ഒടിപി ബാങ്ക് തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ എയർടെൽ എഐ അധിഷ്ഠിത ഫ്രോഡ് അലേർട്ട് സംവിധാനം അവതരിപ്പിച്ചു. സംശയാസ്പദമായ കോളുകൾക്കിടയിൽ ബാങ്ക് ഒടിപി ലഭിച്ചാൽ, ആ സംഭാഷണത്തിനിടയിൽ തന്നെ ഉപഭോക്താവിന് തത്സമയം മുന്നറിയിപ്പ് നൽകും.
തിരുവനന്തപുരം: ഒറ്റത്തവണ പാസ്വേഡുമായി (ഒടിപി) ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പുകളില്‍നിന്നും ഉപഭോക്താക്കളെ തത്സമയം സംരക്ഷിക്കുന്ന എഐ അധിഷ്ഠിത ഫ്രോഡ് അലെര്‍ട്ട് എയര്‍ടെല്‍ സംവിധാനം അവതരിപ്പിച്ചു. സ്പാമുകള്ക്കെതിരെ ഭാരതി എയര്‍ടെല്‍ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് ഈ സംവിധാനം അവതരിപ്പിച്ചത്. നിലവില്‍ ഈ സംവിധാനം ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍ടെല്‍ അടുത്ത രണ്ടാഴ്ച്ച കൊണ്ട് 100% ഉപഭോക്താക്കളേയും ഈ സുരക്ഷാ സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടുവരും.
ഒടിപി തട്ടിപ്പ് തടയാന്‍ എയര്‍ടെല്‍
സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നത് പോലുള്ള ദൈനംദിന സേവനങ്ങള്‍ക്കായുള്ള ഒടിപികളെ തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുകയും ഉപഭോക്താക്കളെ പറ്റിച്ച് ബാങ്ക് ഇടപാടിനുള്ള ഒടിപികള്‍ തട്ടിയെടുക്കുകയും അതിലൂടെ ഉപഭോക്താക്കളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതിന് തടയിടാന്‍ എയര്‍ടെല്ലിന്റെ സംവിധാനത്തിന് സാധിക്കും.
എയര്‍ടെല്ലിന്റെ പുതിയ എഐ അധിഷ്ഠിത സംവിധാനം ഒടിപി തട്ടിപ്പ് സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. തട്ടിപ്പാകാന്‍ സാധ്യതയുള്ള ഇന്‍കമിങ് കോളിന് ഇടയില്‍ ഒരു ബാങ്ക് ഒടിപി ഉപഭോക്താവിന്റെ ഫോണിലേക്ക് വരുന്നുവെന്ന് കണ്ടെത്തിയാല്‍, എയര്‍ടെല്‍ തത്സമയം ഇടപെടുകയും ആ ഒടിപി ഉപയോഗിച്ചുള്ള ബാങ്ക് ഇടപാടിന് അനുമതി നല്കിയാലുള്ള അപകട സാധ്യതയെക്കുറിച്ച് ആ ഫോണ്‍ സംഭാഷണത്തിന് ഇടയില്‍ തന്നെ ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. എഐ അധിഷ്ഠിത ഇന്റലിജന്‍സും മനുഷ്യരുടെ വിവേചനബുദ്ധിയും ചേര്‍ന്നുള്ള ശക്തമായ കൂട്ടുകെട്ട് ഉപഭോക്താക്കള്‍ക്ക് ചിന്തിക്കാനും വെരിഫൈ ചെയ്യാനും അവരുടെ സുരക്ഷയുടെമേല്‍ നിയന്ത്രണം നല്‍കാനും ഉള്ള നിര്‍ണ്ണായകമായ സമയം നല്‍കുകയും ചെയ്യുന്നു. അതിലൂടെ തട്ടിപ്പുകാരുടെ ചൂഷണ സാധ്യതയെ ഇല്ലാതാക്കും.
'ഞങ്ങള്‍ എയര്‍ടെല്ലിനെ സുരക്ഷിതമായ നെറ്റുവര്‍ക്ക് ആക്കുകയെന്ന ദൗത്യത്തിലാണ്. ഒറ്റത്തവണ പാസ്വേഡുകള് (ഒടിപികള്‍) ഡിജിറ്റല്‍ ഇടപാടുകളെ സുരക്ഷിതമാക്കുകയെന്ന അടിസ്ഥാനപരമായ പങ്ക് വഹിക്കുമ്പോള്‍ തന്നെ അവയുടെ കാര്യക്ഷമത ക്രിമിനല്‍ തന്ത്രങ്ങളിലൂടെ പതിവായി അട്ടിമറിക്കപ്പെടുന്നു. അതിനാല്‍, ഞങ്ങള്‍ ബാങ്കിങ് തട്ടിപ്പുകളില്നിന്നുള്ള സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് രൂപകല്പന ചെയ്ത എയര്‍ടെല്ലിന്റെ അധുനിക നെറ്റുവര്‍ക്ക് ലെയര്‍ അവതരിപ്പിക്കുന്നു,' എയര്‍ടെല്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ശാശ്വത് ശര്‍മ്മ ഈ സംരംഭത്തെക്കുറിച്ച് പറഞ്ഞു.



