ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ വിവിധ കാലഘട്ടങ്ങളില്‍ ലോകത്തിന് മുന്നില്‍ ടീമിനെ പ്രതിനിധീകരിക്കുന്ന ഒരു മുഖമുണ്ടാകും. കപില്‍ ദേവ് മുതല്‍ കോഹ്‌ലി വരെ നീളുന്ന പട്ടിക

ദൈവവും ദാദയും രാജാവും ഹിറ്റ്മാനും രാജകുമാരനുമൊക്കെ വാണിരുന്ന, വാഴുന്ന ഡ്രെസിങ് റൂം. അവിടേക്ക് താരപരിവേഷങ്ങളോട് പൂര്‍ണമായും വിയോജിപ്പുള്ള ഒരാള്‍ എത്തുന്നു. അയാളുടെ തീരുമാനങ്ങളെ നയിക്കുന്നത് വ്യക്തികേന്ദ്രീകൃതമായ സംവിധാനങ്ങളല്ല. മറിച്ച്, പ്രഥമ പരിഗണന എപ്പോഴും ടീമിനാണ്, പ്രകടനങ്ങള്‍ക്കും വിജയത്തിനുമാണ് പ്രാധാന്യം. ഗൗതം ഗംഭീര്‍ 2024 ജൂലൈയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് എത്തിയ നാള്‍ മുതല്‍ ഭൂതകാലങ്ങളില്‍ കണ്ടുപോന്നിരുന്ന പലതും തിരുത്തപ്പെട്ടു. വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും തേടിയെത്തുമ്പോഴും നിലപാടുകളില്‍ ഉറച്ചു നിന്നു. ഇന്ത്യൻ ക്രിക്കറ്റിലെ സ്റ്റാര്‍ കള്‍ച്ചര്‍ പൂര്‍ണമായും അവസാനിപ്പിക്കാൻ ഗംഭീറിന് കഴിയുമോ.

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ വിവിധ കാലഘട്ടങ്ങളില്‍ ലോകത്തിന് മുന്നില്‍ ടീമിനെ പ്രതിനിധീകരിക്കുന്ന ഒരു മുഖമുണ്ടാകും. കപില്‍ ദേവ്, സുനില്‍ ഗവാസ്ക്കര്‍, സച്ചിൻ തെണ്ടുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോഹ്ലി...ഇങ്ങനെ നീളുന്നു പട്ടിക. ഇതിലെ ഏറ്റവും പുതിയ എൻട്രി ശുഭ്മാൻ ഗില്ലിന്റേതായിരുന്നു. സ്ഥിരതയില്ലായ്മയ്ക്കും മോശം ഫോമിനുമൊന്നും ഈ പേരുകളെ ടീമിന് പുറത്തിരുത്താൻ സാധിച്ചിട്ടില്ല. സച്ചിന്റേയും ഗാംഗുലിയുടേയും ധോണിയുടേയുമൊക്കെ പ്രൈം കാലത്ത് ഡ്രെസിങ് റൂമിലുണ്ടായിരുന്ന ഗംഭീറിലേക്ക് പരിശീലകന്റെ കുപ്പായമെത്തിയപ്പോള്‍ പലസമവാക്യങ്ങളും തിരുത്തപ്പെട്ടു.

ഇതിന്റെ ആദ്യ സൂചനകള്‍ വന്നത് 2024-25 ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫിക്ക് പിന്നാലെയായിരുന്നു. ടീമിലെ സൂപ്പര്‍ താരങ്ങളും പരിചയസമ്പന്നരുമായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും പരാജയപ്പെട്ട പര്യടനം. അഞ്ച് മത്സരങ്ങളില്‍ നിന്ന് 190 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യമെങ്കില്‍ മൂന്ന് കളികളില്‍ നിന്ന് 31 റണ്‍സാണ് രോഹിത് നേടിയത്. ഇന്ത്യൻ പേസര്‍ ആകാശ് ദീപിനേക്കാള്‍ താഴെയായിരുന്നു രോഹിതിന്റെ കണക്കുകള്‍. 2020ന് ശേഷം കോഹ്ലിയുടേയും 2022ന് ശേഷം രോഹിതിന്റേയും ടെസ്റ്റിലെ മികവ് കുത്തനെ ഇടിഞ്ഞിരുന്നു, അതിന്റെ ക്ലൈമാക്സിലേക്ക് എത്തുകയായിരുന്നു ഓസ്ട്രേലിയയില്‍.

വിദേശ വിക്കറ്റുകളിലും ഇന്ത്യയിലും ഇത് തുടര്‍ന്നതോടെയാണ് രോഹിതിനും കോഹ്ലിക്കും അപ്പുറം ടെസ്റ്റില്‍ ചിന്തിച്ചുതുടങ്ങണമെന്ന ആശയത്തിലേക്ക് ബിസിസിഐ എത്തുന്നത്. അവസാന അവസരമെന്നവണ്ണം രഞ്ജി ട്രോഫിയില്‍ തെളിയാൻ കളമൊരുങ്ങിയെങ്കിലും പരാജയപ്പെട്ടു. ഇംഗ്ലണ്ട് പര്യടനത്തില്‍ തിരിച്ചെത്തുമെന്ന് രോഹിത് പറയുകയും ചെയ്തു. എന്നാല്‍, മുന്നോട്ടുള്ള പദ്ധതികളില്‍ ഇരുവരുമില്ലെന്നത് വ്യക്തമാക്കുകയായിരുന്നു ബിസിസിഐ. ഇതോടെ ഒരു വിടവാങ്ങല്‍ മത്സരമില്ലാതെ ആധുനിക ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കും വെള്ളക്കുപ്പായം അഴിച്ചുവെക്കേണ്ടി വന്നു.

