ഐപിഎല്ലിലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം ലോ സ്കോറിങ്ങ് ത്രില്ലറില്‍ നിന്ന് സൂപ്പര്‍ ഓവര്‍ വരെ എത്തിയെങ്കിലും ക്രിക്കറ്റ് സര്‍ക്കിളുകളിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്നത് ആ റണ്ണൗട്ടാണ്
അംഗ്രിഷ് രഘുവംശിയുടെ റണ്ണൗട്ടില്‍ തേഡ് അമ്പയര്‍ രോഹിൻ പണ്ഡിറ്റിന്റെ തീരുമാനം ശരിയാണോ. ഐപിഎല്ലിലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം ലോ സ്കോറിങ്ങ് ത്രില്ലറില്‍ നിന്ന് സൂപ്പര്‍ ഓവര്‍ വരെ എത്തിയെങ്കിലും ക്രിക്കറ്റ് സര്‍ക്കിളുകളിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്നത് ആ റണ്ണൗട്ടാണ്. സംഭവിച്ചതും തീരുമാനത്തിന് പിന്നിലെ കാരണങ്ങളും പരിശോധിക്കാം.
കൊല്‍ക്കത്ത ഇന്നിങ്സിലെ അഞ്ചാം ഓവര്‍, ബൗളര്‍ പ്രിൻസ് യാദവാണ്, സ്ട്രൈക്കില്‍ രഘുവംശി. നോണ്‍ സ്ട്രൈക്കര്‍ എൻഡില്‍ കാമറൂണ്‍ ഗ്രീനും, അവസാന പന്ത്. മിഡില്‍ - ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറി രഘുവംശി മിഡ് ഓണിലേക്ക് തിരിച്ചുവിട്ട് സിംഗിളിനായി ശ്രമിക്കുന്നു. എന്നാല്‍, ഗ്രീൻ സിംഗിള്‍ നിഷേധിക്കുകയാണ്.
വിക്കറ്റിന്റെ പാതി വഴിയോടിയെത്തിയ രഘുവംശി തിരിഞ്ഞോടാൻ ശ്രമിക്കുന്നു. അപ്പോഴേക്കും മിഡ് ഓണില്‍ നിന്ന് മുഹമ്മദ് ഷമിയുടെ കൈകളില്‍ നിന്ന് ത്രോ സ്റ്റമ്പ് ലക്ഷ്യമാക്കി കുതിച്ചു. റണ്ണൗട്ടില്‍ നിന്ന് സുരക്ഷിതമാകാൻ ക്രീസിലേക്ക് രഘുവംശി ഡൈവ് ചെയ്തു. എന്നാല്‍, ഷമിയുടെ ത്രോ രംഘുവംശിയുടെ കാലിലാണ് പതിച്ചത്. ഉടൻ തന്നെ ലഖ്നൗ നായകനും വിക്കറ്റ് കീപ്പറുമായി റിഷഭ് പന്ത് ഫീല്‍ഡ് തടസപ്പെടുത്തിയതിനെതിരെ അപ്പീല്‍ ചെയ്തു. ഓണ്‍ ഫീല്‍ഡ് അമ്പയറായ അഭിജീത് ബെംഗേരി തേഡ് അമ്പയറിന് തീരുമാനം വിടുകയും ചെയ്തു.
രോഹൻ പണ്ഡിറ്റ് രഘുവംശിയുടെ ദൃശ്യങ്ങള്‍ പലകുറി പരിശോധിച്ചിരുന്നു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇവിടെ നിരീക്ഷിക്കപ്പെട്ടത്. ഒന്ന്, രഘുവംശി ക്രീസിലേക്ക് മടങ്ങുമ്പോള്‍ മനപൂര്‍വം ദിശ മാറ്റിയോ എന്ന്, അതായത് ത്രോ മനസിലാക്കിയ ശേഷം. അല്ലെങ്കില്‍ ദിശമാറ്റത്തില്‍ ന്യായീകരിക്കാവുന്ന കാരണങ്ങളുണ്ടോയെന്ന്.
ഇനി രഘുവംശിയുടെ റണ്ണിനായുള്ള ശ്രമത്തിലേക്ക് വരാം. മിഡോണിലേക്കു പന്തിനെ തട്ടിയിട്ട ശെഷം രഘുംവശി നോണ്‍ സ്ട്രൈക്കര്‍ എൻഡിലേക്ക് ഓടുന്നത് ആദ്യം വിക്കറ്റിന്റെ വലതുവശത്ത് നിന്നും പിന്നീട് മധ്യത്തിലൂടെയുമാണ്, കൃത്യമായി പറഞ്ഞാല്‍ സ്റ്റമ്പ് ലൈനിലൂടെ. അത് അനുവദനീയമായ ഒന്നല്ല.
