ഗൂഗിളിന്‍റെ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏപ്രില്‍ മാസത്തെ അപ്‌ഡേറ്റിന് ശേഷം ബാറ്ററി അതിവേഗം തീരുന്നതായി വ്യാപകമായ പരാതി. ഫോണ്‍ ഉപയോഗത്തിലില്ലാത്തപ്പോഴും ചാര്‍ജ് കുറയുന്ന ഈ പ്രശ്നം ഗൂഗിള്‍ പരിശോധിച്ച് വരികയാണെന്നും അടുത്ത അപ്‌ഡേറ്റില്‍ പരിഹാരം പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തിരുവനന്തപുരം: ഗൂഗിളിന്‍റെ പിക്‌സല്‍ സ്‌മാര്‍ട്ട്‌ഫോണുകളില്‍ 2026 ഏപ്രിലിലെ അപ്‌ഡേറ്റിന് ശേഷം ബാറ്ററി ചോര്‍ച്ചയുള്ളതായി റിപ്പോര്‍ട്ട്. അപ്‌ഡേറ്റ് കഴിഞ്ഞതിന് ശേഷം ബാറ്ററി പെട്ടെന്ന് തീരുന്നതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നതായി 9To5Google റിപ്പോര്‍ട്ട് ചെയ്‌തു. ഈ പ്രശ്‌നത്തിന് കാരണം എന്താണെന്ന് ഗൂഗിള്‍ പരിശോധിച്ചുവരികയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ബാറ്ററി പ്രശ്‌നം

ഏപ്രില്‍ മാസത്തെ അപ്‌ഡേറ്റിന് ശേഷം പിക്‌സല്‍ ഫോണുകളിലെ ബാറ്ററിയുടെ ചാര്‍ജ് വേഗം തീരുന്നതായി നൂറുകണക്കിന് ഉപഭോക്താക്കളാണ് പരാതിപ്പെട്ടത്. അതിനാല്‍ തന്നെ പ്രശ്‌നം വളരെ പ്രാധാന്യത്തോടെ ഇതിനെ ഗൂഗിള്‍ ഇഷ്യൂ ട്രാക്കര്‍ കാണുന്നു. വളരെ കുറച്ച് സമയത്തിനുള്ളില്‍ ഇത്രയധികം പരാതികള്‍ ഉയര്‍ന്നത് ബാറ്ററി പ്രശ്‌നം വ്യാപകമാണ് എന്ന് വ്യക്തമാക്കുന്നു. ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലെ പരാതിയെ കുറിച്ച് റെഡ്ഡിറ്റ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരാതികള്‍ കാണാം.

പിക്‌സല്‍ ഫോണ്‍ ഉപയോഗത്തിലില്ലാത്തപ്പോഴും സ്‌ക്രീന്‍ ഓഫായിരിക്കുമ്പോഴും പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ ഫോണില്‍ നടക്കുന്നതും, അതിനാല്‍ ബാറ്ററി വേഗം തീരുന്നതുമാണ് പ്രധാന പ്രശ്‌നം. ഫോണ്‍ ഫ്ലൈറ്റ് മോഡിലായിരിക്കുമ്പോഴും ചാര്‍ജ് തീരുന്നതായും പരാതികളില്‍ പറയുന്നു. അതിനാല്‍ തന്നെ, ഈ ബാറ്ററി പ്രശ്‌നം നെറ്റ്‌വര്‍ക്ക് യൂസേജുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തം. സ്ക്രീന്‍-സമയം മുമ്പത്തേക്കാള്‍ നേര്‍പകുതിയായി കുറഞ്ഞിട്ടും ബാറ്ററി ശൂന്യമാവുന്നതായും ചില പരാതികളില്‍ പറയുന്നു. ഈ സങ്കീര്‍ണ പ്രശ്‌നം ഏപ്രില്‍ 14-നാണ് ഗൂഗിളിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. പ്രശ്‌നം നേരിടുന്ന ഉപഭോക്താക്കള്‍ ബഗ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗൂഗിള്‍ ആവശ്യപ്പെട്ടിരുന്നു.

പ്രശ്‌നത്തിന് എപ്പോള്‍ പരിഹാരമാകും? 

എന്താണ് പിക്‌സല്‍ ഫോണുകള്‍ നേരിടുന്ന ഈ ബാറ്ററി പ്രശ്‌നത്തിന് കാരണമെന്ന് ഗൂഗിള്‍ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഈ പ്രശ്‌നത്തിന് പരിഹാരം എപ്പോഴുണ്ടാകും എന്നും വ്യക്തമല്ല. എങ്കിലും, ഗൂഗിളിന്‍റെ അടുത്ത അപ്‌ഡേറ്റില്‍ പരിഹാരം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് മാസത്തിലെ പിക്‌സല്‍ അപ്‌ഡേറ്റില്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ ഗൂഗിളില്‍ നിന്നുള്ള അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍. ബാറ്ററി സംബന്ധമായ പ്രശ്‌നം ഗൂഗിള്‍ പിക്‌സല്‍ ഉപഭോക്താക്കള്‍ നേരിടുന്നത് ഇതാദ്യമല്ല. മുമ്പത്തെ അപ്‌ഡേറ്റുകളിലും സമാനമായി പ്രശ്‌നം ഉയര്‍ന്നിരുന്നു. തുടര്‍ന്നുള്ള അപ്‌ഡേറ്റുകളില്‍ ഈ പ്രശ്‌നം പരിഹരിക്കുകയാണ് അന്ന് ഗൂഗിള്‍ ചെയ്‌തത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News