ഐതിഹാസികമായ ആ വൈരത്തിന്റെ കഥയില്‍ ആദ്യമായൊരു വേഷം സഞ്ജു അണിഞ്ഞപ്പോള്‍ തലമുറമാറ്റത്തിന്റെ ഭേരി വാംഖഡയില്‍ മുഴങ്ങിയിരിക്കുന്നു. ആ ജനതയ്ക്ക് പുതിയ തലൈവൻ
ഒരു മാസം പിന്നിട്ടിട്ടേയുള്ളു ആ മണ്ണില്‍ ദുസ്വപ്നം പോലെ തന്നെ വേട്ടയാടിയ ജോഫ്ര ആർച്ചറേയും സംഘത്തേയും അയാള്‍ ലോകകപ്പില്‍ നിന്ന് തന്നെ തുടച്ചുനീക്കിയിട്ട്. വിശ്വവിജയത്തിന്റെ ഭേരികള്‍ ഇന്നും മുഴങ്ങുന്ന മണ്ണില്‍ ഒരിക്കല്‍ക്കൂടി അയാള്‍ ഇറങ്ങി. അന്ന് തനിക്ക് ഒപ്പമുണ്ടായിരുന്നവരില്‍ പലരും മറുവശത്തുണ്ട്, അയാള്‍ക്കായി ഉടനീളം മിടിക്കുന്ന ഗ്യാലറികളുമായിരുന്നില്ല അവിടെ, അന്തരീക്ഷത്തില്‍പ്പോലും ക്രിക്കറ്റ് തുടിക്കുന്ന മുംബൈയുടെ ആകാശം. അത് കീഴടക്കിയേ മതിയാകു...
109 മിനുറ്റുകള്‍ പിന്നിട്ടിരിക്കുന്നു, മറൈൻ ഡ്രൈവിന്റെ ഓരത്ത് തിങ്ങി നിറഞ്ഞിരിക്കുന്ന കണ്ണുകള്‍ ഒരു ബാറ്റിലേക്ക് മാത്രമാണ് ഉറ്റുനോക്കുന്നത്, ഗ്യാലറിയുടെ മട്ടും ഭാവവുമെല്ലാം മാറിയിരിക്കുന്നു, മുബൈ, സിഎസ്‌കെ ചാന്റുകള്‍ നിശബ്ദമായി, അവിടെ മറ്റൊരു പേര് ക്ഷീണമില്ലാത്ത തിരപോലെ അലയടിച്ചുകൊണ്ടേയിരിക്കുകയാണ്, ആ ശബ്ദങ്ങള്‍ക്ക് ജഴ്‌സിയുടെ നിറമില്ലായിരുന്നു അപ്പോള്‍. ദൈവത്തിന്റെ മണ്ണില്‍, രോഹിത് ശർമയുടെ സാമ്രാജ്യത്തില്‍, ആ പേരിങ്ങനെ പ്രകമ്പനം പോലെ ഉയര്‍ന്നു, സഞ്ജു വിശ്വനാഥ് സാംസണ്‍...
ജസ്പ്രിത് ബുമ്രയുടെ ലെങ്ത് ബോളില്‍ മനോഹരമായൊരു കവര്‍ ഡ്രൈവ്, അസാധ്യമായ ടൈമിങ്. ദാറ്റ് വാസ് ദ ബിഗിനിങ്ങ്. ഹാർദിക്ക് പാണ്ഡ്യയുടെ രണ്ട് പന്തുകളില്‍ ക്ഷമ, മൂന്നാം പന്തില്‍ അത്ര കണ്‍വിൻസിങ്ങല്ലാതെയൊരു ബൗണ്ടറി. പിന്നാലെ, വാംഖഡെയിലെ ചെന്നൈ ആരാധകരെ ഉണര്‍ത്തിയും മുംബൈ ആരാധകരെ നിശബ്ദമാക്കിയും ഒരു ഫ്ലിക്ക്, സിക്‌സ്, ശേഷം ഫോറും. ഓവറിലെ അവസാന പന്തില്‍ ഒരു ക്ലാസിക്ക് ഡെഫ് ടച്ചില്‍ ഷോര്‍ട്ട് തേഡിലൂടെയും ബൗണ്ടറി. 18 റണ്‍സാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് മാത്രം ഹാര്‍ദിക്ക് വഴങ്ങിയത്.
പണ്ട് സഞ്ജുവിനെ സ്ലെഡ്ജ് ചെയ്യാൻ ഹാര്‍ദിക്ക് എത്തിയത് ഓര്‍ക്കുന്നുണ്ടോ. താരം ഗുജറാത്ത് ടൈറ്റൻസ് നായകനായിരിക്കെ 2023ല്‍ രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരം. സഞ്ജു തനിക്കെതിരെ ബൗണ്ടറി നേടിയതായിരുന്നു ഹാര്‍ദിക്കിനെ ചൊടിപ്പിച്ചത്. അന്ന് സഞ്ജുവിന്റെ തൊട്ടരികില്‍ നിന്ന് ഹാര്‍ദിക്ക് ഒരുനോട്ടം നോക്കി. മാനസികമായി സഞ്ജുവിനെ കീഴ്പ്പെടുത്താനായിരുന്നു നീക്കം.
