക് താൽക്കാലികമായി വിരാമമായിരിക്കുകയാണ്.