2030ഓടെ യുഎഇയിൽ 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. യുഎഇയുടെ നാഷനൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2031 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണിത്.
ദുബൈ: 2030ഓടെ യുഎഇയിൽ 10 ലക്ഷത്തിലധികം പുതിയ തൊഴിലാളികളെ ആവശ്യമായി വരുമെന്ന് പഠന റിപ്പോർട്ട്. എന്റർപ്രൈസ് സോഫ്റ്റ്‌വെയർ കമ്പനിയായ സർവീസ് നൗ, എജ്യുക്കേഷൻ കമ്പനി പിയേഴ്സൺ എന്നിവ ചേർന്നു നടത്തിയ 'വർക്ക്ഫോഴ്സ് സ്കിൽസ് ഫോർകാസ്റ്റ് 2025' എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. യുഎഇയുടെ നാഷനൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2031 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണിത്.
യുഎഇയെ ലോകത്തെ ഏറ്റവും മികച്ച എഐ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. യുഎഇയുടെ തൊഴിൽ വിപണിയിൽ 12.1 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇത് ലോകത്തിലെ പ്രമുഖ രാജ്യങ്ങളെക്കാൾ ഉയർന്ന നിരക്കാണ്. യുഎഇ: 12.1ശതമാനം, ഇന്ത്യ: 10.6 ശതമാനം, യുകെ: 2.8 ശതമാനം, യുഎസ്: 2.1 ശതമാനം. 'വർക്ക്ഫോഴ്സ് സ്കിൽസ് ഫോർകാസ്റ്റ് 2025' റിപ്പോർട്ട് പ്രകാരം, യുഎഇയിലെ നിർമ്മാണ , വിദ്യാഭ്യാസ , റീട്ടെയിൽ മേഖലകളായിരിക്കും ഈ തൊഴിൽ വളർച്ചയുടെ പ്രധാന ചാലകശക്തികൾ. ഈ മേഖലകളിൽ യഥാക്രമം ഏകദേശം 1,33,000, 78,000, 60,000 എന്നിങ്ങനെ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. ധനകാര്യം, ആരോഗ്യരംഗം തുടങ്ങിയ പ്രധാന മേഖലകളിൽ യഥാക്രമം 40,000വും 39,000വും അധികം പുതിയ തസ്തികകൾ ഉണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