ഇക്കുറി നാല് ബൗണ്ടറികള്‍ വഴങ്ങിയിട്ടും സഞ്ജുവിനെയൊന്ന് നോക്കാൻ പോലും ഹാര്‍ദിക്ക് തയാറായില്ല. കാരണം, അന്ന് അതിന്റെ ചൂടറിഞ്ഞത് റാഷിദ് ഖാനായിരുന്നു, കലാശിച്ചത് ഗുജറാത്തിന്റെ തോല്‍വിയിലും. വാംഖഡെയില്‍ സഞ്ജു ക്രീസില്‍ തുടര്‍ന്ന ഒരു ഘട്ടത്തിലും ഹാര്‍ദിക്ക് പിന്നീട് പന്തെടുത്തില്ല. വ്യാഴാഴ്ച രാത്രിയില്‍ ഹാര്‍ദിക്കിന്റെ ഭയത്തിന്റെ പേര് കൂടിയാകുകയായിരുന്നു സഞ്ജു സാംസണ്‍
പക്ഷേ, മറുവശത്ത് റുതുരാജ് ഗെയ്ക്വാദും സര്‍ഫറാസ് ഖാനും ശിവം ദുബെയുമെല്ലാം മുംബൈ ബൗളര്‍മാര്‍ക്ക് മുന്നില്‍ കീഴ്പ്പെട്ട് മടങ്ങിക്കൊണ്ടേയിരുന്നു. ബ്രെവിസ് സഞ്ജുവിന്റെ തോളില്‍ നിന്ന് അല്‍പ്പം സമ്മര്‍ദം കുറച്ചുനല്‍കി. 11-ാം ഓവറിലെ നാലാം പന്തില്‍ അശ്വനി കുമാറിന്റെ വൈഡ് യോര്‍ക്കറിനെ ഡിപ് ബാക്ക് വേഡ് പോയിന്റിലേക്ക് തിരിച്ചുവിട്ട് അര്‍ദ്ധ സെഞ്ചുറി. 26 പന്തില്‍. ആ ഓവറില്‍ തന്നെ ബ്രെവിസ് മടങ്ങിയതോടെ മത്സരം വീണ്ടും സന്തുലിതമാകുകയായിരുന്നു.
ഇരുടീമുകള്‍ക്കിടയിലെ വ്യത്യാസം താനാണെന്ന ഉറച്ച ബോധ്യത്തിലാണ് സഞ്ജു പിന്നീട് ബാറ്റ് ചെയ്തത്. ശേഷം നാല് ഓവറുകളില്‍ ആ ബാറ്റില്‍ നിന്ന് ഒരു ബൗണ്ടറി പോലുമുണ്ടായില്ല. ക്രിഷ് ഭഗത്ത് എറിഞ്ഞ 16-ാം ഓവറിലാണ് സഞ്ജു ടോപ് ഗിയറിലേക്ക് തിരിച്ചെത്തുന്നത്. രണ്ടാം പന്തില്‍ പുള്‍ ഷോട്ടിലൂടെ നേടിയ സിക്‌സിനേക്കാള്‍ ബ്രൂട്ടലായി തോന്നിയത് പിന്നാലെ പിറന്ന ബൗണ്ടറിയാണ്.
ബ്ലോക്ക്ഹോളില്‍ ലാൻഡ് ചെയ്ത അളന്നുമുറിച്ചുള്ള യോര്‍ക്കര്‍, പൊടുന്നനെ സഞ്ജുവിന്റെ ബാറ്റ് താഴേക്കിറങ്ങി, ബാറ്റിന്റെ ഫേസ് ഓപ്പണാക്കി ആ പന്തിനെ ഷോര്‍ട്ട് തേഡിലൂടെ ഗൈഡ് ചെയ്ത് വിട്ടു. അബ്‌സല്യൂട്ട് സ്കില്ലെന്നായിരുന്നു ഇയാൻ ബിഷപ്പ് പറഞ്ഞത്. ക്രിഷിന്റെ യോര്‍ക്കറിന് നിമിഷങ്ങള്‍ക്ക് മുൻപ് വര്‍ണിച്ച ദക്ഷിണാഫ്രിക്കൻ ഇതിഹാസ ഡെയില്‍ സ്റ്റെയിന് അപ്പോള്‍ ഉത്തരമുണ്ടായിരുന്നില്ല. രണ്ട് ഓവറുകള്‍ക്കപ്പുറം തന്റെ സ്പെല്ലവസാനിപ്പിക്കാൻ ജസ്പ്രിത് ബുമ്ര എത്തി.
