ആരാധകരുടെ കണ്ണില്‍ ആ നായക കസേരയില്‍ മറ്റൊരാളുടെ കൈകള്‍ ഇതിനോടകം പതിഞ്ഞുകഴിഞ്ഞു, അയാളോളം ആ സ്ഥാനം മറ്റൊരാള്‍ ഇന്ന് അര്‍ഹിക്കുന്നുണ്ടോയെന്ന് പോലും സംശയമാണ്

സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യയുടെ ടി20 ടീമിനെ നയിക്കാൻ ആര് എന്ന ചോദ്യം അന്തരീക്ഷത്തില്‍ ഏറെക്കാലമായുണ്ട്. വിശ്വവിജയത്തിന് ശേഷം അത് ഇത്തിരി ഉച്ചത്തില്‍ കേള്‍ക്കുന്നുവെന്ന് മാത്രം. ശുഭ്‌മാൻ ഗില്‍ എന്ന പേരിന് നേര്‍ക്ക് സെലക്ടര്‍മാര്‍ കൈ ചൂണ്ടിയേക്കാം, പക്ഷേ ആരാധകരുടെ കണ്ണില്‍ ആ കസേരയില്‍ മറ്റൊരാളുടെ കൈകള്‍ ഇതിനോടകം പതിഞ്ഞുകഴിഞ്ഞു, അയാളോളം ആ സ്ഥാനം മറ്റൊരാള്‍ ഇന്ന് അര്‍ഹിക്കുന്നുണ്ടോയെന്ന് പോലും സംശയമാണ്. പഞ്ചാബ് കിങ്സിന്റെ സര്‍പഞ്ച് സാബ്, ശ്രേയസ് സന്തോഷ് അയ്യര്‍.

ശുഭ്മാൻ ഗില്‍ - ശ്രേയസ് അയ്യര്‍. ഈ രണ്ട് പേരുകളിലേക്ക് സാധ്യതകളെത്തുകയാണ്. രോഹിത് ശര്‍മയെ ഏകദിന ഫോര്‍മാറ്റിലെ നായകസ്ഥാനത്തുനിന്ന് ഒഴിവാക്കിയതിന്റെ കാരണമായി അജിത് അഗാര്‍ക്കര്‍ പറഞ്ഞതോര്‍മയില്ലെ. മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്ത ക്യാപ്റ്റന്മാരാകുമ്പോള്‍ ആശയവിനിമയം ബുദ്ധിമുട്ടാകും എന്ന്. പ്രത്യേകിച്ചും പരിശീലകനെന്ന് അന്ന് അഗാര്‍ക്കര്‍ എടുത്ത് പറയുകയും ചെയ്തിരുന്നു. ഇവിടെ മാത്രമാണ് ഗില്ലിന്റെ സാധ്യതകള്‍ ഏറുന്നതും. എന്നാല്‍, ശ്രേയസിന്റെ അസാധാരണമായ നേട്ടങ്ങളോട് എങ്ങനെ കണ്ണടയ്ക്കാൻ കഴിയും.

ഡല്‍ഹി ക്യാപിറ്റല്‍സിനെ ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിച്ച നായകൻ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്നാം കിരീടം ചൂടിച്ചവൻ. പഞ്ചാബ് കിങ്സിനെ പതിറ്റാണ്ടുകള്‍ക്ക് കിരീടം സ്വപ്നം കാണാൻ പഠിപ്പിച്ചവൻ. നയിച്ച എല്ലാ സംഘങ്ങളേയും ഫൈനല്‍ വരെ ചുരുങ്ങിയത് ഒരു തവണയെങ്കിലും എത്തിക്കാൻ ശ്രേയസ് അയ്യറിന് കഴിഞ്ഞിട്ടുണ്ട്. വെറുമൊരു വണ്‍ടൈം വണ്ടര്‍ ക്യാപ്റ്റനല്ല ശ്രേയസ് എന്ന് മനസിലാക്കാൻ ഇതില്‍പ്പരം മറ്റെന്ത് ചൂണ്ടിക്കാണിക്കാനാണ്.

ഇവയെല്ലാം ഒരുവശത്ത് നില്‍ക്കെ പറയാനുള്ളത് മറ്റൊന്നാണ്. പഞ്ചാബ് കിങ്സിനെ എങ്ങനെ ശ്രേയസ് നയിക്കുന്നുവെന്നതാണ്. കഴിഞ്ഞ സീസണ്‍ തന്നെയെടുക്കാം. താരസമ്പന്നമായ ഒരു നിരയായിരുന്നില്ല പഞ്ചാബിന്റേത്. പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിങ്, നേഹല്‍ വധേര, ശശാങ്ക് സിങ്, വിജയകുമാര്‍ വൈശാഖ് എന്നിങ്ങനെ അണ്‍ക്യാപ്ഡ് താരങ്ങളുടെ ഒരു നീണ്ട നിര തന്നെയായിരുന്നു പഞ്ചാബ് ഇലവൻ. ഈ സംഘത്തെ വെച്ചാണ് അഹമ്മാദാബാദിലെ കിരീടപ്പോര് വരെ ശ്രേയസ് പഞ്ചാബിനെ എത്തിച്ചത്.

ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച നായകന്മാരിലൊരാളായ റിക്കി പോണ്ടിങ് എന്തുകൊണ്ട് ശ്രേയസിനെ വാഴ്ത്തുന്നു എന്നതിന്റെ ഉത്തരംകൂടിയാണ് മേല്‍പ്പറഞ്ഞതെല്ലാം. ക്യാപ്റ്റൻസി ബ്രില്യൻസിന്റെ കാര്യത്തിലും ശ്രേയസ് ഒട്ടും പിന്നിലല്ലെന്ന് പലകുറി ഈ സീസണില്‍ തന്നെ തെളിഞ്ഞതാണ്. സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരായ മത്സരം തന്നെ ഉദാഹരണമായി എടുക്കാൻ കഴിയും.

