അന്താരാഷ്ട്ര ക്രിക്കറ്റില്‍ ട്വന്റി 20 ഫോർമാറ്റില്‍ ഈ വർഷം ഒരു അര്‍ദ്ധ സെഞ്ചുറി പോലും നേടാൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനായിട്ടില്ല. ഫോമില്ലായ്മക്ക് കാരണം നായകസമ്മർദമോ?

ഒരു ഗം ചവച്ചുകൊണ്ട് വളരെ കൂളായി, ഡീപ് ബാക്ക്‌വേഡിന് മുകളിലൂടെ സ്വീപ് ചെയ്തും, ഫൈൻ ലെഗിലൂടെ സ്കൂപ്പ് ചെയ്തും പന്ത് ഗ്യാലറിയിലേക്ക് കോരിയിടുന്ന സൂര്യകുമാര്‍ യാദവ്. അനായാസത നിറഞ്ഞ ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കേണ്ടി വരുന്നു ക്രിക്കറ്റ് ആരാധകര്‍ക്ക്.

Not out of form, but out of runs.

ഫോമില്ലായ്മ അല്ല, റണ്‍സിന്റെ അഭാവമാണുള്ളത്, സൂര്യകുമാര്‍ പറഞ്ഞുവെച്ചു. ഒരുവര്‍ഷത്തിലധികമായി നിശബ്ദമായി തുടരുന്ന സ്വന്തം ബാറ്റിനെക്കുറിച്ച് ഇന്ത്യൻ നായകന് നല്‍കാനുണ്ടായിരുന്ന വിശദീകരണം ഇതായിരുന്നു. പ്രതീക്ഷക്കൊത്ത് ഉയരാത്ത ഉപനായകനെ മാറ്റി നിര്‍ത്താൻ ബിസിസിഐ തയാറായത് സൂര്യകുമാര്‍ യാദവിന് ഒരു മുന്നറിയിപ്പുകൂടയെല്ലെ എന്ന സംശയം ഉയര്‍ന്നാല്‍ തെറ്റുപറയാനാകില്ല. സൂര്യകുമാര്‍ യാദവിന്റെ ഫോം നഷ്ടമാകലിന് പിന്നിലെ കാരണമെന്ത്, നായകന്റെ തിരിച്ചുവരവ് എത്രത്തോളം നിര്‍ണായകമാണ് ലോകകപ്പ് പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ യാത്രയില്‍.

ഒരു ലോകകപ്പിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് രോഹിത് ശര്‍മ പടിയിറങ്ങിയ ദിവസം. ഇതിഹാസങ്ങളില്ലാത്ത ഇന്ത്യയെ നയിക്കാനുള്ള നിയോഗം സൂര്യകുമാര്‍ യാദവിലേക്ക് എത്തി. അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചതിന് ശേഷം ഇന്ത്യൻ കുപ്പായത്തിലെ സൂര്യയുടെ ഏറ്റവും മോശം പ്രകടനങ്ങളുടെ തുടക്കം ആ നായകന്റെ കുപ്പായം അണിഞ്ഞതിന് ശേഷമായിരുന്നു. ടി 20 ഫോര്‍മാറ്റില്‍ 2025 കലണ്ടര്‍ വര്‍ഷം ദേശീയ ടീമിന് പുറമെ രണ്ട് ടീമുകള്‍ക്കായാണ് സൂര്യകുമാര്‍ ബാറ്റ് ചെയ്തത്. ഒന്ന്, ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനായി, ശേഷം സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനായി.

ആദ്യം ഐപിഎല്ലിലേക്ക്. മുംബൈ ഇന്ത്യൻസ്, നായകൻ ഹാര്‍ദിക്ക് പാണ്ഡ്യ. 2025 സീസണില്‍ സൂര്യകുമാ‍ര്‍ യാദവ് പുറത്തെടുത്തത് അസാധാരണമായ പ്രകടനമായിരുന്നു. 16 ഇന്നിങ്സില്‍ നിന്ന് 717 റണ്‍സ്. ഓപ്പണറല്ലാത്ത ഒരു താരം ഒരു ഐപിഎല്‍ സീസണില്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ്. 65.18 ശരാശരിയിലും 167 സ്ട്രൈക്ക് റേറ്റിലുമായിരുന്നു സൂര്യയുടെ പ്രകടനം. 38 സിക്സറുകള്‍, അഞ്ച് അര്‍ദ്ധ സെഞ്ചുറി. ഇതിനെല്ലാം ഉപരിയായി, ഒരു മത്സരത്തില്‍പ്പോലും സൂര്യ ഒറ്റയക്കത്തില്‍ പുറത്തായിട്ടില്ല, ട്വന്റി 20യുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ബാറ്റര്‍ തുടര്‍ച്ചയായി 16 മത്സരങ്ങളില്‍ രണ്ടക്കം കടക്കുന്നതുപോലും. ടൂര്‍ണമെന്റില്‍ റണ്‍വേട്ടയില്‍ രണ്ടാമനും.