ആദ്യ അഞ്ച് പന്തുകളില്‍ ഒരു ബൗണ്ടറി പോലുമുണ്ടായില്ല, പക്ഷേ അഞ്ചാം പന്ത് നോ ബോള്‍. അണ്‍പ്രെഡിക്റ്റബിള്‍ ആയ ബുമ്ര സഞ്ജുവിന്റെ മുന്നില്‍ പ്രെഡിക്റ്റബളാകുന്ന കാഴ്ചയ്ക്കായിരുന്നു വാംഖഡെ സാക്ഷിയായത്. ഫ്രീ ഹിറ്റ് ഡെലിവെറിയില്‍ ബുമ്രയുടെ കൈകളില്‍ നിന്നൊരു യോര്‍ക്കര്‍, സഞ്ജുവിന്റെ ലെഗ് സ്റ്റമ്പിനെ ലക്ഷ്യമിട്ടായിരുന്നു ആ പന്ത് മൂളിപ്പറന്നത്. ചുവടുമാറി മുന്നോട്ടേക്ക് ആഞ്ഞൊരു സ്കൂപ്പ്, ബൗണ്ടറി. ബുമ്ര തിരികെ നടന്നു, ഹാര്‍ദിക്കിന്റെ മുഖത്ത് നിരാശമാത്രം, ഗ്യാലറിയില്‍ സഞ്ജുവിന്റെ പേര് മുഴങ്ങി.
ഒരു ഓവര്‍ ബാക്കി, സഞ്ജുവിന്റെ സ്കോര്‍ 85. ക്രിഷ് വീണ്ടും ഗ്യാലറിയില്‍ വിശ്രമിക്കുകയാണ്, ഒന്നല്ല രണ്ട് തവണ. ഡീപ് മിഡ് വിക്കറ്റിനും കവറിനും മുകളിലൂടെ. സഞ്ജുവിന് സെഞ്ചുറി നിഷേധിക്കാൻ ക്രിഷ് തിരഞ്ഞെടുത്തത് ഷോട്ട് ബോളായിരുന്നു, ബുമ്രയ്ക്ക് പോലും പിടിച്ചുകെട്ടാനാകാത്ത ആ ഫോഴ്‌സിനെ തടയാൻ 21 കാരനുമായില്ല. സ്ക്വയര്‍ ലെഗിലെ പരസ്യറോപ്പുകള്‍ പന്ത് താണ്ടുമ്പോള്‍ വാംഖഡെയുടെ ആരവങ്ങള്‍ക്ക് നടുവില്‍ രജനി സ്റ്റൈലില്‍ ഒന്നൊന്നര ചിരിയുമായി സഞ്ജു.
Aandavan Solran Arunachalam Mudickiran, എന്ന് പറയുന്നതുപോലെ, മുംബൈ ഇന്ത്യൻസിനെ ഒറ്റയ്ക്ക് തീര്‍ത്താണ് അയാള്‍ ക്രീസുവിട്ടത്. ഹാര്‍ദിക്കും സൂര്യയും ബുമ്രയും അയാളെ അഭിനന്ദിക്കാൻ ഓടിയെത്തി. വാംഖഡയുടെ പടികള്‍ കയറുമ്പോള്‍ സച്ചിനും കോലിക്കും രോഹിതുമൊക്കെ ലഭിച്ച അതേ വരവേല്‍പ്പ്, എതിരാളികള്‍പ്പോലും അയാള്‍ക്കായി ക്യാമറക്കണ്ണുകള്‍ തുറന്നു.
54 പന്തില്‍ 101 റണ്‍സ്, പത്ത് ഫോര്‍, ആറ് സിക്സ്. സ്ട്രൈക്ക് റേറ്റ് 187. സീസണിലെ രണ്ടാം സെഞ്ചുറി. ഐപിഎല്ലിലെ അഞ്ചാം ശതകം. ഫോര്‍മാറ്റില്‍ മൂന്നക്കം തൊടുന്നത് എട്ടാം തവണ, രോഹിത് ശര്‍മയ്ക്കൊപ്പം. മുംബൈക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ താരം. അതിനായി 19 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു, സഞ്ജു സാംസണ്‍ അവതരിക്കേണ്ടി വന്നു.
ഐതിഹാസികമായ ആ വൈരത്തിന്റെ കഥയില്‍ ആദ്യമായൊരു വേഷം സഞ്ജു അണിഞ്ഞപ്പോള്‍ തലമുറമാറ്റത്തിന്റെ ഭേരി വാംഖഡയില്‍ മുഴങ്ങിയിരിക്കുന്നു. ആ ജനതയ്ക്ക് പുതിയ തലൈവൻ, സഞ്ജു വിശ്വനാഥ് സാംസണ്‍.


