ജ്യോതിശാസ്ത്രജ്ഞർ 3I/അറ്റ്‌ലസ് എന്ന അന്തർനക്ഷത്ര ധൂമകേതുവിൽ "സെമി-ഹെവി" ജലം കണ്ടെത്തി. ഈ കണ്ടെത്തൽ, ധൂമകേതു ഒരു അതിശൈത്യ നക്ഷത്രവ്യവസ്ഥയിൽ നിന്നാണ് വന്നതെന്ന് സൂചിപ്പിക്കുന്നു, ഇത് മറ്റ് ഗാലക്സികളിലെ ഗ്രഹ രൂപീകരണത്തെക്കുറിച്ചുള്ള നമ്മുടെ അറിവിനെ മാറ്റിമറിച്ചേക്കാം.

നമ്മുടെ ഗാലക്‌സിയിൽ ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള അറിവിനെ തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള ഒരു അന്തർനക്ഷത്ര അഥവാ ഇന്‍റര്‍സ്റ്റെല്ലാർ അതിഥിക്ക് പിന്നാലെയാണ് ജ്യോതിശാസ്ത്രജ്ഞർ. “3I/ATLAS” എന്ന പേരിലുള്ള ഈ ധൂമകേതു, നമ്മുടെ സൗരയൂഥത്തിലേക്ക് ഇന്‍റര്‍സ്റ്റെല്ലാർ സ്‌പേസില്‍ നിന്ന് കടന്നുവന്നതായി തിരിച്ചറിഞ്ഞ വളരെ അപൂർവമായ വസ്‍തുക്കളിൽ ഒന്നാണ്. ഇതുവരെ ഇത്തരത്തിലുള്ള മൂന്ന് അന്തർനക്ഷത്ര വസ്തുക്കളെ മാത്രമാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുള്ളത്.

2025 ജൂലൈ 1-നാണ് 3ഐ/അറ്റ്‌ലസ് ധൂമകേതുവിനെ ആദ്യമായി ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിച്ചത്. നാസയുടെ പിന്തുണയോടെ ചിലിയിൽ പ്രവർത്തിക്കുന്ന അറ്റ്‍ലസ് (ATLAS) ദൂരദർശിനിയിലൂടെയായിരുന്നു ഈ കണ്ടെത്തൽ. മണിക്കൂറിൽ ഏകദേശം 1,37,000 മൈൽ വേഗത്തിൽ സഞ്ചരിച്ചിരുന്നതിനാൽ ഇത് സൗരയൂഥത്തിനുള്ളിൽ നിന്നുള്ളതല്ലെന്ന് ശാസ്ത്രജ്ഞർ ഉടൻ തിരിച്ചറിഞ്ഞു. ഈ അസാധാരണ വേഗത തന്നെയാണ് ഇതിന്‍റെ വിദേശീയ സ്വഭാവം തെളിയിച്ചത്.

മിഷിഗൺ സർവകലാശാലയിലെ ലൂയിസ് ഇ. സലസാർ മാന്‍സാനോയും സംഘവും അൽമ അറേ ഉപയോഗിച്ച് ഒരു നിർണായക കണ്ടെത്തൽ നടത്തിയതായി 2026 ഏപ്രിൽ 23-ന് നേച്ചർ അസ്‍ട്രോണമി ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു . “സെമി-ഹെവി” വാട്ടർ എന്നറിയപ്പെടുന്ന ഡ്യൂട്ടറേറ്റഡ് ജലം ആദ്യമായിട്ടാണ് ഒരു അന്തർനക്ഷത്ര വസ്‍തുവിൽ കണ്ടെത്തിയത്. ഈ ധൂമകേതുവിൽ, സൗരയൂഥത്തിലെ മറ്റ് ധൂമകേതുക്കളെക്കാൾ 30 മടങ്ങും ഭൂമിയിലെ സമുദ്രങ്ങളെക്കാൾ 40 മടങ്ങും കൂടുതലായി ഈ ജലം അടങ്ങിയിരിക്കുന്നു.

ഈ തരത്തിലുള്ള ജലസമ്പത്ത് സാധാരണയായി 30 കെൽവിനിൽ താഴെയുള്ള അത്യന്തം തണുത്ത സാഹചര്യങ്ങളിലാണ് രൂപപ്പെടുന്നത്. അതിനാൽ, 3ഐ/അറ്റ്‌ലസ് അതീവ ശൈത്യപരമായ ഒരു നക്ഷത്ര വ്യവസ്ഥയിൽ നിന്നാണ് ഉദ്ഭവിച്ചതെന്നതാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇത് നമ്മുടെ സൗരയൂഥത്തേക്കാൾ വ്യത്യസ്‍തവും പഴക്കമേറിയതുമായ ഒരു പ്രദേശമായിരിക്കാം.

3ഐ/അറ്റ്‌ലസ് എന്ന ധൂമകേതു, സൗരയൂഥത്തിന് പുറത്തുനിന്ന് വരുന്ന വസ്‌തുക്കളുടെ പഠനത്തിൽ പുതിയ വഴിത്തിരിവാണ് സൃഷ്‌ടിക്കുന്നത്. മുമ്പ് കണ്ടെത്തിയ ഇത്തരം വസ്തുക്കളുടെ രാസഘടന വ്യക്തമല്ലാതിരുന്നപ്പോൾ, ഇതിന്‍റെ ഡ്യൂട്ടേറിയം-ഹൈഡ്രജൻ അനുപാതം അളക്കാൻ സാധിച്ചത് വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ഇതുവഴി, അതിന്‍റെ ജന്മസ്ഥലമായ ദൂരസ്ഥ നക്ഷത്ര വ്യവസ്ഥയുടെ ചരിത്രം പോലും മനസിലാക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.

ഓരോ ഇന്‍റര്‍സ്റ്റെല്ലാർ വസ്തുവും അതിന്‍റെ സ്വന്തം കഥകളുമായി എത്തുന്നുവെന്ന് പഠനത്തിലെ ഗവേഷകയായ തെരേസ പനേക്-കരെനോ പറയുന്നു. അൽമ പോലുള്ള അത്യാധുനിക ദൂരദർശിനികളുടെ സഹായത്തോടെ, ശാസ്ത്രജ്ഞർക്ക് ഇപ്പോൾ ദൂരെയുള്ള ഗ്രഹങ്ങളുടെ രൂപീകരണ കേന്ദ്രങ്ങളെക്കുറിച്ചുള്ള രാസപരമായ വിവരങ്ങൾ പഠിക്കാൻ കഴിയും എന്നും ഇത് ഭാവിയിൽ ബഹിരാകാശ ഗവേഷണത്തിന് പുതിയ വാതിലുകൾ തുറക്കുമെന്നതിൽ സംശയമില്ല എന്നും ഗവേഷകർ പറയുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News