'ടീം കുഞ്ഞിപ്പുഴു ബൈ നിഖില്‍ ആന്‍ഡ് ലേന' എന്ന ഇവരുടെ യൂട്യൂബ് ചാനലിന് ഇതിനോടകം 2 മില്യണ്‍ സബ്സ്ക്രൈബേഴ്സുണ്ട്. 'സെലക്ഷൻസ് ബൈ ലെന' എന്ന പേരില്‍ ലനയ്ക്ക് ഒരു ഓണ്ലൈന് ബുട്ടീക്കുമുണ്ട്. നിഖിലുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കിയ താര ദമ്പതികളാണ് നിഖിലും ലെനയും. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. ടിക് ടോക്കില്‍ തുടങ്ങി, പിന്നീട് റിയാലിറ്റി ഷോയിലൂടെയും യൂട്യൂബ് ചാനലിലൂടെയും നിരവധി ആരാധകരെ ഇവര്‍ നേടിയിട്ടുണ്ട്. 'ടീം കുഞ്ഞിപ്പുഴു ബൈ നിഖില്‍ ആന്‍ഡ് ലേന' എന്ന ഇവരുടെ യൂട്യൂബ് ചാനലിന് ഇതിനോടകം 2 മില്യണ്‍ സബ്സ്ക്രൈബേഴ്സുണ്ട്. 'സെലക്ഷൻസ് ബൈ ലെന' എന്ന പേരില്‍ ലനയ്ക്ക് ഒരു ഓണ്ലൈന് ബുട്ടീക്കുമുണ്ട്. നിഖിലുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
യൂട്യൂബിലേയ്ക്ക് എത്തിയത്
ടിക് ടോക്ക് ആയിരുന്നു എല്ലാത്തിന്‍റെയും തുടക്കം. അഭിനയ മോഹം എനിക്ക് ചെറുപ്പം മുതലെ ഉണ്ടായിരുന്നു. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് സിനിമയുടെ പുറകെ നടന്നിട്ടുള്ള ഒരാളാണ് ഞാന്‍. പിന്നീടാണ് കരിയറുമായി മുന്നോട്ട് പോയത്. ഇപ്പോള്‍ ഒരു അമേരിക്കൻ ഹോട്ടൽ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. വിവാഹ ശേഷം ചെറിയൊരു ബിസിനസ് തുടങ്ങാൻ പ്ലാൻ ഉണ്ടായിരുന്നു. അന്ന് ജോലി സംബന്ധമായി കേരളത്തിന് പുറത്തായിരുന്നു. കേരളത്തിൽ നല്ലൊരു സുഹൃത്ത് നെറ്റ്‌വർക്ക് തുടങ്ങാന്‍ വേണ്ടിയാണ് ശരിക്കും ടിക് ടോക്ക് തുടങ്ങിയത്. അങ്ങനെ വീഡിയോകളൊക്കെ റീച്ചായി തുടങ്ങി. നാട്ടില്‍ കഫേ തുടങ്ങിയെങ്കിലും എന്‍റെ ശ്രദ്ധ ടിക് ടോക്കിലായി. പിന്നീട് 2017- 2018 സമയത്താണ് യൂട്യൂബ് തുടങ്ങുന്നത്.
അഭിനയം!
