ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ ജറാഹ് അൽഖാലിദിയുടെ സ്മരണാർത്ഥം സൗദി എനർജി കമ്പനിയുടെ പള്ളിക്ക് അദ്ദേഹത്തിന്‍റെ പേര് നൽകി. ഊർജ്ജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ ആണ് ഈ നിർദ്ദേശം നൽകിയത്. രാജ്യത്തിൻ്റെ ഊർജ്ജ മേഖലയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ നടപടി.

റിയാദ്: രാജ്യത്തെ സുപ്രധാന ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ ജറാഹ് അൽഖാലിദിയുടെ സ്മരണാർത്ഥം സൗദി എനർജി കമ്പനിയുടെ കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രത്തിലുള്ള പള്ളിക്ക് അദ്ദേഹത്തിന്‍റെ പേര് നൽകാൻ തീരുമാനം. സൗദി ഊർജ്ജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ ആണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

സൗദി എനർജി കമ്പനിയിലെ വ്യാവസായിക സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന ജറാഹ് അൽഖാലിദി, ഊർജ്ജ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിനിടെയാണ് ധീരമായി പോരാടി വീരമൃത്യു വരിച്ചത്. ആക്രമണത്തിൽ സ്ഥാപനത്തിെൻറ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും കമ്പനിയിലെ മറ്റ് ഏഴ് പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജറാഹ് അൽഖാലിദിയുടെ നാമധേയം ഉത്തരവാദിത്തത്തിെൻറയും ധൈര്യത്തിെൻറയും നിത്യപ്രതീകമായി നിലനിൽക്കുമെന്ന് സൗദി എനർജി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ജോലിയിലുടനീളം അദ്ദേഹം പുലർത്തിയ അചഞ്ചലമായ സമർപ്പണവും കടമകളോടുള്ള വിശ്വസ്തതയും സഹപ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും മാതൃകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. രാജ്യത്തിെൻറ സുരക്ഷയ്ക്കും സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഊർജ്ജ മേഖലയ്ക്കും വേണ്ടി ജീവൻ സമർപ്പിച്ച അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ തീരുമാനം.