ട്രാവിസ് ഹെഡ് - അഭിഷേക് ശര്‍മ കൂട്ടുകെട്ട് എട്ട് ഓവറില്‍ 120ല്‍ എത്തിയിരുന്നു. സ്കോര്‍ കുറഞ്ഞത് 250 താണ്ടുമെന്നാണ് കരുതിയത്. അപ്പോള്‍ ശ്രേയസ് ഒരു ഗ്യാമ്പിള്‍ നടത്തി. ശശാങ് സിങ്ങിനെ പന്തേല്‍പ്പിച്ചു. മീഡിയം പേസറായ ശശാങ്കിനെ ഇരുവരും നിസാരമായി കാണാനും കൂറ്റനടിക്ക് ശ്രമിക്കാനും സാധ്യതയുണ്ടെന്ന കണക്കുകൂട്ടലായിരുന്നു പിന്നില്‍, ഒരുതരം മൈൻഡ് ഗെയിം. അതില്‍ ശ്രേയസ് പൂര്‍ണമായും വിജയിക്കുന്നതാണ് മൈതാനത്ത് കണ്ടത്. ഒൻപതാം ഓവറില്‍ അഭിഷേകും ഹെഡും പുറത്ത്. പിന്നീടുള്ള 12 ഓവറില്‍ 99 റണ്‍സ് മാത്രമാണ് ഹൈദരാബാദിന് നേടാനായത്, ആറ് വിക്കറ്റിന് പഞ്ചാബ് വിജയിക്കുകയും ചെയ്തു.

മറ്റൊന്ന് ശ്രേയസ് സമ്മര്‍ദത്തെ കൈകാര്യം ചെയ്യുന്ന വിധമാണ്. 26.75 കോടിരൂപയാണ് ഐപിഎല്ലിലെ ശ്രേയസിന്റെ മൂല്യം. വലിയ തുകയുടെ ഭാരം താങ്ങനാകാതെ സമ്മര്‍ദത്തിലാകുന്ന നിരവധി താരങ്ങളുണ്ട് ഇന്ന് ഐപിഎല്ലില്‍, അതും അന്താരാഷ്ട്ര താരങ്ങള്‍. റിഷഭ് പന്തിന് സംഭവിച്ചതും കാമറൂണ്‍ ഗ്രീനിന് നിലവില്‍ സംഭവിക്കുന്നതുമെല്ലാം ഉദാഹരണമാണ്.

എന്നാല്‍, ശ്രേയസോ, പഞ്ചാബിനൊപ്പമുള്ള ആദ്യ സീസണില്‍ 601 റണ്‍സാണ് വലം കയ്യൻ ബാറ്ററുടെ സമ്പാദ്യം, 50 ശരാശരിയും 175 സ്ട്രൈക്ക് റേറ്റും. ഈ സീസണില്‍ കരുത്ത് അല്‍പ്പം കൂടിയിട്ടുണ്ട്. നാല് ഇന്നിങ്സുകളില്‍ നിന്ന് മൂന്ന് അര്‍ദ്ധ ശതകം ഉള്‍പ്പെടെ 67 ശരാശരിയില്‍ 2023 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 187 കടന്നിരിക്കുന്നു. സമ്മര്‍ദമൊന്നും ഒരിക്കലും ശ്രേയസിന്റെ ബാറ്റിനേയും തന്ത്രങ്ങളേയോ ബാധിച്ചിട്ടില്ല എന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാൻ.

ഇനി എന്തുകൊണ്ട് ശ്രേയസ് ഇന്ത്യയുടെ നായകനാകാണം. സൂര്യകുമാര്‍ യാദവിന്റെ ഐഡിയല്‍ റീപ്ലേസ്മെന്റാണ് ശ്രേയസ്. സൂര്യക്ക് സമാനമായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നു. സ്ഥിരതയുടെ കാര്യത്തില്‍ യാതൊരുവിധ ആശങ്കകളും ഇവിടെയില്ല. ലോകകപ്പില്‍ ഫോമിലേക്ക് മടങ്ങിവരുന്നുവെന്ന് തോന്നിച്ചെങ്കിലും സൂര്യക്ക് ഐപിഎല്ലില്‍ തിളങ്ങാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് സൂര്യക്ക് അപ്പുറം ചിന്തിക്കാൻ സെലക്ടര്‍മാര്‍ തയാറായേക്കും.

ഇനി ഗില്‍ ചിത്രത്തിലേക്ക് വന്നെന്ന് തന്നെ ഇരിക്കട്ടെ. ഓപ്പണിങ് സ്ഥാനത്തിനപ്പുറം മധ്യനിരയിലേക്ക് ഗില്‍ ഇറങ്ങാനുള്ള സാധ്യത വിരളമാണ്. ഓപ്പണര്‍മാരായി സഞ്ജു, അഭിഷേക്, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ എന്നിങ്ങനെ നിരവധി ഓപ്ഷനുകളുണ്ട്. ഗില്ലിന്റെ സാധ്യത ഇവിടെ ചുരുക്കമാണെന്ന് അനുമാനിക്കേണ്ടി വരും. ഇതോടെ ശ്രേയസിന്റെ സാധ്യതകള്‍ ഉയര്‍ന്നേക്കും. പുറത്തിനേറ്റ പരുക്ക് മൂലം ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന ശ്രേയസിനെ പൂര്‍ണമായും ഉപയോഗിക്കാൻ കഴിയുന്ന പോര്‍മാറ്റ് കൂടിയാണ് ടി20.