സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ നേരിടുന്ന രേണു സുധി, പാപം ചെയ്യാത്തവർ തന്നെ കല്ലെറിയട്ടെ എന്ന് പ്രതികരിച്ചു. നെഗറ്റീവ് അഭിപ്രായങ്ങൾ തന്നെ തളർത്തുകയില്ലെന്നും അവർ വ്യക്തമാക്കി.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചയായ ആളാണ് രേണു സുധി. സമീപകാലത്ത് പലതിന്റേയും പേരിൽ വലിയ വിമർശനങ്ങളാണ് ഇവർക്ക് നേരിടേണ്ടി വരുന്നത്. ഇവയ്ക്ക് പലപ്പോഴും രേണു മറുപടിയും നൽകാറുണ്ട്. ഇപ്പോഴിതാ പാപം ചെയ്യാത്തവർ തന്നെ കല്ലെറിയട്ടെ എന്നാണ് വിമർശകരോടായി രേണു പറയുന്നത്. ഫീൽഡ് ഔട്ട് ആയാലും താൻ ജീവിക്കുമെന്നും സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കാൻ വന്ന ആളൊന്നുമല്ല താനെന്നും രേണു പറയുന്നു.

"ബൈബിളില്‍ കര്‍ത്താവ് പറയുന്നു, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ. അതെ ഞാനും പറയുന്നു. നിങ്ങളില്‍ പാപം ചെയ്യാത്ത അവന്മാരും അവളുമാരും എന്നെ കല്ലെറിയട്ടെ. സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് എന്‍റെ കുറ്റങ്ങള്‍ പറഞ്ഞ് വ്ളോഗ് ചെയ്യുന്നവരും നെഗറ്റീവ് കമന്‍റുകളിട്ട് രസിക്കുന്നവരും അങ്ങോട്ടും ഇങ്ങോട്ടും മാറി നിന്ന് എന്‍റെ കുറ്റങ്ങള്‍ പറഞ്ഞ് ആത്മസംതൃപ്തി നേടുന്നവരും.. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ എന്നെ കല്ലെറിയട്ടെ. അതാണല്ലോ അന്തസ്", എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ.

"രേണു സുധിക്ക് വയറ് കാണിക്കാന്‍ പറ്റില്ല. രേണു സുധിക്ക് അങ്ങനെ ചെയ്യാനാവില്ല, ഇങ്ങനെ ചെയ്യാനാവില്ല. രേണു സുധിക്ക് ഒരു ആണിനോട് സംസാരിക്കാന്‍ പറ്റില്ല. രേണു സുധി ഒരു മനുഷ്യനാണ്. മനസിലായോ. അല്ലാതെ ല തൊട്ട് കാല് വരെ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കി വച്ചേക്കുന്ന സാധനമൊന്നും അല്ല രേണു സുധി. ഇങ്ങനെ കിടന്ന് പറയാന്‍ നിങ്ങള്‍ക്ക് നാണമില്ലേ. ലോകത്തില്‍ കുറ്റം ചെയ്യുന്ന ഒരാളേയുള്ളോ രേണു സുധി. എവിടെ പോയാലും എന്‍റെ മെക്കിട്ട് കേറാന്‍ വന്നേക്കുവാ. എന്തൊക്കെ പറഞ്ഞാലും എന്നെ തളര്‍ത്താനാവില്ല. ഞാന്‍ മുന്നോട്ട് തന്നെ പോകും. നീയൊക്കെ പറയും ഇവളുടെ റീച്ച് തീരാറായി, ഫീല്‍ഡ് ഔട്ടായി എന്നൊക്കെ. എടെയ് ഫീല്‍ഡ് ഔട്ട് അവാന്‍ വേണ്ടി, അതിന് വേണ്ടി വന്ന ആളൊന്നും അല്ല ഞാന്‍. സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കാന്‍ വന്ന ആളൊന്നും അല്ല. ഒഴുക്കിനനുസരിച്ച് വന്നതാണ്. ഇനി ഫീല്‍ഡ് ഔട്ട് ആയാലും ഞാന്‍ ജീവിക്കും. എന്നെ സ്നേഹിക്കുന്നവരുണ്ടെങ്കില്‍ ഞാന്‍ ജീവിക്കും", എന്നും രേണു പറയുന്നു. തുടരെയുള്ള ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ് രേണു സുധിയുടെ മറുപടി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming