കഴിഞ്ഞ വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ വിദര്‍ഭക്കായി മലയാളി താരം കരുണ്‍ നായര്‍ നടത്തിയ റണ്‍വേട്ടയെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇത്തവണ ദേവ്ദത്ത് പടിക്കല്‍ കര്‍ണാടകക്കായി നടത്തുന്നത്.

ബെംഗളൂരു: ത്രിപുരക്കെതിരെയും സെഞ്ചുറി നേടിയതോടെ വിജയ് ഹസാരെ ട്രോഫിയില്‍ റണ്‍വേട്ട തുടരുകയാണ് മലയാളി താരം ദേവ്ദത്ത് പടിക്കല്‍. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ദേവ്ദത്ത് പടിക്കലിന്‍റെ നാലാം സെഞ്ചുറിയാണിത്. കേരളത്തിനെതിരെയും ദേവ്ദത്ത് പടിക്കല്‍ സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ വിദര്‍ഭക്കായി മലയാളി താരം കരുണ്‍ നായര്‍ നടത്തിയ റണ്‍വേട്ടയെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇത്തവണ ദേവ്ദത്ത് പടിക്കല്‍ കര്‍ണാടകക്കായി നടത്തുന്നത്. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ 5 കളികളില്‍ 514 റണ്‍സുമായാണ് ദേവ്ദത്ത് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 102.80 ബാറ്റിംഗ് ശരാശരിയിലും 102.18 സ്ട്രൈക്ക് റേറ്റിലും റണ്‍സടിച്ച കൂട്ടിയ ദേവ്ദത്ത് ഇതുവരെ 45 ഫോറും 17 സിക്സും പറത്തി.

റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് ഹിമാചല്‍പ്രദേശിന്‍റെ പുഖ്രജ് മന്‍ ആണ്. അ‍ഞ്ച് മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറി അടക്കം 494 റണ്‍സാണ് മന്‍ ഇതുവരെ അടിച്ചെടുത്തത്. അഞ്ച് കളികളില്‍ 454 റണ്‍സെടുത്ത വിദര്‍ഭ താരം അമന്‍ രവീന്ദ്ര മൊഖണ്ഡെ ആണ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഉത്തര്‍ പ്രദേശിന്‍റെ ആര്യൻ ജുയാല്‍ 412 റണ്‍സുമായി നാലാമതുള്ളപ്പോൾ 403 റണ്‍സുമായി സൗരാഷ്ട്ര താരം സമ്മര്‍ ഗജ്ജര്‍ ടോപ് ഫൈവില്‍ ഇടം നേടി.

ഉത്തര്‍പ്രേദശിനായി 5 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 379 റണ്‍സടിച്ച ഇന്ത്യൻ താരം ധ്രുവ് ജുറെലാണ് റണ്‍വേട്ടയില്‍ ഞെട്ടിച്ച മറ്റൊരു താരം. വിജയ് ഹസാരെയിലെ റണ്‍വേട്ട പക്ഷെ ജുറെലിന് ഇന്ത്യൻ ഏകദിന ടീമിൽ ഇടം നല്‍കിയില്ല. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് സെലക്ടര്‍മാര്‍ നിലനിര്‍ത്തിയത്.

കേരളത്തിനായി തിളങ്ങി ബാബാ അപരാജിത്

വിദര്‍ഭ താരം ധ്രുവ് ഷോറെ(374), ചണ്ഡീഗഡിന്‍റെ അമന്‍ദീപ് ഖാരെ(370), റെയില്‍വേസിന്‍റെയ രവി സിംഗ്(354), ഗോവയുടെ ലളിത് യാദവ്(349) എന്നിവരാണ് വിജയ് ഹസാരെയിലെ ഇതുവരെയുള്ള റണ്‍വേട്ടയില്‍ മുന്നിലെത്തിയ 10 താരങ്ങള്‍. കേരള താരങ്ങളില്‍ ബാബാ അപരാജിത് ആണ് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരം. അഞ്ച് മത്സരങ്ങളില്‍ നിന്ന് 311 റണ്‍സടിച്ചാണ് ബാബാ അപരാജിത് ടീമിന്‍റെ വിശ്വസ്ത ബാറ്ററായത്. 249 റണ്‍സടിച്ച ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മലും ഭേദപ്പെട്ട പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്. ഇന്ത്യൻ താരം സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി മികവ് കാട്ടിയതും കേരളത്തിന് നേട്ടമായി.

ബൗളര്‍മാരില്‍ ഉത്തര്‍പ്രദശിന്‍റെ സീഷാന്‍ അന്‍സാരിയാണ് ഇതുവരെയുള്ള പ്രകടനമിവക് കൊണ്ട് ഞെട്ടിച്ചത്. 5 മത്സരങ്ങളില്‍ നിന്ന് 13.05 ശരാശരിയിലും 4.72 ഇക്കോണമിയിലുമായി 17 വിക്കറ്റുകളാണ അന്‍സാരി എറിഞ്ഞിട്ടത്. ബാറ്റിംഗിലെന്ന പോലെ കേരളത്തിനായി ഇതുവരെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തതും ബാബാ അപരാജിത് ആണ്. അഞ്ച് കളികളില്‍ 11 വിക്കറ്റാണ് അപരാജിത് എറിഞ്ഞിട്ടത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലിടം ലഭിക്കാതിരുന്ന ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിയും അഞ്ച് മത്സരങ്ങളില്‍ 11 വിക്കറ്റുകള്‍ വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക