25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബിഎസ്എന്‍എല്‍ കേരളത്തിലെ സിം വരിക്കാര്‍ക്കായി 225 രൂപയുടെ പ്രത്യേക റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. 225 രൂപ റീചാര്‍ജില്‍ ഡാറ്റ, കോള്‍, എസ്എംഎസ് ആനുകൂല്യങ്ങള്‍ ബിഎസ്എന്‍എല്‍ നല്‍കുന്നു.

ദില്ലി: പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) 225 രൂപയുടെ സില്‍വര്‍ ജൂബിലി സ്‌പെഷ്യല്‍ റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. 30 ദിവസത്തെ വാലിഡിറ്റിയില്‍ ഡാറ്റ, കോള്‍, എസ്എംഎസ് ആനുകൂല്യങ്ങള്‍ സഹിതമാണ് ബിഎസ്എന്‍എല്ലിന്‍റെ ഈ റീചാര്‍ജ് പ്ലാന്‍ വരുന്നത്. ഇന്ത്യന്‍ ടെലികോം രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് പുത്തന്‍ റീചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കിയിരിക്കുന്നത്. കേരള സര്‍ക്കിളിലുള്ള ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഈ റീചാര്‍ജ് പ്ലാന്‍ ലഭ്യമായിരിക്കും.

ബിഎസ്എന്‍എല്‍ 225 രൂപ റീചാര്‍ജ് പ്ലാന്‍

ബിഎസ്എന്‍എല്‍ സ്ഥാപനത്തിന്‍റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തില്‍ സിം ഉപഭോക്താക്കള്‍ക്ക് 225 രൂപയുടെ പ്രത്യേക റീചാര്‍ജ് പ്ലാന്‍ പുറത്തിറക്കിയത്. ദിവസവും 2.5 ജിബി ഡാറ്റ ഈ പ്ലാനിനൊപ്പം ബിഎസ്എന്‍എല്‍ നല്‍കുന്നു. ഇതിന് പുറമെ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും പരിധികളില്ലാതെ കോളുകളും വിളിക്കാം. ദിവസവും 100 സൗജന്യ എസ്എംഎസുകളും ബിഎസ്എന്‍എല്‍ നല്‍കുന്നു. 30 ദിവസമാണ് 225 രൂപയുടെ പുത്തന്‍ റീചാര്‍ജിന് വാലിഡിറ്റി ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആനുകൂല്യങ്ങളെല്ലാം കൂടി ചേരുമ്പോള്‍ ദിവസം 7.50 രൂപ മാത്രമേ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ചിലവാകുകയുള്ളൂ. ഓഫര്‍ ലഭിക്കാനായി ബിഎസ്എന്‍എല്‍ വെബ്‌സൈറ്റ് വഴി റീചാര്‍ജ് ചെയ്യാം.

Scroll to load tweet…

സ്വദേശി 4ജി അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബിഎസ്എന്‍എല്‍ കഴിഞ്ഞ ദിവസം സ്വദേശി 4ജി രാജ്യവ്യാപകമായി ലോഞ്ച് ചെയ്‌തിരുന്നു. ബിഎസ്എൻഎല്ലിന്‍റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 97,500 പുതിയ 4ജി ടവറുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്‌തത്. പൂര്‍ണമായും തദ്ദേശീയമായ സാങ്കേതികവിദ്യയിലാണ് ഈ 4ജി വിന്യാസം ബിഎസ്എന്‍എല്‍ നടത്തിയിരിക്കുന്നത്. 4ജിയിലേക്ക് മാറുന്നതോടെ രണ്ട് ദശലക്ഷം പുതിയ ഉപയോക്താക്കളെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിഎസ്എൻഎല്‍ അധികൃതര്‍. 4ജി വിന്യാസം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് 5ജി ടവറുകളിലേക്കുള്ള അപ്‌ഗ്രേഡും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് തുടങ്ങും. തദ്ദേശീയമായ സാങ്കേതികവിദ്യയില്‍ തന്നെയാണ് ബിഎസ്എന്‍എല്‍ 5ജി നെറ്റ്‌വര്‍ക്കും സ്ഥാപിക്കുക.

Asianet News Live | Malayalam News Live | Kerala News | Breaking News Live | Actor Vijay Rally | TVK