എനിക്ക് അഭിനയത്തിനോട് ആദ്യമേ താല്‍പര്യം ഉണ്ടായിരുന്നു. ലെനയെ പിന്നീട് ഇതിലേയ്ക്ക് കൊണ്ടുവരുകയായിരുന്നു. ഇപ്പോള്‍ ലെനയാണ് ഇതിലെ പ്രധാന താരം. പല കണ്ടെന്‍റുകളും അവളാണ് തയ്യാറാക്കുന്നത്. മകള്‍ക്കും ഇപ്പോള്‍ വീഡിയോ ചെയ്യാന്‍ ഇഷ്ടമാണ്. കണ്ടെന്‍റുകൾ ആലോചിക്കുകയും കണ്ടുപിടിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ആള്‍ ഇപ്പോള്‍ ഒരു കുഞ്ഞു കണ്ടെന്‍റ് ക്രിയേറ്റർ ആണ്. ചാനലിന് പേര് ഇട്ടതും അവളില്‍ നിന്നാണ്. കുഞ്ഞിലെ മകളെ ഞങ്ങള്‍ ‘കുഞ്ഞിപ്പുഴു’ എന്നായിരുന്നു വിളിച്ചിരുന്നത്. ആ സമയത്ത് തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു എന്ന പാട്ട് വൈറലായിരുന്നു. അങ്ങനെയാണ് 'ടീം കുഞ്ഞിപ്പുഴു ബൈ നിഖില്‍ ആന്‍ഡ് ലെന' എന്ന പേര് ചാനലിന് നല്‍കിയത്. ഇപ്പോള്‍ രണ്ട് മില്യണ്‍ സബ്സ്ക്രൈബേഴ്സുണ്ട് ചാനലിന്. ഇതിന് പുറമേ 'ലെന നിഖില്‍ വ്ലോഗ്സ്' എന്ന പേരിലും ഒരു ചാനലുണ്ട്. അതില്‍ ആറ് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്.
കണ്ടെന്‍റ് കാണും, സ്ക്രിപ്റ്റ് കാണില്ല
2020ന് ശേഷമാണ് ഞങ്ങള്‍ സിരിയസായി കണ്ടെന്‍റ് ക്രിയേഷൻ ചെയ്യുന്നത്. നമ്മുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കാര്യങ്ങള്‍ ഇതൊക്കെ തന്നെയാണ് ഞങ്ങള്‍ വീഡിയോയ്ക്കായി തിരഞ്ഞെടുക്കുന്നത്. ആദ്യം ലോങ് വീഡിയോകളാണ് ചെയ്തിരുന്നത്. ഇപ്പോള്‍ ഷോര്‍ട്സിലേയ്ക്ക് മാറി. ഒരു ത്രെഡ് കിട്ടിയാല്‍ എല്ലാവരും കൂടി ഒരുമിച്ച് ഡിസ്കസ് ചെയ്യും. ഞങ്ങള്‍ക്ക് ചെറിയ ഒരു ടീമുണ്ട്. അനു, ഹരി ഇവരൊക്കെ തുടക്കം മുതലേ ഞങ്ങള്‍ക്കൊപ്പം ഉള്ളവരാണ്. അവര്‍ക്കൊക്കെ പിന്നീട് സിനിമകളിലും നല്ല അവസരങ്ങള്‍ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്.
എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റോ ഡയലോഗുകളോ ഇല്ലാതെ ഓൺ ദി സ്പോട്ട് ലൈവ് ആയിട്ടാണ് ഞങ്ങള്‍ ചെയ്യുന്നത്. ക്യാമറ, എഡിറ്റിംഗ് ചെയ്യാന്‍ ചെറിയ ടീമുണ്ട്. പ്രൊമോഷന്‍ വീഡിയോകളൊക്കെ അങ്ങനെ പ്രൊഫഷണലി തന്നെയാണ് ഷൂട്ട് ചെയ്യുന്നത്. ചെറിയ ഷോര്‍ട്ട്സൊക്കെ മൊബൈലിൽ തന്നെ ഞങ്ങള്‍ ഷൂട്ട് ചെയ്യുകയാണ് ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിൽ 10-15 എപ്പിസോഡ് വരുന്ന സീരീസ് ചെയ്യാറുണ്ട്. അത് നമ്മൾ ടീമിനെ വെച്ചാണ് ചെയ്യുന്നത്.
ഇമോഷണൽ കണ്ടെന്‍റുകള്‍ റീച്ചാകും
ഫാമിലി കണ്ടെന്റുകൾ, ഇമോഷണൽ കണ്ടെന്‍റുകള്‍ തുടങ്ങിയവയാണ് ഞങ്ങള്‍ക്ക് കൂടുതലും റീച്ച് കിട്ടുന്നത്. അമ്മയെയും അച്ഛനെയും ഒക്കെ വെച്ചിട്ട് ചെയ്യുന്ന ഇമോഷണൽ വീഡിയോസ് നല്ല റീച്ച് കിട്ടാറുണ്ട്. ട്രെൻഡിങ് ഡാൻസ് വീഡിയോകളും വൈറലാകാറുണ്ട്.