ഗ്രീൻ സിംഗിള്‍ നിഷേധിച്ച ശേഷം തിരികെ ഓടുമ്പോള്‍ ഷമിയുടെ ത്രോ വീക്ഷിച്ചതിന് ശേഷമാണ് രഘുവംശി ദിശമാറ്റുന്നതും. വിക്കറ്റിന്റെ മധ്യത്തില്‍ നിന്ന് ഏറെക്കുറെ ഒരു സെമി സര്‍ക്കിള്‍ ടേണാണ് രഘുവംശിയെടുക്കുന്നതും. അത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തീരുമാനം എടുക്കുന്നതിന് മുൻപ് രോഹൻ പണ്ഡിറ്റ് ദിശമാറ്റത്തെക്കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്.
ഇവിടെ രഘുവംശിയ സ്വഭാവികമായാണോ അല്ലെങ്കില്‍ മനപ്പൂര്‍വമാണോ ദിശമാറ്റിയതെന്നതില് കാണുന്നവര്‍ക്കും തേഡ് അമ്പയര്‍ക്കും സംശയം തോന്നാവുന്നതാണ്. അത്തരത്തിലായിരുന്നു രഘുവംശിയുടെ ശരീരത്തിന്റെ ചലനങ്ങള്‍. എംസിസി നിയമത്തില്‍ ഇത്തരം സാഹചര്യത്തില്‍ അമ്പയര്‍ക്ക് തീരുമാനമെടുക്കുന്നതിനായി കൃത്യമായ നിര്‍ദേശങ്ങളുണ്ട്. നിയമത്തില്‍ പറയുന്നത് ഇപ്രകാരമാണ്.
വിക്കറ്റിനിടയിലൂടെ ഓടുന്നതിനിടെ സാധൂകരിക്കാനാകുന്ന കാരണമില്ലാതെ ബാറ്റര്‍ ദിശമാറ്റുകയും റണ്ണൗട്ടാക്കാനുള്ള ഫീല്‍ഡറുടെ ശ്രമത്തെ അതുമൂലം തടയുകയും ചെയ്യുന്നതായി അമ്പയര്‍ക്ക് തോന്നുകയാണെങ്കില്‍ ഔട്ട് വിധിക്കാവുന്നതാണ്. റണ്ണൗട്ട് സംഭവിച്ചോ ഇല്ലയോ എന്നത് ഇവിടെ പരിഗണിക്കേണ്ടതുമില്ലെന്ന് എംസിസി നിര്‍ദേശത്തില്‍ പറയുന്നു. ആശയക്കുഴപ്പം വരുന്ന പശ്ചാത്തലത്തിലാണ് ഈ നിയമം ഉപയോഗിക്കുക. രഘുവംശിയുടെ കാര്യത്തില്‍ രോഹൻ പണ്ഡിറ്റിന്റെ തീരുമാനത്തിന് പിന്നില്‍ ഇതാണെന്ന് വിലയിരുത്താം.
മനപ്പൂര്‍വമല്ലാതെ ഫീല്‍ഡ് തടസപ്പെടുത്തിയാലും പരുക്ക് ഒഴിവാക്കുന്നതിനായുള്ള ഇടപെടലുകള്‍ നടത്തിയാലും ഒബ്സ്ട്രക്റ്റിങ് ദ ഫീല്‍ഡ് പ്രകാരം ഔട്ട് വിധിക്കാൻ കഴിയില്ല. രഘുവംശിയുടെ കാര്യത്തില്‍ ഇതുമല്ല സംഭവിച്ചത്.
രഘുവംശി ഔട്ടായിരിക്കില്ല എന്നായിരുന്നു കമന്ററി ബോക്സിലിരുന്നവര്പ്പോലും കരുതിയത്. സ്വഭാവികമായാണ് താരം ദിശമാറ്റിയെതെന്നായിരുന്നു എല്ലാവരും വിലയിരുത്തിയതും. അതുകൊണ്ട് തേഡ് അമ്പയറുടെ തീരുമാനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പില്‍ ഞെട്ടലുളവാക്കുകയും ചെയ്തു. കൊല്‍ക്കത്തയുടെ മുഖ്യപരിശീലകനായ അഭിഷേക് നായര്‍ ഫോര്‍ത്ത അമ്പയറുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു, കളത്തില്‍ രഘുവംശിയും. ദിശമാറ്റമാണ് രഘുവംശിയുടെ വിക്കറ്റിലേക്ക് നയിച്ചത്.


