പ്രമുഖ എഐ സ്റ്റാർട്ടപ്പായ ആന്ത്രോപിക്കിൽ ഗൂഗിൾ 10 ബില്യൺ ഡോളറിന്റെ പ്രാരംഭ നിക്ഷേപം പ്രഖ്യാപിച്ചു, ഇത് 40 ബില്യൺ ഡോളർ വരെയായി വർധിക്കാൻ സാധ്യതയുണ്ട്. ആമസോണിന് പിന്നാലെ ആന്ത്രോപിക്കിന് ലഭിക്കുന്ന ഈ വലിയ നിക്ഷേപം, എഐ രംഗത്തെ മത്സരം കടുപ്പിക്കുമെന്ന് ഉറപ്പാണ്.

കാലിഫോര്‍ണിയ: ആഗോള എഐ രംഗത്ത് വീണ്ടും വമ്പൻ നീക്കവുമായി ടെക്ക് ഭീമനായ ഗൂഗിൾ. പ്രമുഖ എഐ സ്റ്റാർട്ടപ്പ് കമ്പനിയായ ആന്ത്രോപിക്കിൽ വൻ നിക്ഷേപം നടത്താനുള്ള പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചത്. പുതിയ കരാറിന്‍റെ ഭാഗമായി, ഗൂഗിൾ ആദ്യഘട്ടത്തിൽ 10 ബില്യൺ ഡോളർ ആന്ത്രോപിക്കില്‍ നിക്ഷേപിക്കും. ഈ പുതിയ കരാറിൽ കമ്പനി ഒപ്പുവച്ചു. പ്രകടന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി 40 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനുള്ള ഓപ്ഷനും ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ആന്ത്രോപിക് സ്വീകരിക്കുന്ന രണ്ടാമത്തെ പ്രധാന നിക്ഷേപമാണ് ഇത് എന്നതാണ് ശ്രദ്ധേയം. കമ്പനി അടുത്തിടെ ആമസോണുമായി 25 ബില്യൺ ഡോളർ കരാറിൽ ഒപ്പുവച്ചിരുന്നു. ഇതോടെ, ലോകത്തിലെ പ്രമുഖ ടെക് കമ്പനികൾ എഐ മേഖലയിലെ മത്സരത്തിൽ ആന്ത്രോപിക്കിനെ പ്രധാന പങ്കാളിയായി കാണുന്നതായി വ്യക്തമാണ്.

ആന്ത്രോപിക്കിന്‍റെ ഏറ്റവും ശക്തമായ എഐ മോഡൽ ആയ ക്ലോഡ് മിത്തോസ് ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമല്ല. അതിന്‍റെ ഉയർന്ന ശേഷിയും ചെലവും കാരണം ഇത് വ്യാപകമായി പുറത്തിറക്കുന്നതിൽ കമ്പനി സൂക്ഷ്‍മ സമീപനം സ്വീകരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം,ക്ലോഡ് കോഡ്, ക്ലോഡ് കോവർക്ക് തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിൽ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

ഗൂഗിൾ ആന്ത്രോപിക്കിന്‍റെ നേരിട്ടുള്ള എതിരാളിയാണ്. ഗൂഗളിന്‍റെ ജെമിനി എന്ന എഐ മോഡൽ ആന്ത്രോപിക്കുമായി മത്സരിക്കുന്നു. എങ്കിലും ഗൂഗിൾ ക്ലൌഡ് പ്ലാറ്റ്ഫോം വഴിയും ടിപിയു ചിപുകൾ വഴിയും ആന്ത്രോപിക്കിന്‍റെ പ്രധാന ഇൻഫ്രാസ്ട്രക്ചർ പങ്കാളിയുമാണ് ഗൂഗിൾ. ഈ ബന്ധം എഐ മേഖലയിലെ സഹകരണവും മത്സരവും ഒരുമിച്ച് നിലനിൽക്കുന്ന പുതിയ പ്രവണതയെയാണ് സൂചിപ്പിക്കുന്നത്.

ബ്ലൂംബർഗ് റിപ്പോർട്ടുകൾ പ്രകാരം, ആന്ത്രോപിക്കിന്റെ നിലവിലെ മൂല്യനിർണയം ഏകദേശം 350 ബില്യൺ ഡോളറാണ്. എന്നാൽ, 800 ബില്യൺ ഡോളറിന് മുകളിലുള്ള മൂല്യനിർണയത്തിൽ നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നവരും ഉണ്ടെന്നാണ് സൂചന.

കമ്പനിയുടെ വരുമാനം 2025 അവസാനം 9 ബില്യൺ ഡോളറായിരുന്നത് 2026-ൽ 30 ബില്യൺ ഡോളറിന് മുകളിലേക്ക് ഉയർന്നതും ശ്രദ്ധേയമാണ്. എഐ സേവനങ്ങളുടെ ഉയർന്ന ആവശ്യകതയെത്തുടർന്ന്, ഇൻഫ്രാസ്ട്രക്ചർ വികസനം ആന്ത്രോപിക്കിന് പ്രധാന വെല്ലുവിളിയായിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി, കമ്പനി കോർവേവ് പോലുള്ള സ്ഥാപനങ്ങളുമായി ഡാറ്റ സെന്റർ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. എഐ മേഖലയിൽ ഭാവി നിർണയിക്കുന്ന ഈ നിക്ഷേപ നീക്കങ്ങൾ, ടെക് ലോകത്ത് കൂടുതൽ കടുത്ത മത്സരം ഉണ്ടാക്കുമെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News