ഹോസ്പിറ്റല്‍ കിടക്കയില്‍ നിന്നും അച്ഛന്‍ വീഡിയോ ചെയ്യുമായിരുന്നു
ഇരു കുടുംബങ്ങളിലും ഹ്യൂമർ സെൻസ് ഉള്ള ആളുകൾ ആണ്. അതുകൊണ്ട് തന്നെ എല്ലാവരും നല്ല പ്രോത്സാഹനമാണ്. എന്‍റെ അച്ഛന്‍ പണ്ട് നാടകത്തിനായി എഴുത്ത് പരിപാടിയൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കലയോട് അച്ഛന് ഒരു അടുപ്പം ഉണ്ടായിരുന്നു. ലോങ്ങ് വീഡിയോസിലൊക്കെ അച്ഛൻ ഞങ്ങള്‍ക്കൊപ്പം അഭിനയിച്ചു. ക്യാന്‍സറായിട്ട് ഹോസ്പിറ്റലിൽ ആയിരുന്നപ്പോള്‍ പോലും അച്ഛന്‍ ചെറിയ വീഡിയോകളൊക്കെ ചെയ്യാമായിരുന്നു. ഫസ്റ്റ് കീമോ കഴിഞ്ഞ് അച്ഛൻ തന്നെ ഒരു വീഡിയോ ഡയറക്ട് ചെയ്തിട്ടുണ്ട്. അച്ഛൻ തന്നെ എഫർട്ടിട്ട് ചെയ്തതാണ്. അന്ന് അമ്മയും അനുവും ഹരിയും ആണ് കൂടെ ഉണ്ടായിരുന്നത്. ഞാൻ അവിടെ ഇല്ലായിരുന്നു ആ സമയത്ത്. അത്രയ്ക്കും സപ്പോര്‍ട്ടായിരുന്നു അച്ഛന്‍. അച്ഛൻ മരിച്ചിട്ട് ഇപ്പോള്‍ രണ്ട് വർഷം കഴിഞ്ഞു. ലെനയുടെ അച്ഛനും അമ്മയും ഇതുപോലെ വീഡിയോസില് അഭിനയിക്കാറുണ്ട്.
നെഗറ്റീവ് കമന്‍റുകള്‍ ഡിലീറ്റ് ചെയ്യും
നെഗറ്റീവ് കമന്‍റുകള്‍ വരുന്നത് ഞങ്ങള്‍ക്ക് കുറവാണ്. നെഗറ്റീവ് കമന്‍റുകള്‍ എന്തെങ്കിലും വന്നാൽ തന്നെയും ഞങ്ങളെ അത് ബാധിക്കാറില്ല, കാരണം ഞാന്‍ അതങ്ങ് ഡിലീറ്റ് ചെയ്തു കളയും.
യൂട്യൂബ് വരുമാനം?
യൂട്യൂബ് വരുമാനം എന്നതിനെക്കാള്‍ സന്തോഷം നല്‍കുന്നത് ആളുകള്‍ തിരിച്ചറിയുന്നതിലാണ്. 2020 മുതൽ 2023 വരെ ഞങ്ങൾക്ക് തരക്കേടില്ലാത്ത ഒരു റെവന്യൂ യൂട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ എടുക്കുന്ന എഫേർട്ടിനനുസരിച്ചൊന്നും ഇല്ല. ബ്രാൻഡ് പ്രൊമോഷൻസിൽ നിന്നും നല്ലൊരു വരുമാനം കിട്ടുന്നുണ്ട് എന്നത് സത്യമാണ്.
ഞങ്ങളുടെ ഒരു സിനിമ !
ഒരു സിനിമ സംവിധാനം ചെയ്യണം എന്നതാണ് ഇപ്പോഴത്തെ വലിയ സ്വപ്നം. ഒരു തിരക്കഥ റെഡിയാണ്. ഇനി മറ്റ് കാര്യങ്ങള്‍ കൂടി സെറ്റായാല്‍ ഞങ്ങളുടെ സിനിമ സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