പൊടുന്നനെയുള്ള തീരുമാനമായിരുന്നില്ല അതെന്ന് പിന്നോട്ടുനോക്കിയാല്‍ വ്യക്തമാകുകയും ചെയ്യു. പക്ഷേ, ഇരുവരും ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് നല്‍കിയ സ്റ്റബിലിറ്റി വിരമിക്കലിന് ശേഷം കാണാനായിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. ഇന്ത്യയിലെ വിക്കറ്റുകളില്‍പ്പോലും യുവനിര നിലയില്ലാക്കയത്തില്‍ അകപ്പെട്ടതുപോലെയായിരുന്നു. ടെസ്റ്റിലെ റണ്‍വരള്‍ച്ചയ്ക്ക് ഇരട്ടി ശക്തിയോടെയാണ് ഏകദിനത്തില്‍ രോ-കോ സഖ്യം തിരിച്ചടിച്ചത്. 2027 ഏകദിന ലോകകപ്പ് പദ്ധതികളില്‍ രോഹിതും കോഹ്ലിയുമുണ്ടോയെന്നത് ഇന്നും വ്യക്തമല്ല. പക്ഷേ, ടെസ്റ്റിലെ പോലൊരു പടിയിറക്കം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ അവസാനം വിജയ് ഹസാരം ട്രോഫി വരെ ഇരുവര്‍ക്കും കഴിഞ്ഞു.

രോഹിതിന്റേയും കോഹ്ലിയുടേയും കാര്യത്തില്‍ പ്രായവും പ്രകടനങ്ങളുമൊക്കെ ഘടകമായിരുന്നു. ടീമിലെ മറ്റാരേക്കാള്‍ വലിയ സൂപ്പര്‍ താരങ്ങള്‍. കരിയറിന്റെ സായാഹ്നത്തിലുള്ളവരും. പക്ഷേ, ട്വന്റി 20 ലോകകപ്പ് ടീമില്‍ നിന്ന് ഉപനായകനും ഭാവിതാരവും പുതിയ പോസ്റ്റര്‍ ബോയിയുമൊക്കെയായ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയത് ഗംഭീര്‍ തന്റെ നിലപാടില്‍ ഉറച്ചുതന്നെയെന്നതിന്റെ സൂചനയാണെന്ന് വേണം കരുതാൻ. ടെസ്റ്റിലേയും ഏകദിനത്തിലേയും നായകൻ കൂടിയാണ് ഗില്ലെന്നും ഓര്‍ക്കേണ്ടതുണ്ട്. ഓപ്പണറായി തിളങ്ങിയ സഞ്ജുവിന് മുകളില്‍ ഗില്ലിന് സ്ഥാനം നല്‍കിയപ്പോള്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.

15 അവസരങ്ങളില്‍ ഒരു അര്‍ദ്ധ സെഞ്ചുറിപോലും ഗില്ലിന്റെ ബാറ്റില്‍ നിന്ന് പിറന്നില്ല. ഇന്ത്യയുടെ അഗ്രസീവ് ക്രിക്കറ്റിനോട് ചേര്‍ന്നുനില്‍ക്കാൻ ഗില്‍ ശ്രമിച്ചപ്പോഴെല്ലാം പരാജയപ്പെട്ടുകൊണ്ടേയിരുന്നു. ഇത് സഞ്ജു സാംസണിന് തന്റെ സ്ഥാനം തിരികെ ലഭിക്കുന്നതിനും കാരണമായി. താരപരിവേഷമല്ല, മറിച്ച് പ്രകടനങ്ങള്‍ക്കാണ് പ്രധാന്യമെന്നും ടീമിനാണ് മുൻഗണനയെന്നും ഈ തീരുമാനത്തിലൂടെ തെളിഞ്ഞു. സ‍ഞ്ജു ഓപ്പണറാകുമ്പോള്‍ ഇന്ത്യക്ക് ലഭിക്കുന്ന മുൻതൂക്കമായിരുന്നു ഗില്ലിനെ പുറത്താക്കിയതിലെ പ്രധാന ഘടകങ്ങളിലൊന്ന്. തുടരെ നിരാശപ്പെടുത്തിയാലും പുറത്താകില്ലെന്ന് ഉറപ്പാണ് സ്റ്റാര്‍ഡം നല്‍കുന്നത്, അത് തിരുത്തപ്പെട്ടിരിക്കുന്നു.

ഗില്ലിന് സംഭവിച്ചത് നാളെ ട്വന്റി 20 നായകൻ സൂര്യകുമാര്‍ യാദവിനും സംഭവിക്കാം. ഗില്ലിനേക്കാള്‍ മോശം ഫോമിലാണ് സൂര്യ തുടരുന്നത്. താരസംസ്കാരം അവസാനിക്കുമോയെന്നത് 2026 തെളിയിക്കും. രോഹിത്, കോഹ്ലി എന്നിവരുടെ അന്താരാഷ്ട്ര കരിയറിനെ നിര്‍ണയിക്കുന്ന വര്‍ഷമാണ് 2026. ശേഷം ഒരു രാജാവോ ഹിറ്റമാനോ ജനിക്കുമോയെന്നത് കാത്തിരുന്ന് കാണാം.