ഒരു ഫൈനലിന്റെ എല്ലാ ചേരുവകകളുമുണ്ട് ടി20 ഫോര്‍മാറ്റിലെ രണ്ട് ജയന്റുകള്‍ മാറ്റുരയ്ക്കുമ്പോള്‍. പ്രോട്ടിയാസിനെ മറികടക്കാൻ ഇന്ത്യക്ക് മുന്നില്‍ ചില കടമ്പകളുണ്ട്
ബാര്‍ബഡോസില്‍ കിരീടത്തിനരികിലൂടെ തലകുനിച്ച് നടക്കേണ്ടി വന്ന എയ്ഡൻ മാര്‍ക്രം. ഇന്ത്യയ്ക്കായി ആ നിമിഷം കൈകളിലൊതുക്കിയ സൂര്യകുമാര്‍ യാദവ്. ടി20 ലോകകപ്പില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടിന് അഹമ്മദാബാദില്‍ കളം ഒരുങ്ങുമ്പോള്‍ അത് ക്രിക്കറ്റ് ലോകത്തെ പുതിയൊരു വൈരത്തിന്റെ മറ്റൊരു അധ്യായം കൂടിയാണ്. ഫൈനലിന്റെ എല്ലാ ചേരുവകകളുമുണ്ട് ഫോര്‍മാറ്റിലെ രണ്ട് ജയന്റുകള്‍ മാറ്റുരയ്ക്കുമ്പോള്‍. പ്രോട്ടിയാസിനെ മറികടക്കാൻ ഇന്ത്യക്ക് മുന്നില്‍ ചില കടമ്പകളുണ്ട്, എന്തൊക്കെയാണെന്ന് പരിശോധിക്കാം.
എയ്ഡൻ മാര്‍ക്രം - ക്വിന്റണ്‍ ഡി കോക്ക് ഓപ്പണിങ് ദ്വയം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. മാര്‍ക്രം ഈ ലോകകപ്പിലെ തന്നെ ഏറ്റവും കണ്സിസ്റ്റന്റും അഗ്രസീവുമായുള്ള ബാറ്ററാണ്. നാല് മത്സരങ്ങളില്‍ നിന്ന് 178 റണ്‍സാണ് പ്രോട്ടീയാസ് നായകന്റെ സമ്പാദ്യം. രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 186 സ്ട്രൈക്ക് റേറ്റിലാണ് മാര്‍ക്രം ബാറ്റ് ചെയ്യുന്നതും. ന്യൂസിലൻഡിനെതിരായ നിര്‍ണായക മത്സരത്തില്‍ കേവലം 44 പന്തിലാണ് താരം 86 റണ്‍സ് അടിച്ചത്, 18 ഓവറും ക്രീസില്‍ നിന്ന് ജയം ദക്ഷിണാഫ്രിക്കയുടെ ഉറപ്പിച്ചായിരുന്നു മാര്‍ക്രം കളം വിട്ടതും.
ഇനി ക്വിന്റണ്‍ ഡി കോക്ക്. ലോകകപ്പില്‍ അത്ര മികച്ച ഫോമിലല്ല ഡി കോക്കെങ്കിലും ഇന്ത്യ ഭയക്കേണ്ടതുണ്ട്. കാരണം, ഫോര്മാറ്റുകള്ക്കതീതമായി ഇന്ത്യക്കെതിരെയും ഇന്ത്യയിലെ മൈതാനങ്ങളിലും അസാധാരണ പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന താരമാണ് ഡി കോക്ക്. താരത്തിന്റെ ടി20 കരിയറെടുത്താല്‍ സൂര്യകുമാര്‍ യാദവിന്റെ സംഘത്തിനെതിരെ 14 ഇന്നിങ്സുകളില്‍ നിന്ന് 507 റണ്‍സ് നേടിയിട്ടുണ്ട്. 150 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്യുന്നതും, ആറ് തവണ സ്കോര്‍ അൻപതും കടന്നു. അതുകൊണ്ട് ഇരുവരേയും പുറത്താക്കി തുടക്കത്തിലെ മേല്‍ക്കൈ നേടേണ്ടത് അനിവാര്യമാണ്. ഡികോക്കിനെതിരെ അര്‍ഷദീപിനും മാര്‍ക്രത്തിനെതിരെ അക്സറിനും മികച്ച റെക്കോര്‍ഡുണ്ട്.
ഇനി അഭിഷേക് ശര്‍മയുടെ റണ്‍ വരള്‍ച്ചയാണ്. കഴിഞ്ഞ ഏഴ് ഇന്നിങ്സില്‍ അഞ്ച് ഡക്കുകളുണ്ടായിട്ടും താരത്തിന്റെ ബാറ്റിങ്ങ് പ്രകടനത്തില്‍ ഒരുവിധ ആശങ്കകളുമില്ല എന്നാണ് നായകൻ സൂര്യ വ്യക്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും സൂപ്പര്‍ എട്ടിലും അഭിഷേക് പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യയ്ക്ക് തന്ത്രങ്ങള്‍ പൊളിച്ചെഴുതേണ്ടി വന്നേക്കും. താരം മികവിലേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ മധ്യനിരയിലെ ഇന്ത്യൻ ബാറ്റര്‍മാര്‍ക്ക് സമ്മര്‍ദമൊഴിവാക്കി ബാറ്റ് ചെയ്യാനും കഴിയും. തുടക്കത്തിലെ നഷ്ടപ്പെടുന്ന വിക്കറ്റുകള്‍ തിലക് വര്‍മയേയും സൂര്യയേയും ട്രിക്കിയായ സാഹചര്യത്തിലേക്ക് നയിക്കുന്നതാണ് ടൂര്‍ണമെന്റിലുടനീളം കണ്ടതും.