ഇനി സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലേക്ക്. ടീം മുംബൈ, നായകൻ ശാര്‍ദൂല്‍ താക്കൂര്‍. ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പരയുള്ളതിനാല്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് സൂര്യകുമാര്‍ ക്രീസിലെത്തിയത്. 41 ശരാശരിയില്‍ 165 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 140. ഒരു മത്സരത്തില്‍പ്പോലും 20 റണ്‍സിന് താഴെ വലം കയ്യൻ ബാറ്റര്‍ സ്കോര്‍ ചെയ്തിട്ടില്ല, സ്ഥിരതയോടെ ബാറ്റ് ചെയ്യാനും കഴിഞ്ഞു. താൻ ഫോമിലല്ലെന്നോ റണ്‍സിന്റെ പോരായ്മയാല്‍ സമ്മര്‍ദത്തിലാണെന്നോ ബാറ്റിങ്ങില്‍ പ്രകടവുമല്ലായിരുന്നു.

മുംബൈ ക്യാമ്പില്‍ നിന്ന് സൂര്യകുമാര്‍ നേരെ എത്തിയത് ഇന്ത്യൻ ടീമിലേക്കായിരുന്നു. നേര്‍വിപരീതമായിരുന്നു കാര്യങ്ങള്‍. ഇന്ത്യൻ നായകന്റെ സ്കോറുകള്‍ 12, 5, 12, 5 എന്നിങ്ങനെയായിരുന്നു. 2025 സൂര്യകുമാര്‍ അവസാനിപ്പിക്കുന്നത് തന്റെ ക്രിക്കറ്റിങ് കരിയറിലെ തന്നെ ഏറ്റവും മോശം വര്‍ഷമായിട്ടായിരിക്കും. 21 മത്സരം 218 റണ്‍സ്, ശരാശരി 13, സ്ട്രൈക്ക് റേറ്റ് 123. ഒരു അര്‍ദ്ധ സെഞ്ചുറിപോലും പേരിന് നേര്‍ക്കില്ല.

കഴിഞ്ഞ വര്‍ഷം അവസാനം ദക്ഷിണാഫ്രിക്കൻ പര്യടനത്തില്‍ അഞ്ച് റണ്‍സ് താണ്ടിയത് ഒരുതവണ, പിന്നാലെ ഇന്ത്യ ആതിഥേയത്വം വഹിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ രണ്ട് ഡക്ക് ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 28 റണ്‍സ്. ഓസ്ട്രേലിയൻ പര്യടനത്തില്‍ നാല് മത്സരങ്ങളില്‍ നിന്ന് 84 റണ്‍സും. നായകനായിരിക്കുമ്പോഴും അല്ലാത്തപ്പോഴുമുള്ള സൂര്യയുടെ ബാറ്റിങ്ങ് പ്രകടനങ്ങള്‍ വ്യക്തമാക്കുന്നു അയാളിലെ സമ്മര്‍ദത്തിന്റെ തോത് എത്രത്തോളം ഉയര്‍ന്നാണ് ഇരിക്കുന്നതെന്ന്.

താൻ നെറ്റ്സില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും എന്നാല്‍ മത്സരങ്ങളില്‍ അത് പരിവര്‍ത്തനപ്പെടുത്താൻ കഴിയാതെ പോകുന്നെന്നും സൂര്യ തന്നെ സമ്മതിക്കുകയും ചെയ്യുന്നു. സമീപകാലത്ത് സൂര്യ പുറത്തായ രീതികള്‍ പരിശോധിച്ചാല്‍ ഭൂരിഭാഗവും സര്‍ക്കിളിന് അകത്തുതന്നെയാണ്. തന്റെ ഷോട്ടുകള്‍ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്, പക്ഷെ അത് വിജയിക്കുന്നില്ല എന്ന് മാത്രം. വിജയ് ഹസാരെ ട്രോഫിയില്‍ സൂര്യകുമാര്‍ യാദവ് മുംബൈക്കായി കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്, ലോകകപ്പിന് മുൻപ് ഫോം വീണ്ടെടുക്കാൻ മറ്റൊരു അവസരമുള്ളത് ന്യൂസിലൻ‍ഡ് പരമ്പരയാണ്. ജനുവരി അവസാനം.

ലോകകപ്പില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് തന്നെ നയിക്കുമെന്നതില്‍ സംശയങ്ങളില്ല. പക്ഷേ, ഫോം വീണ്ടെടുത്തില്ലെങ്കില്‍ ലോകകപ്പിന് ശേഷം സൂര്യകുമാര്‍ യാദവിന്റെ ടീമിലെ സ്ഥാനത്തിന്റെ കാര്യത്തിലാണ് ആശങ്ക. ട്വന്റി 20 ടീം പരിശോധിച്ചാല്‍ സമീപകാലത്ത് തിളങ്ങാത്ത ഒരേയൊരു താരം സൂര്യയാണ്, അത് ബൗളിങ് നിരയാണെങ്കിലും ബാറ്റര്‍മാരാണെങ്കിലും. അതുകൊണ്ട് താരത്തിന്റെ ഫോം ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്, ഇന്ത്യക്ക് മാത്രമല്ല, സ്വന്തം കരിയര്‍ രക്ഷിക്കാൻ സൂര്യക്കും.