കുവൈത്തിലെ ഫൈലക ദ്വീപിൽ സുറിയാനി ലിപിയിലുള്ള അപൂർവ്വ പുരാവസ്തുക്കൾ കണ്ടെത്തി. ഡിസംബർ 24ന് കൗൺസിൽ അറിയിച്ച വിവരങ്ങൾ പ്രകാരം ഫ്രഞ്ച് പുരാവസ്തു ഗവേഷണ സംഘമാണ് ഈ കണ്ടെത്തലുകൾക്ക് പിന്നിൽ.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലക ദ്വീപിന്‍റെ മധ്യഭാഗത്തുള്ള ദേർ അൽ-ഖുസൂർ മേഖലയിൽ നിന്ന് ചരിത്രപരമായ പ്രാധാന്യമുള്ള അപൂർവ്വ പുരാവസ്തുക്കൾ കണ്ടെടുത്തു. സുറിയാനി ലിപിയിലുള്ള എഴുത്തുകളോടു കൂടിയ മൺപാത്ര കഷണങ്ങളും ഉമയ്യദ്, അബ്ബാസിഡ് കാലഘട്ടങ്ങളിലെ നിർമ്മിതികളുമാണ് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് കണ്ടെത്തിയത്. ഡിസംബർ 24ന് കൗൺസിൽ അറിയിച്ച വിവരങ്ങൾ പ്രകാരം ഫ്രഞ്ച് പുരാവസ്തു ഗവേഷണ സംഘമാണ് ഈ കണ്ടെത്തലുകൾക്ക് പിന്നിൽ.

കണ്ടെത്തിയ മൺപാത്ര കഷണങ്ങളിൽ സുറിയാനി ഭാഷയിലുള്ള ലിഖിതങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശം ഒരുകാലത്ത് കിഴക്കൻ സുറിയാനി പാരമ്പര്യം പിന്തുടരുന്ന ക്രൈസ്തവ സമൂഹത്തിന്റെ കേന്ദ്രമായിരുന്നു എന്നതിന്റെ തെളിവായി ഇത് കണക്കാക്കപ്പെടുന്നു. ഉമയ്യദ് കാലഘട്ടം മുതൽ അബ്ബാസിഡ് കാലഘട്ടത്തിന്റെ തുടക്കം വരെ (എഡി ഏഴാം നൂറ്റാണ്ടിന്റെ മധ്യം മുതൽ ഒമ്പതാം നൂറ്റാണ്ടിന്റെ മധ്യം വരെ) നീണ്ടുനിന്ന മനുഷ്യവാസത്തിന്റെ തെളിവുകളാണ് ഇവിടെ ലഭിച്ചത്. ദേർ അൽ-ഖുസൂർ എന്നറിയപ്പെടുന്ന ഈ പ്രദേശം ഒരു വലിയ ക്രൈസ്തവ മഠത്തിന്റെ ഭാഗമായിരുന്നു എന്ന് ഗവേഷകർ സ്ഥിരീകരിച്ചു. ചർച്ചുകൾ, സന്യാസികളുടെ താമസസ്ഥലങ്ങൾ, പൊതു അടുക്കളകൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ ഇവിടെ നേരത്തെയും കണ്ടെത്തിയിരുന്നു.