ഇവിടെയാണ് പ്രധാനപ്പെട്ട മറ്റൊരു ഘടകം. ദക്ഷിണാഫ്രിക്കയുടെ ഓഫ് സ്പിന്നര്‍. ഇന്ത്യയുടെ ടോപ് ത്രീ ഇടം കയ്യൻ ബാറ്റര്മാരായതുകൊണ്ട് തന്നെ ലോകകപ്പിലുടനീളം എതിര് ടീമുകള്‍ ഓഫ് സ്പിൻ തന്ത്രം നിരന്തരം പ്രയോഗിച്ചിരുന്നു. മാര്‍ക്രവും അത് തുടരുക തന്നെ ചെയ്യുമെന്ന് ഉറപ്പിക്കാം. ഡൊനോവൻ ഫെറയ്രയ്ക്ക് പരുക്കേറ്റതോട് പ്രോട്ടിയാസിന് മുന്നിലുള്ള ഓപ്ഷനുകള്‍ക്ക് പരിമിതിയുണ്ട്. മാര്‍ക്രവും ട്രിസ്റ്റൻ സ്റ്റബ്സുമാണ് ഓഫ് സ്പിന്നര്‍മാരായി നിലവില്‍ ടീമിലുള്ളത്. മാര്‍ക്രം ക്വാട്ട പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം, താരം ബൗളിങ്ങില്‍ കൂടുതല്‍ പരിശീലനം നടത്തുന്നതാണ് അഹമ്മദാബാദില്‍ കണ്ടതും.
ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ ഓഫ് സ്പിന്നിനെതിരായ സ്ട്രൈക്ക് റേറ്റ് ലോകകപ്പില്‍ തീര്‍ത്തും നിരാശപകരുന്നതാണ്. തിലകിന്റേത് നൂറില്‍ താഴെയുമാണ്. അഭിഷേകിന്റെ ഓഫ് സ്പിന്നിനെതിരായ പവര്‍പ്ലേ സ്ട്രൈക്ക് റേറ്റ് 150ന് മുകളിലാണ്. ദക്ഷിണാഫ്രിക്കൻ സ്പിന്നര്‍മാരെ ലഭിക്കുന്ന അവസരങ്ങളില്‍ കൗണ്ടര്‍ അറ്റായ്ക്ക് ചെയ്യുക എന്നതായിരുന്നു ഇന്ത്യ സ്വീകരിക്കുന്ന പ്രധാന തന്ത്രങ്ങളിലൊന്ന്. പാക്കിസ്ഥാന്റെ സിയം ആയുബിനും നമീബിയുടെ ഇറാസ്മസിനും നെതര്‍ലൻഡ്സിന്റെ ആര്യൻ ദത്തിനും മുകളില്‍ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യൻ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല, ഇത് തിരുത്തേണ്ടതുണ്ട്.
പ്രോട്ടിയാസ് പേസ് നിരയിലെ ലുംഗി എൻഗിഡി. ലോകകപ്പിനൊരുങ്ങിയ വേഗതകുറഞ്ഞ വിക്കറ്റുകള്‍ എൻഗിഡിയോളം പ്രയോജനപ്പെടുത്തിയ മറ്റൊരു ദക്ഷിണാഫ്രിക്കൻ പേസറില്ലെന്ന് തന്നെ പറയാം. മൂന്ന് കളികളില്‍ നിന്ന് എട്ട് വിക്കറ്റുകള്‍. അതില്‍ നാലും വീഴ്ത്തിയത് പേസ് ഓഫ് ഡെലിവെറികളിലൂടെ. എൻഗിഡിയുടെ പന്തുകള്‍ അതിവേഗം റീഡ് ചെയ്യാനായില്ലെങ്കില്‍ സ്കോറിങ്ങ് എളുപ്പമാകില്ല.
മേല്‍പ്പറഞ്ഞവയ്ക്ക് എല്ലാം ഉപരിയായി ടോസ് ഏറെ നിര്‍ണായകമാകാൻ സാധ്യതയുള്ള മത്സരമാണ് അഹമ്മദാബാദിലേത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ചതും അഹമ്മദാബാദിലാണ്, പരിചിതമാണ് സാഹചര്യങ്ങള്‍. ഇന്ത്യക്കും അഹമ്മദാബാദ് പുതുമയുള്ള മൈതാനമല്ല. ലോകകപ്പിലെ നാലില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചത് ആദ്യ ബാറ്റ് ചെയ്തവരാണ്.
പക്ഷേ, ടീമുകളുടെ വലുപ്പമെടുത്താല്‍ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടിയ മത്സരമായിരുന്നു അഹമ്മദാബാദില്‍ നടന്ന ഏറ്റവും വലിയ പോരാട്ടം. അന്ന് ന്യൂസിലൻഡിന്റെ ക്വാളിറ്റി ബൗളിങ് നിരയ്ക്കെതിരെ കേവലം 17 ഓവറിലാണ് ദക്ഷിണാഫ്രിക്ക 175 റണ്‍സ് പിന്തുടര്ന്ന് ജയിച്ചത്. ചേസ് ചെയ്ത് വിജയിക്കുക എന്നത് ദുഷ്കരമായ ഒന്നല്ല അഹമ്മദാബാദില്‍. അതുകൊണ്ട് ടോസ് വിജയിക്കുന്നവര്‍ ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.


